തിരുവനന്തപുരം: നിപ കൂടുതൽ ആളുകളിലേക്ക് പകരുന്നില്ല എന്നത് ആശ്വാസകരമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഭീക്ഷണി ഒഴിഞ്ഞിട്ടില്ല. വ്യാപനം തടയുന്നതിനും രോഗബാധിതർക്ക് മികച്ച ചികിത്സയ ഉറപ്പാക്കുന്നതിനും ഫലപ്രദമായ നടപടിയുമായാണ് സർക്കാർ മുന്നോട്ട് പോകുന്നതെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
സംസ്ഥാനത്തെ മുഴുവൻ ആരോഗ്യ സംവിധാനവും ജാഗ്രതയോടെ ഉദ്യമത്തിൽ പങ്കാളിയായി. കോഴിക്കോടും സമീപ ജില്ലകളിലുമാണ് നിപ വ്യാപനം തടയാൻ ശാസ്ത്രീയമായ മുൻകരുതൽ സ്വീകരിച്ചിട്ടുള്ളത്. തുടക്കത്തിൽ തന്നെ കണ്ടെത്താനായതുകൊണ്ട് കൂടുതൽ അപകടകരമായ സാഹചര്യം ഒഴിവാക്കാനായെന്നും മുഖ്യമന്ത്രി പറഞ്ഞു. 1286 പേർ നിപ സമ്പർക്ക പട്ടികയിലുണ്ട്. 276 പേർ ഹൈറിസ്ക് വിഭാഗത്തിലാണ്. 122 പേർ ബന്ധുക്കളാണ്. 118 ആരോഗ്യ പ്രവർത്തകരുണ്ട്. 994 പേർ നിരീക്ഷണത്തിലാണ്. 304 സാമ്പിളിൾ 256 പേരുടെ ഫലം വന്നു. 6 പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 9 പേർ ഐസൊലേഷനിലുണ്ട്. മരുന്ന് മുതൽ ആംബുലൻസ് അടക്കം എല്ലാം സജ്ജമാണ്. സമ്പർക്ക പട്ടിക ഇനിയും കൂടിയേക്കും. ആരോഗ്യമന്ത്രി നേരിട്ടാണ് നിപ പ്രതിരോധത്തിന് നേതൃത്വം നൽകിയത്. എല്ലാവരും പങ്കാളികളായി. മരുന്ന് മുതൽ ആംബുലൻസ് അടക്കം എല്ലാം സജ്ജമാണ്.
നിപ രണ്ടാം തരംഗമുണ്ടാകാനുള്ള സാധ്യത കുറവാണ്. എങ്കിലും സാധ്യത തള്ളാൻ സാധിക്കില്ല. കൂടുതൽ വവ്വാലുകളുടെ സാമ്പിൾ ശേഖരിക്കുന്നു. എന്തുകൊണ്ടാണ് വീണ്ടും കോഴിക്കോട് നിപ വന്നതെന്ന ചോദ്യത്തിന് ഐസിഎംആർ വ്യക്തമായ ഉത്തരം നൽകിയിട്ടില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു.
മലയാളത്തിന്റെ മഹോത്സവം കേരളീയം നവംബർ ഒന്നു മുതൽ
കേരളപിറവി ദിനമായ നവംബർ ഒന്നു മുതൽ ഒരാഴ്ച കേരളീയം എന്ന പേരിൽ മലയാളത്തിൻറെ മഹോത്സവം സംഘടിപ്പിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. കേരളം ആർജിച്ച സമസ്ത നേട്ടങ്ങളും സാംസ്കാരിക തനിമയും ലോകത്തിന് മുന്നിൽ അവതരിപ്പിക്കുക എന്നതാണ് കേരളീയം പരിപാടിയുടെ ലക്ഷ്യം. തിരുവനന്തപുരം നഗരത്തിൽ കവടിയാർ മുതൽ കിഴക്കേ കോട്ട വരെ കേരളീയവുമായി ബന്ധപ്പെട്ട പരിപാടികൾ അരങ്ങേറും.
