സോളാർ കേസിൽ കെ സി ജോസഫിന് തിരുവഞ്ചൂർ രാധാകൃഷ്ണൻ്റെ മുന്നറിയിപ്പ്. പത്തുവർഷം മുമ്പ് നടന്ന കാര്യങ്ങൾ ഇപ്പോൾ കുഴിതോണ്ടി പ്രശ്നമുണ്ടാക്കാൻ ശ്രമിക്കുന്നത് ശരിയല്ലെന്നും താൻ മിതത്വം പാലിക്കുകയാണെന്നും തിരുവഞ്ചൂർ പറഞ്ഞു. ജോപ്പൻ്റെ അറസ്റ്റ് ഉൾപ്പെടെ എല്ലാ കാര്യങ്ങളും മുഖ്യമന്ത്രി അറിയണമെന്നില്ല. അറസ്റ്റിന് ഉമ്മൻ ചാണ്ടിയോട് ചോദിക്കണമെന്ന് നിർബന്ധമില്ല. ഉമ്മൻചാണ്ടി മരിച്ചതിനുശേഷം എന്തിനാണ് ദല്ലാൾ നന്ദകുമാർ ഇപ്പോൾ കമ്മീഷന് മുമ്പിൽ പറയാത്ത കാര്യങ്ങൾ പറയുന്നതെന്നും തിരുവഞ്ചൂർ ചോദിച്ചു.
സോളാർ കേസിൽ ഉമ്മൻചാണ്ടിയുടെ പേഴ്സണൽ സ്റ്റാഫ് അംഗമായ ടെന്നി ജോപ്പൻ്റെ അറസ്റ്റ് ഉമ്മൻചാണ്ടി അറിഞ്ഞിരുന്നില്ലെന്ന
കെ സി ജോസഫിൻ്റെ വെളിപ്പെടുത്തൽ കോൺഗ്രസിൽ സൃഷ്ടിച്ച കലാപത്തിൻ്റെ പശ്ചാത്തലത്തിലാണ് തിരുവഞ്ചൂരിൻ്റെ പ്രതികരണം.
സോളാർ കേസിൽ പുനരന്വേഷണം വേണോയെന്ന ചോദ്യത്തിന് അതിൽ നിയമപരമായ ചില പ്രശ്നങ്ങളുണ്ടെന്നായിരുന്നു തിരുവഞ്ചൂർ രാധാകൃഷ്ണൻ്റെ മറുപടി. കേസ് അന്വേഷിക്കണമോയെന്ന് തീരുമാനിക്കേണ്ടത് സിബിഐ ആണെന്നും കേസ് അന്വേഷിക്കണമെന്ന തങ്ങളുടെ കത്തിന് പ്രസക്തിയില്ല എന്നും അദ്ദേഹം പറഞ്ഞു. ഇതോടെ സോളാർ അന്വേഷണവുമായി ബന്ധപ്പെട്ട് കോൺഗ്രസിലെ കുഴപ്പം മൂർച്ഛിക്കുകയാണ്.
ജോപ്പൻ്റെ അറസ്റ്റ് സംബന്ധിച്ചു വെളിപ്പെടുത്തലിലും, പുനരന്വേഷണം സംബന്ധിച്ചും രൂക്ഷമായ ഭിന്നതയും ആശയക്കുഴപ്പവുമാണ് യുഡിഎഫിൽ നിലനിൽക്കുന്നത്. പ്രതിപക്ഷനേതാവ് വി ഡി സതീശൻ ജോപ്പൻ്റെ അറസ്റ്റ് ഉമ്മൻചാണ്ടി അറിഞ്ഞിരുന്നു എന്ന് പറഞ്ഞിരുന്നു. എന്നാൽ അങ്ങനെയല്ല കാര്യങ്ങൾ എന്ന് വ്യക്തമാക്കുകയാണ് മുതിർന്ന നേതാക്കളുടെ വാക്കുകൾ. പുനരന്വേഷണത്തെ സംബന്ധിച്ചും കനത്ത ആശയക്കുഴപ്പമാണ് കോൺഗ്രസിൽ നിലനിൽക്കുന്നത്. നിയമസഭയിൽ കോൺഗ്രസ് കൊണ്ടുവന്ന അടിയന്തിരപ്രമേയം തിരിച്ചടിയാവുകയും ചെയ്തു.