രമേശ് ചെന്നിത്തലയെ വഴിയാധാരമാക്കി വി ഡി സതീശൻ പ്രതിപക്ഷ നേതാവായത് ഹൈക്കമാൻഡിൻ്റെ ഇംഗിതവും മറി കടന്നാണെന്ന് ഒരു വെളിപ്പെടുത്തൽ കൂടി വന്നിട്ടുണ്ട്. ഭൂരിപക്ഷം കോൺഗ്രസ് എംഎൽഎമാരുടെ പിന്തുണ ഉണ്ടായിട്ടും ചെന്നിത്തലയെ പിന്നിൽ നിന്നു കുത്തി വീഴ്ത്തിയാണ് സതീശൻ പ്രതിപക്ഷ നേതാവ് പദവി കൈക്കലാക്കിയത്. ആ സത്യം തുറന്നു പറഞ്ഞത് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയാണ്. “കാലം സാക്ഷി ” എന്ന അദ്ദേഹത്തിൻ്റെ ആത്മകഥയിലൂടെ ഈ വെളിപ്പെടുത്തൽ വന്നിട്ട് ദിവസങ്ങളായി. അങ്ങനൊരു ആത്മകഥ ഇറങ്ങിയ കാര്യമേ അറിയാത്ത മട്ടിലാണ് സതീശൻ. ആ ചതിയുടെ ക്രെഡിറ്റ് സതീശൻ മറ്റാർക്കും കൊടുത്തിട്ടുമില്ല.
സോളാർ കേസ് മുഖ്യമന്ത്രിക്കസേരയിലേക്കുള്ള പാലമാക്കി നിരാശനായ തിരുവഞ്ചൂർ രാധാകൃഷ്ണനാകട്ടെ ഒന്നുമറിയാപ്പാവമായി നടക്കുകയാണ്. ആഭ്യന്തര വകുപ്പ് രമേശ് ചെന്നിത്തലക്ക് കൊടുക്കേണ്ടി വന്നതിൻ്റെ ദേഷ്യമൊന്നും തനിക്കില്ലെന്ന് തിരുവഞ്ചൂർ അഭിനയിച്ചു കാണിക്കുന്നുമുണ്ട്. പ്രതിപക്ഷ നേതാവായി തീരുമാനിച്ചിട്ടും ചെന്നിത്തലയെ കാലുവാരിയതിനു പിന്നിൽ ആ കുടിപ്പകയും ഉണ്ടെന്നത് മറ്റൊരു രഹസ്യം.
ഭൂരിപക്ഷ എംഎൽഎമാരുടെ പിന്തുണ രമേശ് ചെന്നിത്തലയ്ക്കായിരുന്നു എന്ന ഉമ്മൻചാണ്ടിയുടെ പരാമർശത്തിൻ്റെ വിശദാംശം അറിയില്ലെന്നാണ് തിരുവഞ്ചൂരിൻ്റെ കരച്ചിൽ. ഉമ്മൻചാണ്ടിയുടെ പുസ്തകത്തിലുള്ള കാര്യമാണത്. അദ്ദേഹത്തിനേ അതറിയാൻ സാധിക്കൂ. വിശദാംശങ്ങൾ വെളിപ്പെടുത്താൻ ഇനി അവസരമില്ലല്ലോ എന്ന് തിരുവഞ്ചൂർ ആശ്വാസ നിശ്വാസവും വിടുന്നുണ്ട്.
“കാലം സാക്ഷി ” എന്ന ആത്മകഥയുടെ രചയിതാവ് തന്നെയാണ് സതീശൻ ഹൈക്കമാൻഡിനു കൂടി പാര വെച്ച വിവരം വെളിപ്പെടുത്തുന്നത്. അതാകട്ടെ ഗ്രന്ഥകർത്താവിനോട് ഉമ്മൻ ചാണ്ടി തന്നെ പറഞ്ഞ കാര്യം. സതീശൻ ഹൈക്കമാൻഡിൻ്റെ പാലം വലിച്ച കഥ പറഞ്ഞെങ്കിലും ആത്മകഥയിൽ അത് വേണ്ടെന്നായിരുന്നു ഉമ്മൻ ചാണ്ടിയുടെ നിർബന്ധം.
