കോഴിക്കോട് ജില്ലയില്‍ വീണ്ടും നിപ്പ വൈറസ് രോഗബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് സംസ്ഥാനത്തെ മുഴുവന്‍ ആരോഗ്യസംവിധാനങ്ങളും ജാഗ്രതയിലാണെന്ന് മന്ത്രി വീണാ ജോർജ് നിയമസഭയെ അറിയിച്ചു.
കോഴിക്കോട് ജില്ലയില്‍ ആരോഗ്യ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കണ്ണൂര്‍, വയനാട്, മലപ്പുറം തുടങ്ങിയ സമീപ ജില്ലകളിലും ജാഗ്രത പുലര്‍ത്തണം.
നിപ്പ രോഗബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ ചട്ടം 300 അനുസരിച്ച് നിയമസഭയിൽ പ്രസ്താവന നടത്തുകയായിരുന്നു മന്ത്രി.
സപ്തംബർ 11 ന് രാവിലെയാണ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലെ അസ്വാഭാവിക പനിക്കേസുകള്‍ ആരോഗ്യ വകുപ്പിന്റെ ശ്രദ്ധയില്‍ പെടുന്നത്. ആരോഗ്യവകുപ്പുമന്ത്രിയുടെ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഉടന്‍ തന്നെ സര്വൈലന്സിനും പനിക്കേസുകളുടെ വിശദമായ വിവര ശേഖരണത്തിനും കോഴിക്കോട് ജില്ലാ മെഡിക്കല്‍ ഓഫീസറെ ചുമതലപ്പെടുത്തി. ഒരു കുടുംബത്തിലെ രണ്ട് കുട്ടികള്‍ക്കും, അവരുടെ അടുത്ത ബന്ധുവിനും കുട്ടിക്കുമാണ് പനി ബാധിച്ച് ചികില്‍സയിലുണ്ടായിരുന്നത്. പനി ബാധിച്ച കുട്ടികളുടെ പിതാവ് ആഗസ്ത് 30 ന് മരിതായി കണ്ടെത്തി. സ്വകാര്യ ആശുപത്രിയില്‍ ചികില്‍സ തേടിയ ആ വ്യക്തിയുടെ ചികില്‍സാ വിവരങ്ങള്‍ ശേഖരിച്ചു.
പനി ബാധിച്ച് സ്വകാര്യ ആശുപത്രിയിലുളളവരുടെ കേസ് സ്റ്റഡിക്കൊപ്പം പ്രാദേശിക വിവര ശേഖരണവും മെഡിക്കല്‍ സംഘം നടത്തി. വിവര ശേഖരണത്തിന്റേയും വിശകലനത്തിന്റെയും അടിസ്ഥാനത്തില്‍ നിപ്പ സംശയിക്കപ്പെടുകയും അന്നുതന്നെ കോഴിക്കോട് മെഡിക്കല്‍ കോളേജിലെ മൈക്രോബയോളജി ലാബില്‍ ആശുപത്രിയിലുള്ളവരുടെ സാമ്പിളുകള്‍ പരിശോധനയ്ക്ക് വിധേയമാക്കുകയും ചെയ്തു. തിരുവനന്തപുരത്ത് ആരോഗ്യമന്ത്രിയുടെ നേതൃത്വത്തില്‍ അടിയന്തിര യോഗം ചേര്‍ന്ന് പ്രവര്‍ത്തനങ്ങള്‍ നിശ്ചയിച്ചു. നിപ്പയുടെ സ്ഥിരീകരണ റിപ്പോര്‍ട്ട് വരുന്നതുവരെ ഈ കേസുകളെല്ലാം തന്നെ നിപ്പ ആയി കരുതുകയും അതിനനുസരിച്ചുള്ള നിയന്ത്രണ നടപടികള്‍ സ്വീകരിക്കാന്‍ യോഗം തീരുമാനിക്കുകയും നടപ്പിലാക്കുകയും ചെയ്തു. മാത്രമല്ല, അന്ന് സമാന രോഗലക്ഷണങ്ങളുമായി ഒരു സ്വകാര്യ ആശുപത്രിയില്‍ മരിച്ച രോഗിയുടെ സ്രവങ്ങള്‍ നിപ്പ പരിശോധനയ്ക്കായി അയയ്ക്കാനും യോഗം തീരുമാനിച്ചു. പരിശോധനാ ഫലം ലഭ്യമാകുന്നതുവരെ നിപ്പ പ്രോട്ടോകോള്‍ പ്രകാരം മൃതശരീരം സൂക്ഷിക്കാനുളള നിര്‍ദ്ദേശവും ആരോഗ്യവകുപ്പ് നല്‍കുകയും ചെയ്തു. രാത്രി മെഡിക്കല്‍ കോളേജിലെ പരിശോധനാ ഫലം പോസറ്റീവ് ആണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് സാമ്പിളുകള്‍ എന്‍.ഐ,വി പൂനെയിലേക്ക് അയച്ചു. 11 ന് പകല്‍ തന്നെ ഈ കുടുംബം താമസിക്കുന്ന മരുതോങ്കര പഞ്ചായത്തിലെ വാര്‍ഡില്‍ പ്രാഥമിക ആരോഗ്യകേന്ദ്രത്തിലെ സംഘം പനി സര്‍വേ നടത്തിയിരുന്നു.
മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശാനുസരണം ആരോഗ്യമന്ത്രിയും വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും 12 ന് രാവിലെ തന്നെ കോഴിക്കോട് എത്തി. മന്ത്രിയുടെ അധ്യക്ഷതയില്‍ ചീഫ് സെക്രട്ടറി (ഓണ്‍ലൈന്‍), പ്രിന്‍സിപ്പല്‍ സെക്രട്ടറി (ഓണ്‍ലൈന്‍), സ്റ്റേറ്റ് മിഷന് ഡയറക്ടര്‍, എന്‍.എച്ച്.എം (ഓണ്‍ലൈന്‍), ജില്ലാ കളക്ടര്‍, ഡി.എച്ച്.എസ്, ഡി.എം.ഇ, ഡി.എം.ഒ, എന്‍.എച്ച്.എം ഡി.പി.എം, മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാള്‍, സംസ്ഥാന മെഡിക്കല്‍ ബോര്‍ഡ് അംഗങ്ങള്‍ തുടങ്ങിയവരുടെ യോഗം ചേര്‍ന്നു. പനി ബാധിച്ച് ചികില്‍സയില്‍ ഉള്ളവരുമായും മരിച്ച വ്യക്തിയുമായും അടുത്ത സമ്പര്‍ക്കം പുലര്‍ത്തിയ വ്യക്തികളുടെ പട്ടികയും പ്രാഥമിക വിവരങ്ങളും ഈ യോഗത്തില്‍ അവതരിപ്പിച്ചു. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനും ഏകോപിപ്പിക്കുന്നതിനും നിപ്പ ആക്ഷന്‍ പ്ലാന്‍ പ്രകാരം 19 ടീമുകള്‍ ഉള്‍പ്പെട്ട നിപ്പ കോര്‍ കമ്മറ്റി രൂപീകരിച്ചു. കോഴിക്കോട് ഗവ.ഗസ്റ്റ് ഹൗസില്‍ നിപ്പ കണ്ട്രോള് റൂം പ്രവര്‍ത്തനമാരംഭിച്ചു. കോള്‍ സെന്റര്‍ സജ്ജമാക്കി. ആരോഗ്യവകുപ്പിന്റെ ‘ദിശ’ സേവനവും ഇതിലേക്ക് ബന്ധിപ്പിച്ചു.
കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ഐസോലേഷന് സൗകര്യവും, ഐ.സി.യു വെന്റിലേറ്റര്‍ ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങളും ആരോഗ്യ ഉറപ്പ് വരുത്തി.
പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെയും നാദാപുരം, കുറ്റ്യാടി എം.എല്‍.എ മാരുടേയും നേതൃത്വത്തില്‍ കുറ്റ്യാടി ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ വെച്ച് 8 പഞ്ചായത്ത് പ്രസിഡന്റുമാരുടേയും ആരോഗ്യ പ്രവര്‍ത്തകരുടേയും യോഗം ചേര്‍ന്ന് തയ്യാറെടുപ്പുകള്‍ വിലയിരുത്തി.