ലോകത്തിലെ പ്രഗത്ഭരും പ്രമുഖരുമായ ചിന്തകരെയും വിദഗ്ധരെയും ഉൾപ്പെടുത്തിയുള്ള അന്താരാഷ്ട്ര നിലവാരത്തിലുള്ള സെമിനാറുകളാണ് കേരളീയത്തിൻറെ പ്രധാന അജണ്ട. വിവിധ മേഖലകളിൽ കേരളം കൈവരിച്ച നേട്ടങ്ങൾ അവതരിപ്പിക്കുന്നതോടൊപ്പം, ഭാവി കേരളത്തിനുള്ള മാർഗ്ഗരേഖ തയ്യാറാക്കാനുമുള്ള ലക്ഷ്യത്തോടെയാണ് ഈ സെമിനാറുകൾ സംഘടിപ്പിക്കുന്നത്. 25 അന്താരാഷ്ട്ര സെമിനാറുകളാണ് 5 ദിനങ്ങളിലായി നടത്തുന്നത്. ഇതോടൊപ്പം, കേരളത്തിൻറെ നേട്ടങ്ങൾ ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ അവതരിപ്പിക്കുന്ന എക്സിബിഷനുകൾ ഉണ്ടാകും. പത്തോളം പ്രദർശനങ്ങൾ വിവിധ വേദികളിലായി നടത്തും. തലസ്ഥാന നഗരമാകെ ഒരു പ്രദർശനവേദിയാകുന്ന പ്രതീതിയാണ് സൃഷ്ടിക്കുക.
കലാ, സാംസ്കാരിക പരിപാടികൾ, ട്രേഡ് ഫെയറുകൾ, ഫ്ളവർ ഷോ തുടങ്ങിയവയും സംഘടിപ്പിക്കുന്നുണ്ട്. കേരളത്തിൻറെ വൈവിധ്യമാർന്ന ഭക്ഷ്യ സംസ്കാരം അവതരിപ്പിക്കുന്ന ഭക്ഷ്യമേളയും ഒരുക്കും. തിരുവനന്തപുരം നഗരത്തെ ദീപാലങ്കൃതമാക്കിയും ചരിത്രസ്മാരകങ്ങളെ അലങ്കരിച്ചും വർണകാഴ്ച ഒരുക്കും.
നിയമസഭാ മന്ദിരത്തിൽ കഴിഞ്ഞ തവണ വിജയകരമായി നടത്തിയ പുസ്തകോത്സവം ഇത്തവണ കേരളീയത്തിൻറെ ഭാഗമായാകും സംഘടിപ്പിക്കുന്നത്. നിയമസഭാ മന്ദിരം തന്നെയാണ് വേദി.
കേരളത്തിന് പുറത്ത് താമസിക്കുന്ന മലയാളികൾ കേരളീയത്തിൻറെ ഭാഗമാകണം എന്നാണ് ആഗ്രഹിക്കുന്നത്. ഒപ്പം, ലോകത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവർ എത്തിച്ചേരുന്ന ബൃഹത്തായ സംഗമമായി മാറ്റും. ടൂറിസത്തിനും ഇത് വലിയ തോതിൽ ഗുണം ചെയ്യും.
കേരളീയത്തിന് തുടർപതിപ്പുകൾ ഉണ്ടാകണം എന്നാണ് സർക്കാർ ആഗ്രഹിക്കുന്നത്.
