തിരുവനന്തപുരം: സഹകരണ മേഖലയിലാകെ കള്ളപ്പണം എന്ന തെറ്റായ സന്ദേശം നൽകി കേരളത്തിലെ സഹകരണ പ്രസ്ഥാനത്തിൻ്റെ വിശ്വാസ്യത തകർക്കാനുള്ള ആസൂത്രിത പദ്ധതിയാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെ ഉപയോഗിച്ച് കേന്ദ്ര സർക്കാർ നടപ്പാക്കുന്നതെന്ന് സഹകരണ മന്ത്രി വി എൻ വാസവൻ പറഞ്ഞു.
കേരളത്തിൻ്റെ സമ്പദ്ഘടനയിൽ നിർണ്ണായക സ്വാധീനമാണ് സഹകരണ സംഘങ്ങൾക്കുള്ളതെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. ഗ്രാമീണ സമ്പദ് വ്യവസ്ഥയുടെ അത്താണിയായി പ്രവർത്തിക്കുന്ന സഹകരണ മേഖലയിലെ നിക്ഷേപം 2.5 ലക്ഷം കോടിയാണ്. 1.86 ലക്ഷം കോടി രൂപ വായ്പ കൈകാര്യം ചെയ്യുന്നു. സംസ്ഥാനത്തെ ബാങ്കിംഗ് പ്രവർത്തനത്തിൻ്റെ 40 ശതമാനത്തിലേറെയും സഹകരണ ബാങ്കുകളാണ് കൈകാര്യം ചെയ്യുന്നത്. ഈ സംവിധാനത്തെ തകർക്കുക എന്ന ലക്ഷ്യത്തോടെയാണ് സഹകരണ സംഘങ്ങൾക്ക് മേൽ ഇപ്പോൾ കേന്ദ്ര സർക്കാരിന്റെ ഒത്താശയോടെ ഇ ഡി നടത്തുന്ന പരിശോധനകൾ.
ജനാധിപത്യ. രീതിയിൽ പ്രവർത്തിക്കുന്ന സുശക്തമായ സംവിധാനമാണ് കേരളത്തിലെ പ്രാഥമിക വായ്പാ സംഘങ്ങളുടേത്. ശക്തമായ ഭരണസമിതിയും, കാര്യക്ഷമമായ ഉദ്യോഗസ്ഥവൃന്ദവുമാണ് ഓരോ സഹകരണ സംഘത്തിന്റെയും ശക്തി. രാഷ്ട്രീയ ലക്ഷ്യത്തോടെ ചില നിക്ഷിപ്ത താത്പര്യക്കാർ നടത്തുന്ന കുപ്രചരണമാണ് ഇപ്പോൾ ഇ ഡി ഏറ്റെടുത്തിരിക്കുന്നത്. കേരളത്തിലെ സഹകരണ ബാങ്കുകളിൽ കള്ളപ്പണമുണ്ടെന്ന് നോട്ടു നിരോധനകാലത്ത് ആരോപണം ഉയർത്തിയിരുന്നു. എന്നാൽ നബാർഡ്യം ആദായ നികുതി വകുപ്പുമൊക്കെ വിശദമായ പരിശോധന നടത്തിയെങ്കിലും ഒരു പ്രശ്നവും കണ്ടെത്താനായില്ല. ഇപ്പോൾ കരുവന്നൂർ സഹകരണ ബാങ്കുമായി ബന്ധപ്പെട്ട കേസിനു പിന്നാലെ ഇ ഡി നടത്തുന്ന പരിശോധന പരമ്പരകൾ കേരളത്തിലെ സഹകരണ പ്രസ്ഥാനത്തോടുള്ള വെല്ലുവിളിയാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.
സഹകരണ മേഖലയിൽ ഏതെങ്കിലും തരത്തിലുള്ള അനഭിലഷണീയ പ്രവർത്തനങ്ങളുണ്ടെങ്കിൽ അതിനെതിരെ നടപടി സ്വീകരിക്കുന്നത് ആരും എതിർക്കുന്നില്ല. എന്നാൽ അതിൻ്റെ മറവിൽ സഹകരണ മേഖലയിലാകെ കുഴപ്പമാണെന്ന് പ്രതീതി വരുത്തുന്നത് തെറ്റായ പ്രവണതയാണ്. ഇത് സഹകരണ മേഖലയിലെ നിക്ഷേപകരിലും ഇടപാടുകാരിലും ഭീതി വളർത്താനേ സഹായിക്കൂ.
സഹകരണ സംഘങ്ങളിലെ നിക്ഷേപങ്ങൾക്ക് എന്നും സർക്കാരിന്റെ ഗ്യാരന്റിയുണ്ടെന്ന് മന്ത്രി പറഞ്ഞു. സഹകരണ ബാങ്കുകളിലെ ഒരു നിക്ഷേപവും ഒരു കാരണവശാലും നഷ്ടമാകില്ല. എല്ലാ സംഘങ്ങളും എപ്പോഴും നിക്ഷേപം തിരികെ നൽകാൻ കഴിയുന്ന തരത്തിൽ ആവശ്യമായ ലിക്വഡിറ്റി ഉറപ്പാക്കുന്നുണ്ട്. സഹകരണ ബാങ്കുകളിലെ നിക്ഷേപത്തിന് നിക്ഷേപ ഗ്യാരണ്ടി ബോർഡുണ്ട്. ഇതിനു പുറമേ സഹകരണ വകുപ്പ് സഹകരണ പുനരുദ്ധാരണ നിധി ആവിഷ്ക്കരിച്ചിട്ടുണ്ട്. ഇത്തരത്തിൽ നിക്ഷേപങ്ങൾക്ക് ഏറ്റവും വലിയ പരിരക്ഷ നൽകുന്ന സംസ്ഥാനമാണ് കേരളം.