വൈകിട്ട്
ആരോഗ്യ മന്ത്രിയുടേയും പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടേയും നേതൃത്വത്തില്‍ നാദാപുരം, കുറ്റ്യാടി എം.എല്‍.എമാരുടേയും, ജില്ലാ കളക്ടറുടേയും, ജില്ലാ പോലീസ് മേധാവികളുടേയും സാന്നിദ്ധ്യത്തില്‍ വിവിധ വകുപ്പുകളുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി.
12-ന് രാത്രി 9 മണിയോടെ എന്‍.ഐ.വി, പൂനെയില്‍ നിന്നും സാമ്പിളുകളുടെ ഔദ്യോഗിക സര്ട്ടിഫിക്കേഷന് ലഭ്യമായി. 3 പേര്‍ക്ക് നിപ്പ സ്ഥീരീകരിച്ചു. ഇതില്‍ ഒരാള്‍ 30-ന് മരിച്ച വ്യക്തിയുടെ 9 വയസ്സുള്ള മകനും മറ്റൊരാള്‍ ഭാര്യാ സഹോദരനുമാണ്. 11 ന് മരിച്ച ആളാണ് പോസറ്റീവായ മൂന്നാമത്തെ വ്യക്തി.
ഇദ്ദേഹത്തിനും 30 ന് മരണപ്പെട്ട വ്യക്തിയുമായി സമ്പര്‍ക്കമുണ്ടായിട്ടുണ്ട് എന്ന് പിന്നീട് കണ്ടെത്തി.
13 ന് ഒരു പോസറ്റീവ് കേസ് കൂടി സര്‍ട്ടിഫൈ ചെയ്തിട്ടുണ്ട്. ഇദ്ദേഹം സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തകനാണ്.
ബുധനാഴ്ച വൈകിട്ട് വരെ 706 ഓളം പേരാണ് സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. അവരില്‍ 76 പേര് ഹൈ റിസ്ക് വിഭാഗത്തില്‍ ഉള്‍പ്പെട്ടവരാണ്. ഇതില്‍ 72 പേരും രോഗികളുടെ കുടുംബാംഗങ്ങളും ബന്ധുക്കളുമാണ്. മറ്റ് 4 പേര് മരണാനന്തര കര്‍മ്മങ്ങളില്‍ നേരിട്ട് ബന്ധപ്പെട്ടവരാണ്. ഇതില്‍ 157 പേര് ആരോഗ്യ പ്രവര്‍ത്തകരാണ്.
രോഗ ലക്ഷണമുള്ള 35 പേരുടെ സാമ്പിളുകളാണ് ഇതുവരെ ശേഖരിച്ചത്. 22 പേരുടെ പരിശോധനാഫലം വന്നതിൽ. 4 പേർ പോസറ്റീവ് ആയി.
കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഇപ്പോള്‍ 14 പേരാണ് ഐസൊലേഷനിലുള്ളത്. നിപ്പ രോഗപ്രതിരോധത്തിനും നിപ്പ രോഗ
ചികില്‍സയ്ക്കുമായി ആവശ്യമായ എല്ലാ ക്രമീകരണങ്ങളും ജില്ലയില്‍ ഒരുക്കിയിട്ടുണ്ട്. രോഗികളുടെ ട്രാന്‍സ്പോര്‍ട്ടേഷനായി ആംബുലന്‍സുകള്‍ സജ്ജമാക്കിയിട്ടുണ്ട്. ആവശ്യമായ മരുന്നുകള്‍, നിപ്പ പ്രതിരോധ സാമഗ്രികള്‍ തുടങ്ങിയവയുടെ ലഭ്യതയും ഉറപ്പുവരുത്തിയിട്ടുണ്ട്.
മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ 13-09-2023-ന് ചേര്‍ന്ന ഉന്നതതല യോഗം നിപ്പ വൈറസ് പ്രതിരോധത്തിന്റെ ഭാഗമായി ഐസൊലേഷനിലുള്ളവരെ സഹായിക്കാനായി വോളന്റിയര്‍ സേവനം ലഭ്യമാക്കാന്‍ തീരുമാനിച്ചു. ആരോഗ്യവകുപ്പുമന്ത്രിയെ കൂടാതെ കോഴിക്കോട് ജില്ലയിലെ മന്ത്രിമാരും, തദ്ദേശ, റവന്യൂ വകുപ്പുമന്ത്രിമാരും, ചീഫ് സെക്രട്ടറിയും, ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയും, എന്‍എച്ച്.എം സ്റ്റേറ്റ് മിഷന് ഡയറക്ടറും, കോഴിക്കോട് ജില്ലാ കളക്ടറും ഉള്‍പ്പെടെ ഈ യോഗത്തില്‍ പങ്കെടുത്തു.