ഭൂപതിവ് നിയമം: പ്രകടനപത്രികയിലെ വാഗ്ദാനം നടപ്പാക്കി
2021 നിയമസഭാ തെരഞ്ഞെടുപ്പ് വേളയിൽ എൽഡിഎഫ് പ്രകടന പത്രികയിൽ നൽകിയ ഉറപ്പാണ് ഭൂപതിവ് നിയമ ഭേദഗതിയിലൂടെ യാഥാർഥ്യമായതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
‘ഇടുക്കിയിൽ നിലനിൽക്കുന്ന ഭൂപ്രശ്നം പരിഹരിക്കുന്നതിന് സജീവമായ ഇടപെടൽ സർക്കാർ നടത്തിയിട്ടുണ്ട്. ഈ പ്രവർത്തനങ്ങൾ ഇനിയും മുന്നോട്ടുകൊണ്ടുപോകും. ജനങ്ങളുടെ ആവാസ വ്യവസ്ഥയെ സംരക്ഷിച്ചും അവരുടെ ജീവിതത്തെ മുന്നോട്ടു കൊണ്ടുപോകുന്നതിനുള്ള സംവിധാനങ്ങൾ ഉറപ്പുവരുത്തിയായിരിക്കും ഇക്കാര്യത്തിൽ നടപടി സ്വീകരിക്കുക. ഇതിൻറെ അടിസ്ഥാനത്തിൽ1964 ലെ ഭൂപതിവ് ചട്ടത്തിൽ ആവശ്യമായ ഭേദഗതികൾ വരുത്തും.’ എന്നായിരുന്നു..
സംസ്ഥാന ചരിത്രത്തിലെ നിർണ്ണായകമായ നിയമ ഭേദഗതിക്കാണ് സെപ്തംബർ 14ന് കേരള നിയമസഭ വേദിയായത്. ആറു പതിറ്റാണ്ടിലേറെക്കാലമായുള്ള മലയോര മേഖലയിലെ ജനങ്ങളുടെ ഭൂമി പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കണ്ടെത്തുക എന്ന ലക്ഷ്യത്തോടെയാണ് 1960ലെ ഭൂപതിവ് നിയമത്തിൽ ഭേദഗതി വരുത്തിയത്. ഇതോടെ 1964 ലെ ഭൂപതിവ് ചട്ടങ്ങൾക്കും മാറ്റം വരും.
മലയോര മേഖലയിലെ ഭൂമി പ്രശ്നത്തെ സർക്കാർ കണ്ടത് ഭൂമിയുടെ അവകാശത്തെ സംബന്ധിച്ചതായി തന്നെയാണ്. സ്വന്തം ഭൂമിയിൽ അവകാശമില്ലാതെ കഴിയേണ്ടിവരുന്ന ആയിരക്കണക്കിന് കുടുംബങ്ങളാണ് മലയോരങ്ങളിലുള്ളത്. ഇത് ഇടുക്കിയിലെ മാത്രമല്ല, മലയോര ജില്ലകളിലെ പൊതുപ്രശ്നമാണെന്ന് കാണണം. ഈ പശ്ചാത്തലത്തിൽ, കേരള നിയമസഭ ഏകകണ്ഠമായി പാസാക്കിയ 2023 ലെ ‘കേരളാ സർക്കാർ ഭൂമി പതിച്ചുകൊടുക്കൽ (ഭേദഗതി) ബിൽ’, ഇടുക്കി ഉൾപ്പെടെയുള്ള മലയോര മേഖലയിലെ ജനങ്ങൾക്ക് വലിയ ആശ്വാസമാവും.
പതിച്ചു നൽകിയ ഭൂമിയിൽ കൃഷിക്കും വീടിനും പുറമെ സർക്കാർ അനുമതികളോടെ കാർഷിക മേഖലയിലെ വാണിജ്യ കേന്ദ്രങ്ങളിൽ നടത്തിയ നിർമ്മാണപ്രവർത്തനങ്ങളിൽ ഒരളവുവരെയുള്ളവ ഇളവനുവദിച്ച് സാധൂകരിക്കുക എന്നതാണ് ഭൂപതിവ് നിയമഭേദഗതിയോടെ സർക്കാർ ലക്ഷ്യം വെക്കുന്നത്. സംസ്ഥാന രൂപീകരണത്തിന് മുൻപ്, തിരുവിതാംകൂർ കൊച്ചി പ്രദേശത്ത് ഭൂമി പതിച്ചുകൊടുക്കുന്നത് 1950 ലെ തിരുവിതാംകൂർകൊച്ചി ഭൂമി പതിച്ചുകൊടുക്കൽ നിയമപ്രകാരമായിരുന്നുവെങ്കിൽ മദ്രാസ് സംസ്ഥാനത്തിൻറെ ഭാഗമായിരുന്ന മലബാറിൽ അത്തരത്തിൽ നിയതമായ വ്യവസ്ഥകളുണ്ടായിരുന്നില്ല.
