തിരുവനന്തപുരം: T21 ഓൺലൈൻ മീഡിയയിലെ വനിതാ അവതാരകർക്കെതിരെ ആരംഭിച്ച അതിനീചമായ സൈബർ ആക്രമണം രൂക്ഷമാക്കി കോൺഗ്രസ് കേന്ദ്രങ്ങൾ. അവതാരകരായ പാർവതി ഗിരികുമാർ, സൗമ്യ സി എം എന്നിവർക്കു നേരെയാണ് സ്ത്രീത്വത്തെ അപമാനിച്ച് സംഘടിതമായ ലൈംഗികാധിക്ഷേപം അഴിച്ചു വിടുന്നത്. വ്യാജ പ്രൊഫൈലുകൾക്കു പുറമെ കോൺഗ്രസ് പ്രവർത്തകരുടെ സോഷ്യൽ മീഡിയ അകൗണ്ടുകളിൽ നിന്നും നിന്ദ്യമായ ഭാഷയിൽ ഇരുവരെയും അധിക്ഷേപിക്കുന്നു. ഇവ വ്യാപകമായി പ്രചരിപ്പിക്കുകയും ചെയ്യുന്നു.
പുതുപ്പള്ളി ഉപതെരഞ്ഞുപ്പ് പ്രചാരണ വേളയിലാണ് പാർവതി ഗിരി കുമാറിനെതിരെ കോൺഗ്രസിൻ്റെ സൈബർ ആക്രമണം ആരംഭിച്ചത്. പുതുപ്പള്ളി നിയോജക മണ്ഡലത്തിൻ്റെ ദയനീയമായ പിന്നോക്കാവസ്ഥ തുറന്നു കാട്ടിയതായിരുന്നു പ്രകോപനം. സോളാർ കേസിൻ്റെ തുടക്കം മുതൽ ഉമ്മൻ ചാണ്ടിക്കെതിരെ കോൺഗ്രസ് നേതാക്കൾ നടത്തിയ ആസൂത്രിത നീക്കങ്ങളും ആ ഘട്ടത്തിൽ T21 പുറത്തു കൊണ്ടുവന്നു, ഉപതെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം വന്നതോടെ കോൺഗ്രസ് കേന്ദ്രങ്ങൾ പാർവതിയെ അധിക്ഷേപിച്ച് രംഗത്തിറങ്ങി. ഇതു സംബന്ധിച്ച് പാർവതി മുഖ്യമന്ത്രിക്കും ഡിജിപിക്കും നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം നടക്കുകയാണ്. ഇതിനിടയിലാണ് സൗമ്യക്കെതിരെയും സൈബർ ആക്രമണം തുടങ്ങിയത്.
പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, കെപിസിസി പ്രസിഡന്റ് കെ സുധാകരൻ തുടങ്ങിയ കോൺഗ്രസ് നേതാക്കൾക്കെതിരായ കേസുകളും അഴിമതി ആരോപണങ്ങളും T21 മീഡിയ റിപ്പോർട്ടു ചെയ്തിരുന്നു. സതീശൻ്റെ പുനർജനി ഭവന പദ്ധതി തട്ടിപ്പ്, വിവാദമായ വിദേശ യാത്രയും പണപ്പിരിവും, കള്ളം പറഞ്ഞ് നിയമസഭയെ തെറ്റിദ്ധരിപ്പിക്കൽ തുടങ്ങി ഒട്ടേറെ കാര്യങ്ങൾ T21 റിപ്പോർട്ട് ചെയ്തു. സംസ്ഥാന സർക്കാരിനെ ആക്ഷേപിച്ചും കേന്ദ്ര സർക്കാരിനെ ന്യായീകരിച്ചും വി ഡി സതീശൻ തുടർച്ചയായി നടത്തുന്ന സംഘപരിവാർ സേവയും തുറന്നു കാട്ടി. പുരാവസ്തു തട്ടിപ്പുകാരൻ മോൻസൺ മാവുങ്കലുമായി കെ സുധാകരനുള്ള വഴിവിട്ട ബന്ധങ്ങൾ തുറന്നു കാണിച്ചു. സുധാകരൻ്റെ കൂറ്റൻ വീടു നിർമ്മാണവുമായി ബന്ധപ്പെട്ട വിവാദങ്ങളും ചിറക്കൽ രാജാസ് സ്കൂൾ ഫണ്ട് ശേഖരണ വിവാദവും റിപ്പോർട്ട് ചെയ്തു. പ്രതിപക്ഷ നേതാവിന്റെ ദയനീയ പ്രകടനം തുറന്നു കാട്ടുന്നതം പ്രകോപനത്തിന് കാരണമായി. സംസ്ഥാന സർക്കാരിനെതിരെ മാധ്യമങ്ങളിൽ വരുത്തുന്ന വ്യാജ വാർത്തകൾ തുറന്നു കാണിക്കുന്നതിൽ കോൺഗ്രസ് നേതാക്കൾക്കുള്ള അരിശവും സൈബർ ആക്രമണത്തിനു പിന്നിലുണ്ട്. ചില നേതാക്കളുടെ അറിവോടെ കോൺഗ്രസ് സൈബർ സെല്ലിന്റെ നേതൃത്വത്തിലാണ് ഇത്തരത്തിലുള്ള അശ്ലീല പോസ്റ്റുകൾ തയ്യാറാക്കി പ്രചരിപ്പിക്കുന്നതെന്ന് വ്യക്തമായിട്ടുണ്ട്. തനിക്കെതിരായ സൈബർ ആക്രമണം സംബന്ധിച്ച് സൗമ്യ കഴിഞ്ഞ ദിവസം പരാതി നൽകി.
കോൺഗ്രസിൻ്റെ ജീർണ മുഖം തുറന്നു കാണിച്ച് T21 മീഡിയ ദൗത്യ നിർവഹണം തുടരുക തന്നെ ചെയ്യും. കോൺഗ്രസ് നേതാക്കളുടെ വഴിവിട്ട ഇടപാടുകളും കുതികാൽവെട്ടും വികസന വിരുദ്ധതയും ജനങ്ങൾക്കു മുമ്പിലെത്തിക്കുന്നതിൽ നിന്ന് സൈബർ ആക്രമണങ്ങളിലൂടെ T21 മീഡിയയെ പിന്തിരിപ്പിക്കാനാവില്ല.