വാര്‍ഡ് തിരിച്ച് പ്രാദേശികമായി സന്നദ്ധപ്രവര്‍ത്തകരുടെ ടീമിനെ സജ്ജീകരിക്കും. വളണ്ടിയര്‍മാര്‍ക്ക് ബാഡ്ജ് ഉണ്ടാകും. പഞ്ചായത്ത് നിശ്ചയിക്കുന്നവരാകും വളണ്ടിയര്‍മാര്‍ ആകുന്നത്. പോലീസിന്റെ പ്രത്യേക ശ്രദ്ധയും ഈ പ്രവര്‍ത്തനങ്ങളില്‍ ഉണ്ടാകും.
രോഗനിര്‍ണയത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജ് മൈക്രോ ബയോളജി ലാബിലും, തോന്നക്കലുള്ള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് വൈറോളജി ലാബിലും തുടര്‍ന്നും പരിശോധന നടത്തും. സമ്പര്‍ക്കപ്പട്ടികയിലുള്ളവരുടെ എണ്ണം ഇനിയും വര്‍ദ്ധിക്കാന്‍ സാധ്യതയുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്.
നിപ്പ പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ആരോഗ്യവകുപ്പ് സൈക്കോ സോഷ്യല്‍ സപ്പോര്‍ട്ട് ടീം രൂപീകരിച്ചിട്ടുണ്ട്. പ്രാഥമിക, ദ്വിതീത സമ്പര്‍ക്ക പട്ടികയിലുള്ളവര്‍ക്ക് ഉണ്ടായേക്കാവുന്ന ടെന്‍ഷന്‍, ഉല്‍ക്കണ്ഠ, ഉറക്കക്കുറവ് തുടങ്ങിയ പ്രശ്നങ്ങളും അവരുടെ ബന്ധുക്കള്‍ക്ക് ഉണ്ടാകുന്ന ആശങ്കയും കണക്കിലെടുത്താണ് ജില്ലാ മാനസികാരോഗ്യ പരിപാടിയുടെ ഭാഗമായുളള സൈക്കോ സോഷ്യല്‍ സപ്പോര്‍ട്ട് ടീം മാനസികാരോഗ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട കുഞ്ഞുങ്ങള്‍ക്ക് പ്രത്യേക മാനസിക പിന്തുണ ഉറപ്പാക്കുന്നുണ്ട്.
2018-ല്‍ കോഴിക്കോടും 2019-ല്‍ എറണാകുളത്തും 2021-ല്‍ വീണ്ടും കോഴിക്കോടും നിപ്പ രോഗബാധ ഉണ്ടായിട്ടുണ്ട്. ഇപ്പോള്‍ സംസ്ഥാനത്ത് നിപ്പ രോഗനിര്‍ണ്ണയത്തിനായി ലാബുകള്‍ സജ്ജമാണ്. തോന്നക്കലിലെ ഇന്‍സ്റ്റിറ്റൂട്ട് ഓഫ് വൈറോളജിയില്‍ നിപ്പ വൈറസ് രോഗം നിര്‍ണ്ണയിക്കാന്‍ സാമ്പിള്‍ പരിശോധനാ സംവിധാനമുണ്ട്. 2021 സെപ്റ്റംബര്‍ മാസം മുതല്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലെ പ്രത്യേകം സജ്ജീകരിച്ച ലാബില്‍ നിപ്പ രോഗ നിര്‍ണ്ണയ പരിശോധന നടന്നുവരുന്നുണ്ട്. ഇതു രണ്ടും സംസ്ഥാന സര്‍ക്കാരിന്റെ ഉടമസ്ഥതയിലും നിയന്ത്രണത്തിലുമുള്ളതാണ്.