സഹകരണ മേഖലയിൽ ചില ഒറ്റപ്പെട്ട അനഭിലഷണീയ പ്രവണതകൾ കടന്നു വരുന്ന കാര്യം വിസ്മരിക്കുന്നില്ല. അതിനെ ശക്തമായി ചെറുക്കുന്നതിനുള്ള നടപടികൾ സഹകരണ വകുപ്പ് സ്വീകരിക്കുന്നുണ്ട്. കഴിഞ്ഞ നിയമസഭാ സമ്മേളനത്തിൽ ഏക കണ്ഠമായി പാസ്സാക്കിയ നിയമഭേദഗതിയിൽ ഇതിനുള്ള ഒട്ടേറെ നിർദ്ദേശങ്ങൾ ഉൾക്കൊള്ളുന്നുണ്ട്. സഹകരണ സംഘങ്ങളിലെ ഓഡിറ്റ് സംവിധാനം ശക്തമാക്കുന്നതിന് ടീം ഓഡിറ്റ് സംവിധാനം കൊണ്ടുവന്നു. ഓഡിറ്റിൽ കണ്ടെത്തുന്ന ന്യൂനതകൾ പരിശോധിച്ച് ശക്തമായ നടപടി കൈക്കൊള്ളും. പ്രാഥമിക സഹകരണ സംഘങ്ങൾക്ക് ഏകീകൃത സോഫ്റ്റ് വെയറിന് അംഗീകാരം നൽകി. ഓഡിറ്റ് റിപ്പോർട്ടിലെ ന്യൂനത, ഭരണസമിതി അംഗങ്ങളും ജീവനക്കാരും അവരുടെ ബന്ധുക്കളും സംഘങ്ങളിൽ നിന്നും എടുത്തിട്ടുള്ള വായ്പ ബാദ്ധ്യതകൾ എന്നിവ ജനറൽ ബോഡിയിൽ വയ്ക്കുന്നതിനു് വ്യവസ്ഥ ഉൾപ്പെടുത്തിയിട്ടുണ്ട്. ഓഡിറ്റിലും പരിശോധനകളിലും ക്രിമിനൽ സ്വഭാവമുള്ള കേസുകൾ കണ്ടെത്തുമ്പോൾ അത് പോലീസിനും അഴിമതി നിരോധന നിയമപ്രകാരം ക്രൈംബ്രാഞ്ചിനും കൈമാറാനും വ്യവസ്ഥ ചെയ്തിട്ടുണ്ട്. ശക്തമായ ഭരണ-നിയമ സംവിധാനങ്ങൾ നടപ്പാക്കി മുന്നോട്ട് പോകുമ്പോൾ അതിനെതിരെ ബോധപൂർവ്വമായ നീക്കമാണ് ഇ ഡി യും മറ്റും നടത്തുന്നത്. തികഞ്ഞ രാഷ്ട്രീയ ലക്ഷ്യമാണ് ഇതിനു പിന്നിലെന്ന് ഓരോ ദിവസം കഴിയുന്തോറും വ്യക്തമാവുകയാണ്.
സഹകരണ സംഘങ്ങളിലാകെ കള്ളപ്പണമാണ് എന്ന ധാരണ പരത്തുകയാണ് ലക്ഷ്യം. നോട്ടു നിരോധന കാലത്ത് ഇ ഡി സ്വീകരിച്ച അതേ നയം തന്നെയാണ് ഇപ്പോഴത്തെ നീക്കത്തിന് പിന്നിലുമുള്ളത്. നോട്ടു നിരോധനകാലത്ത് കേന്ദ്രം ഉയർത്തിയ എല്ലാ വെല്ലുവിളികളേയും നിയമപരമായും ജനകീയപ്രക്ഷോഭങ്ങളിലൂടേയും ഭരണ പ്രതിപക്ഷ ഐക്യത്തിലൂടെയുമാണ് കേരളം ചെറുത്തത്. കേന്ദ്ര സഹകരണ മന്ത്രാലയത്തിൻ്റെ പല നയങ്ങളോടും വിയോജിപ്പ് പ്രകടിപ്പിക്കുന്ന സമീപനമാണ് കേരളം സ്വീകരിക്കുന്നത്. സംസ്ഥാന വിഷയമായ സഹകരണ രംഗത്ത് ഭരണഘടന വിഭാവനം ചെയ്യുന്ന ഫെഡറൽ തത്വങ്ങൾ ലംഘിച്ച് ഇടപെടുന്ന കേന്ദ്ര നിലപാടുകൾക്കെതിരെ കേരളം ശക്തമായ ചെറുത്തുനിൽപ്പാണ് ഉയർത്തുന്നത്. ഇതു സംബന്ധിച്ച് സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ കേസ് ഫയൽ ചെയ്തിട്ടു മുണ്ട്. ഇതിലുള്ള പ്രതികാര നടപടി കൂടിയാണ് ഇ ഡി യെ ഉപയോഗിച്ച് ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്ന പരിശോധനകൾ. ഇതിനെതിരെ സഹകാരി സമൂഹത്തിൽ നിന്ന് ശക്തമായ പ്രതിഷേധം ഉയരണം. നോട്ടുനിരോധനകാലത്ത്ഉയർത്തിയ ചെറുത്തു നിൽപ്പ് ഇപ്പോഴും തുടരണം. സഹകരണമേഖലയെ തകർക്കാൻ ശ്രമിക്കുന്ന പ്രതിലോമ ശക്തികളെ ഒറ്റപ്പെടുത്തണമെന്നും മന്ത്രി അഭ്യർഥിച്ചു.