ഇത്തരത്തിൽ ഭൂമി പതിച്ചുകൊടുക്കുന്നതിൽ നിലനിന്ന അവ്യക്തതകൾ പരിഹരിക്കുന്നതിനുവേണ്ടിയാണ് 1960ൽ കേരള ഭൂമി പതിച്ചുകൊടുക്കൽ നിയമവും അതിനെ പിന്തുടർന്ന് 1964 ൽ കേരള ഭൂപതിവ് ചട്ടങ്ങളും നിലവിൽ വന്നത്. ഈ നിയമവും ഭൂപതിവ് ചട്ടങ്ങളും അനുസരിച്ച് കാർഷിക ആവശ്യങ്ങൾക്കും വീട് നിർമ്മാണത്തിനും മാത്രമാണ് പ്രധാനമായും ഭൂമി പതിച്ചുനൽകിയത്. പിന്നീടുള്ള വർഷങ്ങളിൽ പട്ടയഭൂമികളിൽ ആശുപത്രികളും വിദ്യാഭ്യാസ സ്ഥാപനങ്ങളും സഹകരണ സ്ഥാപനങ്ങളും ആരാധനാലയങ്ങളും ജീവിതോപാധിയായി നിർമ്മിച്ച ചെറുകിട കച്ചവട സ്ഥാപനങ്ങളും മറ്റു വാണിജ്യ സ്ഥാപനങ്ങളുമെല്ലാമടങ്ങിയ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തി വന്നിരുന്നു. പതിച്ചു കിട്ടിയ ഭൂമിയിൽ നടത്തിയ ഇത്തരം നിർമ്മാണ പ്രവർത്തനങ്ങളെ സർക്കാരുകൾ നിരോധിച്ചിരുന്നില്ല. അവയ്ക്ക് ബിൽഡിംഗ് പെർമിറ്റും മറ്റ് അനുമതികളും നൽകി നിയമ വിധേയമാക്കുകയും ചെയ്തിരുന്നു.
പിന്നീട് പരിസ്ഥിതി സംഘടനകൾ 1964 ലെ ഭൂ പതിവ് ചട്ടങ്ങൾ ഉയർത്തിക്കാട്ടി നൽകിയ ചില പരാതികളുടെയും തുടർന്നുണ്ടായ കോടതി വ്യവഹാരങ്ങളുടെയും ഭാഗമായി ഇടുക്കിയിലെ ഭൂവിനിയോഗവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ കൂടുതൽ സങ്കീർണ്ണമാവുകയായിരുന്നു.
2010 ജനുവരി 21 ലെ ഹൈക്കോടതി ഉത്തരവ് പ്രകാരം മൂന്നാർ മേഖലയിലെ നിർമ്മാണ പ്രവർത്തനങ്ങൾ പലതും നിർത്തിവെക്കേണ്ടി വന്നു. ഇവയിൽ പലതിനും നിർമ്മാണ അനുമതി ലഭിച്ചതുമായിരുന്നു.
മലയോര മേഖലയിൽ ഭൂപതിവ് ചട്ടപ്രകാരം പതിച്ചു നൽകപ്പെട്ട ഭൂമി കൃഷിയും ഗൃഹ നിർമ്മാണവുമല്ലാതെ മറ്റ് ആവശ്യങ്ങൾക്ക് വിനിയോഗിക്കുന്നത് നിയമവിരുദ്ധമാണെന്ന് 1964 ലെ ചട്ടങ്ങളെ ഉദ്ധരിച്ചുകൊണ്ട് കോടതി വിധികളുണ്ടായത് മലയോര കർഷകർക്ക് വലിയ പ്രയാസങ്ങൾ സൃഷ്ടിച്ചു. പതിച്ചു കിട്ടിയ ഭൂമിയിലെ നിർമ്മാണ പ്രവർത്തനങ്ങളാകെ 1964 ലെ ഭൂപതിവ് ചട്ടപ്രകാരം നിയമവിരുദ്ധമാണെന്ന് കണക്കാക്കപ്പെടുന്ന നിലയുണ്ടായി.