2018-ല്‍ സംസ്ഥാനത്ത് നിപ്പ രോഗബാധ സംബന്ധിച്ച പ്രോട്ടോകോള്‍ പുറത്തിറക്കിയിരുന്നു. 2021 സെപ്റ്റംബറില്‍ ഇത് പരിഷ്കരിച്ചു. നിപ്പ രോഗവുമായി ബന്ധപ്പെട്ട ചികില്‍സ, മരുന്നുകള്‍, ഐസോലേഷന്, സാമ്പിള്‍ പരിശോധന തുടങ്ങിയ കാര്യങ്ങള്‍ സംസ്ഥാനത്ത് നടപ്പിലാക്കുന്നത് ഈ പ്രോട്ടോകോള്‍ പ്രകാരമാണ്. പുതിയ ശാസ്ത്രീയ നിഗമനങ്ങളുടെ അടിസ്ഥാനത്തില്‍ 2023-ല്‍ ചെറിയ ചില മാറ്റങ്ങളോടെ 2021-ലെ പ്രോട്ടോകോളും ആരോഗ്യവിദഗ്ധ സമിതി പരിഷ്കരിച്ചിട്ടുണ്ട്. 2022-ല്‍ ആരോഗ്യവകുപ്പ് വനം, മൃഗസംരക്ഷണം തുടങ്ങിയ വകുപ്പുകളെ ഏകോപിപ്പിച്ച് നടത്തിയ വര്‍ക്ക്ഷോപ്പില്‍ സുപ്രധാനങ്ങളായ പല പരിപാടികളും ആവിഷ്കരിക്കപ്പെട്ടിരുന്നു. വിദഗ്ധര്‍ പങ്കെടുത്ത ഈ വര്‍ക്ക്ഷോപ്പിന്റെ അടിസ്ഥാനത്തില്‍ നിപ്പ രോഗ പ്രതിരോധത്തിനായി കലണ്ടര്‍ രൂപീകരിച്ച് കര്‍മ്മ പരിപാടികള്‍ നടത്തുന്നുണ്ട്. നിപ്പ ഔട്ട്ബ്രേക്ക് നിരീക്ഷിക്കാന്‍ സി.ഡി.എം.എസ് പോര്‍ട്ടല്‍ ഇ-ഹെല്‍ത്ത് രൂപീകരിച്ചു.
വവ്വാലുകളില്‍ നിന്ന് വൈറസ് ബാധ ഉണ്ടാകാതിരിക്കാനുളള സാമൂഹിക ബോധവല്‍ക്കരണ പരിപാടികള്‍ നടത്തുന്നുണ്ട്.
നിപ്പയെ പ്രതിരോധിക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ ജാഗ്രതയോടുകൂടിയുളള നടപടികളാണ് സ്വീകരിച്ചു വരുന്നത്. നിപ്പ പ്രതിരോധത്തിന് എല്ലാവരുടേയും കൂട്ടായ പരിശ്രമവും സഹകരണവും അനിവാര്യമാണ്.
നിപ്പ രോഗബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ രോഗപ്രതിരോധത്തിനായി ചില മുന്‍കരുതലുകള്‍ സ്വീകരിക്കണം.
നിപ്പ ഒരാളില്‍ നിന്നും മറ്റൊരാളിലേക്ക് പകരുന്നത് ശരീര സ്രവങ്ങളിലൂടെയാണ്.
· ഇതുവരെയുള്ള ശാസ്ത്രീയ പഠനങ്ങളുടെ അടിസ്ഥാനത്തില്‍ കൊറോണ പോലെയോ ഇന്‍ഫ്ളുവന്‍സ പോലെയോ രോഗലക്ഷണങ്ങള്‍ ഇല്ലാത്ത ആള്‍ക്കാരില്‍ നിന്ന് മറ്റാള്‍ക്കാരിലേക്ക് പകരുന്നതല്ല നിപ്പ. തീവ്രരോഗലക്ഷണങ്ങളുള്ള നിപ്പ രോഗബാധിതരില്‍ നിന്നു മാത്രമേ നിപ്പ മറ്റൊരാളിലേക്ക് പകര്‍ന്നിട്ടുള്ളൂ.
