കോഴിക്കോട്: ശനിയാഴ്ച രാത്രി പരിശോധനാ ഫലം പുറത്തുവന്ന 42 സാമ്പിളുകളും നെഗറ്റീവാണെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ഹൈ റിസ്ക് കാറ്റഗറിയിലുൾപ്പെട്ട 23 സാമ്പിളുകൾ ഇതിലുണ്ടായിരുന്നു. ലക്ഷണങ്ങൾ ഉണ്ടായിരുന്നുവെങ്കിലും ഈ ഫലങ്ങളും നെഗറ്റീവാണ്. കുറച്ചു സാമ്പിളുകളുടെ കൂടി ഫലം വരാനുണ്ടെന്നും മന്ത്രി കോഴിക്കോട്ട് പറഞ്ഞു.
19 ടീമുകളുടെയും നേതൃത്വത്തിൽ പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. സമ്പർക്കപ്പട്ടിക തയാറാക്കുന്നതിനുള്ള പ്രവർത്തനങ്ങളും തുടരുകയാണ്. ഭൂരിഭാഗവും കണ്ടെത്തിക്കഴിഞ്ഞിട്ടുണ്ട്. ഇനിയും കണ്ടെത്താനുള്ളവരെ പൊലീസിൻ്റെ സഹായത്തോടെ മൊബൈൽ ടവർ ലൊക്കേഷൻ ഉൾപ്പെടെ ഉപയോഗിച്ച് കണ്ടെത്തും.
ജില്ലയിലുള്ള കേന്ദ്രസംഘങ്ങൾ 2018ൽ നിപ വ്യാപനം നടന്ന സ്ഥലത്ത് വിശദമായ പരിശോധന നടത്തും. ഐസിഎംആറിന്റെയും എൻഐവിയുടെയും ചെന്നൈയിൽ നിന്നും പൂനെയിൽ നിന്നുമുള്ള സംഘങ്ങൾ നിലവിൽ രോഗബാധ സ്ഥിരീകരിച്ച സ്ഥലങ്ങൾ സന്ദർശിക്കും. ആശുപത്രികളിൽ ചികിത്സയിലുള്ളവരുടെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്നും കുഞ്ഞിന്റെ ആരോഗ്യനില മെച്ചപ്പെടുന്നത് ഏറെ പ്രതീക്ഷ നൽകുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.