ഇടുക്കി പോലുള്ള മലയോര മേഖലയിലെ ജനജീവിതത്തെയാകെ രൂക്ഷമായി ബാധിക്കുന്ന ഈ സാഹചര്യമാണ് ഭൂപതിവ് നിയമഭേദഗതി എന്ന ആശയത്തിലേക്ക് സർക്കാരിനെ നയിച്ചത്.
ബന്ധപ്പെട്ട എല്ലാ കക്ഷികളെയും വിശ്വാസത്തിലെടുത്ത് തുറന്ന മനസ്സോടെയുള്ള ചർച്ചകൾ നടത്തിയാണ് നിയമഭേദഗതിയിലേക്ക് സർക്കാർ എത്തിയത്. രാഷ്ട്രീയ പാർടി നേതാക്കൾ, മതമേലദ്ധ്യക്ഷൻമാർ, സാമുദായിക നേതാക്കൾ, പരിസ്ഥിതി പ്രവർത്തകർ, മാധ്യമപ്രതിനിധികൾ തുടങ്ങിയവരുമായി നടത്തിയ സുദീർഘമായ ചർച്ചകൾ വഴി ഇടുക്കി ജില്ലയിലെ ഭൂമിയുമായി ബന്ധപ്പെട്ട പൊതുവായ പ്രശ്നങ്ങളിൽ പരിഹാരം കാണാൻ കഴിഞ്ഞു. ഇതിൻറെ തുടർച്ചയായാണ് നിയമസഭയിൽ ഭേദഗതി ബിൽ അവതരിപ്പിക്കപ്പെട്ടത്.
ഭൂപതിവ് ചട്ടത്തിലെ വ്യവസ്ഥയിൽ പറഞ്ഞതിൽ നിന്നുള്ള വ്യതിയാനം കൊണ്ടുമാത്രം നിർമ്മാണ പ്രവർത്തനങ്ങൾ തടസ്സപ്പെട്ടവയാണ് ക്രമീകരിക്കാൻ ലക്ഷ്യമിടുന്നത്. ഇപ്രകാരം ക്രമീകരിക്കുന്നതിന് സർക്കാറിന് അധികാരം ലഭിക്കുന്ന വ്യവസ്ഥ 1960 ലെ ഭൂപതിവ് നിയമത്തിൽ കൊണ്ടുവരികയാണ് ചെയ്തത്.
അതായത്, കാർഷികവൃത്തിയുൾപ്പെടെയുള്ള ആവശ്യങ്ങൾക്കായി പതിച്ചുനൽകിയതും എന്നാൽ ഇപ്പോൾ അതിൽ ഏർപ്പെടാത്തതുമായ ഭൂമി, നിബന്ധനകൾക്ക് വിധേയമായി മറ്റേതെങ്കിലും ആവശ്യത്തിനായി പരിവർത്തനം ചെയ്ത് ഉപയോഗിക്കാവുന്ന തരത്തിലാണ് ഭൂപതിവ് നിയമഭേദഗതി വരുന്നത്. ജീവിതോപാധികൾ കരുപ്പിടിപ്പിക്കാനുതകും വിധത്തിൽ സർക്കാർ നിബന്ധനകൾക്കു വിധേയമായി ഭൂമി ഉപയോഗിക്കാൻ കഴിയുന്ന രീതിയിലാണ് ഈ ഭേദഗതികൾ. ഇപ്രകാരം, നിലവിലുള്ള ചെറു നിർമാണങ്ങളും കാർഷികേതര ആവശ്യങ്ങൾക്കായുള്ള ഭൂഉപയോഗങ്ങളും ക്രമവൽക്കരിക്കാനാണ് നിയമഭേദഗതി വഴി ഉദ്ദേശിക്കുന്നത്.
