ഉമ്മൻ ചാണ്ടിയെ താഴെയിറക്കി മുഖ്യമന്ത്രി പദം കൈക്കലാക്കാൻ അന്ന് ആഭ്യന്തരമന്ത്രിയായിരുന്ന തിരുവഞ്ചൂർ രാധാകൃഷ്ണൻ നടത്തിയ നീക്കങ്ങൾ വെളിപ്പെടുത്തി ടെനി ജോപ്പൻ. മുഖ്യമന്ത്രിയായിരിക്കെ ഉമ്മൻചാണ്ടിയുടെ പേഴ്സണൽ അസിസ്റ്റന്റായിരുന്ന ജോപ്പൻ അദ്ദേഹത്തിൻ്റെ സന്തത സഹചാരി കൂടിയായിരുന്നു. ഉമ്മൻചാണ്ടി അറിയാതെ തന്നെ അറസ്റ്റ് ചെയ്തത് ഈ അട്ടിമറി നീക്കങ്ങളുടെ ഭാഗമായിരുന്നെന്ന ഗുരുതര ആരോപണവും ജോപ്പൻ ഉന്നയിച്ചു. മുഖ്യമന്ത്രി ആവുകയായിരുന്നു തിരുവഞ്ചൂരിൻ്റെ ലക്ഷ്യമെന്നും അറസ്റ്റിനെക്കുറിച്ച് അറിഞ്ഞില്ലെന്ന് ഇപ്പോൾ പറയുന്നത് കള്ളമാണെന്നും മനോരമ ഓൺലൈനിനോട് ജോപ്പൻ വെളിപ്പെടുത്തി. അതേ സമയം ജോപ്പൻ്റെ വെളിപ്പെടുത്തൽ മനോരമ പത്രം തമസ്കരിക്കുകയും ചെയ്തു.
സോളാർ കേസിൽ തനിക്ക് പങ്കുണ്ടെന്ന വാർത്തകൾ വന്നതോടെ 2013 ജൂണിൽ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് രാജിവെച്ചതായാണ് ജോപ്പൻ പറയുന്നത്. ഉമ്മൻചാണ്ടി ബഹ്റൈനിലേക്ക് പോയപ്പോഴാണ് കോട്ടയം ഡിവൈഎസ്പി തന്നെ ചോദ്യം ചെയ്യാൻ വിളിപ്പിക്കുന്നത്. എഡിജിപി ഹേമചന്ദ്രനും തിരുവനന്തപുരം, ചെങ്ങന്നൂർ, കോട്ടയം ഡിവൈഎസ്പിമാരുമാണ് ചോദ്യം ചെയ്യാനെത്തിയത്. വൈകിട്ടോടെ അറസ്റ്റ് ചെയ്തതായി എ ഹേമചന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു. ഇതിന് പിന്നിൽ തിരുവഞ്ചൂരായിരുന്നു. മുഖ്യമന്ത്രി ഇക്കാര്യം അറിഞ്ഞിരുന്നില്ലെന്ന് തനിക്കുറപ്പുണ്ട്.
തിരുവഞ്ചൂരും ഹേമചന്ദ്രനും ഒത്തുകളിച്ചായിരുന്നു അറസ്റ്റ്. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിക്കും മറ്റ് ചിലർക്കും ഇതിൽ പങ്കുണ്ടായിരുന്നു. മന്ത്രിമാരുടെ സ്റ്റാഫിൽ കയറിപ്പറ്റാനുള്ള ഒരു കോക്കസ് സെക്രട്ടറിയേറ്റിൽ പ്രവർത്തിക്കുന്നുണ്ട്. അവരും ഇതിന് പിന്നിൽ കരുക്കൾ നീക്കി. വഞ്ചനാക്കുറ്റമാണ് തനിക്കെതിരെ ചുമത്തിയത്. 65 ദിവസം ജയിലിൽ കിടന്നു. ജാമ്യത്തിന് ശ്രമിക്കരുതെന്ന് അന്നത്തെ അഡ്വക്കേറ്റ് ജനറൽ തന്റെ വക്കീലിനോട് ആവശ്യപ്പെട്ടിരുന്നു. ആഭ്യന്തര മന്ത്രി അറിയാതെ തൻ്റെ അറസ്റ്റ് നടക്കില്ല. തന്നെ അറസ്റ്റ് ചെയ്താൽ മുഖ്യമന്ത്രി വിദേശത്ത് നിന്ന് വരുമ്പോൾ അദ്ദേഹം രാജിവെക്കേണ്ടി വരും. അങ്ങിനെ തിരുവഞ്ചൂരിന് മുഖ്യമന്ത്രിയാകാൻ കഴിയും എന്നായിരുന്നു കണക്കുകൂട്ടൽ.
പാലക്കാട് കിൻഫ്ര പാർക്കിൽ മൂന്ന് മെഗാവാട്ടിൻ്റെ പ്ലാന്റ് സ്ഥാപിക്കാമെന്ന് വാഗ്ദാനം ചെയ്ത് 40 ലക്ഷം രൂപ തട്ടിയെടുത്തു എന്ന കേസാണ് ജോപ്പനെതിരെ എടുത്തത്.
തൻ്റെ പഴ്സണൽ സ്റ്റാഫ് അംഗമായ ജോപ്പനെ അറസ്റ്റ് ചെയ്യുന്ന കാര്യം ആഭ്യന്തര മന്ത്രിയായിരുന്ന തിരുവഞ്ചൂർ രാധാകൃഷ്ണൻ തന്നെ അറിയിച്ചിരുന്നില്ലെന്ന് ആത്മകഥയായ “കാലം സാക്ഷി” യിൽ ഉമ്മൻ ചാണ്ടി വെളിപ്പെടുത്തിയിരുന്നു. ഉമ്മൻ ചാണ്ടിയുമായി ആലോചിച്ച ശേഷമാണ് ജോപ്പനെ അറസ്റ്റ് ചെയ്തതെന്ന വി ഡി സതീശൻ്റെയും തിരുവഞ്ചൂരിൻ്റെയും വാദം ആത്മകഥ പുറത്തുവന്നതോടെ പൊളിഞ്ഞു. ഇതു സംബന്ധിച്ച വിവാദം കത്തി നിൽക്കുന്നതിനിടയിലാണ് മുഖ്യമന്ത്രി പദത്തിൽ കണ്ണു വെച്ച് തിരുവഞ്ചൂർ രാധാകൃഷ്ണൻ നടത്തിയ അട്ടിമറി നീക്കത്തെക്കുറിച്ചുള്ള ജോപ്പൻ്റെ വെളിപ്പെടുത്തൽ.