പ്രതിപക്ഷ നേതാവ് സ്ഥാനത്തേക്ക് രമേശ് ചെന്നിത്തലക്കായിരുന്നു ഉമ്മൻചാണ്ടി അടക്കമുള്ളവരുടെ പിന്തുണ. ആദ്യഘട്ടത്തിൽ ഹൈക്കമാൻഡും ഇത് അനുകൂലിച്ചു. എന്നാൽ അവസാന നിമിഷം കാര്യങ്ങൾ മാറി മറിഞ്ഞു. ഒളിപ്പോര് നടത്തിയ സതീശൻ ഓർക്കാപ്പുറത്ത് ഹൈക്കമാൻഡിൻ്റെ നോമിനിയായി. കെ സി വേണുഗോപാൽ വഴിയായിരുന്നു സതീശൻ്റെ ഓപ്പറേഷൻ. കേരള രാഷ്ട്രീയത്തിലേക്ക് വീണ്ടും കടന്നുവരാൻ തക്കം നോക്കിയിരിക്കുകയാണ് വേണുഗോപാൽ. ചെന്നിത്തലയെ ഒഴിവാക്കിയാൽ വേണുഗോപാലിന് എളുപ്പത്തിൽ വഴി തുറക്കാം എന്ന സതീശൻ്റെ ചൂണ്ടയിൽ വേണുഗോപാൽ കൊത്തി എന്നാണ് കോൺഗ്രസിലെ അരമന രഹസ്യം. ചെന്നിത്തലയെ പ്രവർത്തക സമിതിയിൽ ഉൾപ്പെടുത്താതിരിക്കാൻ ചരടുവലിച്ചതിലെ പ്രധാനികളും ഇവർ തന്നെ. സോളാർ കേസ് വീണ്ടും കുത്തിപ്പൊക്കിയത് സതീശൻ്റെ കുടില ബുദ്ധിയാണ്. ഇതിനു പിന്നിൽ കെ സി വേണുഗോപാലിന് കെണിയൊരുക്കാനുള്ള സതീശൻ്റെ പദ്ധതി കൂടി ഉണ്ടായിരുന്നു എന്നാണ് കര വർത്തമാനം.
ചെന്നിത്തലയെ പ്രതിപക്ഷ നേതാവാക്കണമെന്ന് ഉമ്മൻചാണ്ടിക്കും ശാഠ്യമില്ലായിരുന്നു എന്നാണ് ആത്മകഥാകാരൻ പറയുന്നത്. മറ്റാരെയെങ്കിലും താൽപ്പര്യമുണ്ടോയെന്ന് ബന്ധപ്പെട്ടവരോട് ഉമ്മൻ ചാണ്ടി ചോദിച്ചതാണ്. ഇല്ലെന്നായിരുന്നു മറുപടി. അങ്ങനെയൊരു നിർദേശം ഹൈക്കമാൻഡിൽ നിന്നില്ലെന്നും ഉണ്ടെങ്കിൽ ചോദിച്ചിട്ട് പറയാമെന്നും കെ സി വേണുഗോപാലും ഉമ്മൻചാണ്ടിയെ ധരിപ്പിച്ചു. പിന്നീട് മറിച്ചൊന്നും പറഞ്ഞിട്ടില്ല. കേശവദാസപുരത്തുള്ള കെ സി വേണുഗോപാലിൻ്റെ വീട്ടിൽ പോയാണ് ഉമ്മൻചാണ്ടി സംസാരിച്ചത്. അന്ന് കേരളത്തിലെത്തിയ മല്ലികാർജുൻ ഖാർഗെയോടും സംസാരിച്ചു. ആർക്കാണോ ഭൂരിപക്ഷ പിന്തുണ, അവരാകട്ടെ എന്ന നിലപാടായിരുന്നു മല്ലികാർജൻ ഖാർഗെയ്ക്കും ഹൈക്കമാൻഡിനും .
മറിച്ചൊരു തീരുമാനം ഉണ്ടായത് മല്ലികാർജുൻ ഖാർഗെയെയും അത്ഭുതപ്പെടുത്തിയിരുന്നു. പ്രതിപക്ഷ നേതാവ് എന്ന നിലയിൽ രമേശ് ചെന്നിത്തല മോശമല്ലാത്ത പ്രകടനമാണ് കാഴ്ചവച്ചത് എന്നു തന്നെയായിരുന്നു വിലയിരുത്തൽ. യുഡിഎഫിന്റെ തോൽവിയുടെ പേരിൽ ചെന്നിത്തലയെ മാറ്റേണ്ട എന്നായിരുന്നു കോൺഗ്രസ് നേതൃത്വത്തിലെ പൊതു ധാരണ. എന്നിട്ടും ഓർക്കാപ്പുറത്ത് ചെന്നിത്തല പുറത്തായി. പാഴായ ഭൂരിപക്ഷം എന്ന അധ്യായത്തിലാണ് സതീശൻ്റെ അധികാരത്തോടുള്ള ആർത്തിയും ചതിപ്രയോഗവും ഉമ്മൻ ചാണ്ടി തുറന്നു കാണിച്ചത്.