ഇടുക്കി ജനത ജീവനോപാധിക്കായി നടത്തിയിട്ടുള്ള നിർമ്മാണ പ്രവർത്തനങ്ങൾക്ക് ഒരു നിശ്ചിത അളവുവരെയുള്ളവയ്ക്ക് അപേക്ഷ ഫീസും ക്രമവൽക്കരിക്കുന്നതിനുള്ള പ്രത്യേക ഫീസും ഈടാക്കി ക്രമപ്പെടുത്താവുന്നതാണ്. അല്ലാത്തവയ്ക്ക് അപേക്ഷാ ഫീസിനും ക്രമവൽക്കരിക്കുന്നതിനുള്ള ഫീസിനും പുറമെ സെസ്, വാർഷിക സെസ്, പരിസ്ഥിതി സംരക്ഷണത്തിനുള്ള ഗ്രീൻ ടാക്സ് എന്നിവ ഈടാക്കി ക്രമപ്പെടുത്തുന്ന കാര്യവും ആവശ്യമായ കൂടിയാലോചനകളോടെ തീരുമാനിക്കാവുന്നതാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആരാധനാലയങ്ങൾ, മതസ്ഥാപനങ്ങൾ, ആശുപത്രികൾ, പോലുള്ള പൊതു ആവശ്യങ്ങൾക്കുള്ള നിർമ്മാണ പ്രവർത്തനങ്ങളെ കാണുന്നത് പ്രത്യേകമായാണ്. പൊതു ആവശ്യങ്ങൾക്കും വാണിജ്യ ആവശ്യങ്ങൾക്കുള്ളവയെയും വെവ്വേറെയായാണ് കാണുക. വാണിജ്യ ആവശ്യങ്ങൾക്കുള്ള നിർമ്മാണങ്ങളെ പ്രത്യേകമായി കണ്ടുകൊണ്ട് അതി ദീർഘമായ ചർച്ചകളിലൂടെ മാത്രമേ ചട്ടങ്ങൾ രൂപീകരിക്കുകയുള്ളൂ.
ടൂറിസം മേഖലയിലെ പ്രധാന ആവശ്യം ചരിഞ്ഞ മേഖലകളിലെ നിർമ്മാണ പ്രവർത്തനങ്ങളാണ്. ഇതിൽ പുതിയ കെട്ടിട നിർമ്മാണ ചട്ടം കൊണ്ടുവരുന്ന കാര്യം ഉൾപ്പെടെ സർക്കാരിൻറെ പരിഗണനയിലുണ്ട്.
രാജ്യത്ത് വിവിധ സംസ്ഥാനങ്ങളിൽ കൃഷിക്കായി പതിച്ചു നൽകിയ ഭൂമി പരിവർത്തനം ചെയ്തുപയോഗിക്കാൻ വ്യക്തമായ നിർദ്ദേശങ്ങളും വ്യവസ്ഥയുമുള്ള ചട്ടങ്ങളുണ്ട്. ഉദാഹരണം : തമിഴ്നാട്, ആന്ധ്രാ പ്രദേശ്. ഇത്തരം മാതൃകകൾ കൂടി സ്വീകരിച്ചായിരിക്കും മതിയായ ചർച്ചകളിലൂടെ ചട്ടങ്ങൾ നിർമ്മിക്കുക. മലയോരജനത കാലങ്ങളായി അനുഭവിക്കുന്ന ഭൂമി ഉപയോഗം സംബന്ധിച്ച വിവേചനത്തിന് 1960 ലെ ഭൂപതിവ് നിയമ ഭേദഗതിയോടെ അറുതിയാവുകയാണ്. കുടിയേറ്റ ജനതയുടെ ജീവിതപ്രശ്നങ്ങളിൽ അവർക്കൊപ്പം നിൽക്കുക എന്ന നിലപാടാണ് എൽഡിഎഫ് സർക്കാരിനുള്ളത്. ആ ഉറച്ച നിലപാടാണ് ഭൂപതിവ് ഭേദഗതി ബില്ലിൽ കണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.