ഈ സാഹചര്യത്തില്‍ അവലംബിക്കേണ്ട രോഗപ്രതിരോധ മുന്‍കരുതലുകള്‍ :
നിപ്പ സംശയിക്കുന്ന രോഗികളെ പരിചരിക്കുന്ന ഡോക്ടര്‍മാരും മറ്റ് ആരോഗ്യ പ്രവര്‍ത്തകരും കാഷ്വാലിറ്റി, ട്രയാജ്, ഐസൊലേഷന്‍ വാര്‍ഡ്, ഐസിയു തുടങ്ങിയിടങ്ങളിലെല്ലാം പേഴ്സണല്‍ പ്രൊട്ടക്റ്റീവ് എക്യുപ്മെന്റ്സ് (PPE), എന്‍ 95 മാസ്ക് എന്നിവ ഉപയോഗിച്ചുകൊണ്ട് മാത്രമേ ജോലി ചെയ്യാന്‍ പാടുള്ളൂ.
· സംസ്ഥാന സര്‍ക്കാരിന്റെ നിപ്പ ചികില്‍സാ പ്രോട്ടോകോള്‍ പ്രകാരമുള്ള എല്ലാ മുന്‍കരുതലുകളും പാലിക്കേണ്ടതാണ്.
· കോഴിക്കോട് ജില്ലയില്‍ നിര്‍ബന്ധമായും പൊതുജനങ്ങള്‍ സര്‍ജിക്കല്‍ മാസ്ക് ധരിക്കേണ്ടതാണ്.
· പനി, തലവേദന, തൊണ്ടവേദന, ചുമ തുടങ്ങിയ രോഗലക്ഷണങ്ങള്‍
ഉണ്ടെങ്കില്‍ ഉടന്‍തന്നെ ആരോഗ്യപ്രവര്‍ത്തകരുമായി ബന്ധപ്പെടേണ്ടതാണ്.
· കോഴിക്കോട് ജില്ലയില്‍ റൂട്ട്മാപ്പ് ഉള്‍പ്പെട്ട സ്ഥലങ്ങളില്‍ ആ സമയത്ത് ഉണ്ടായിരുന്നവര്‍ ആരോഗ്യവകുപ്പിനെ വിവരം അറിയിക്കേണ്ടതാണ്. കണ്ട്രോള് റൂമിലേക്ക് വിളിച്ച് വിവരം അറിയിക്കുന്നതിനായി നമ്പറുകള്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. അതുപോലെ ആവശ്യമില്ലാത്ത സാഹചര്യങ്ങളില്‍ ആശുപത്രി സന്ദര്‍ശനം ഒഴിവാക്കേണ്ടതാണ്.
· കേരളത്തില്‍ നാളിതുവരെ വവ്വാലുകളില്‍ നിന്നല്ലാതെ മറ്റു സസ്തനികളില്‍ നിപ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയിട്ടില്ലാത്തതിനാല്‍ നല്ലവണ്ണം വേവിച്ച ഇറച്ചി കഴിക്കുന്നതിന് തടസ്സവുമില്ല.
ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങള്‍
1. മാസ്ക്, ശാരീരിക അകലം, കൈകളുടെ ശുചിത്വം എന്നിവ രോഗപ്രതിരോധത്തിന് സഹായിക്കും
2. പനി, തൊണ്ടവേദന, ജലദോഷം തുടങ്ങിയ രോഗലക്ഷണമുള്ള കുട്ടികളെ സ്കൂളില്‍ അയയ്ക്കരുത്.
3. രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ആരോഗ്യ പ്രവര്‍ത്തകരുമായി ബന്ധപ്പെട്ട് നിര്‍ദ്ദേശങ്ങള്‍ക്ക് അനുസരിച്ച് ചികിത്സ തേടുക.
4. നിലത്ത് വീണ് കിടക്കുന്നതും, പക്ഷിമൃഗാദികള്‍ കടിച്ചതുമായ പഴങ്ങളോ, അടയ്ക്കയോ ഉപയോഗിക്കരുത്.
5. വവ്വാലുകള്‍ കാണപ്പെടുന്ന പ്രദേശങ്ങളില്‍ തെങ്ങ്, പന എന്നിവയില്‍ നിന്നും ലഭിക്കുന്ന തുറന്ന പാത്രങ്ങളില്‍ ശേഖരിക്കുന്ന കള്ള് ഉപയോഗിക്കരുത്.
6. പഴങ്ങളും പച്ചക്കറികളും ഉപയോഗത്തിന് മുമ്പേ നന്നായി കഴുകുക.
7. കിണറുകള്‍ തുടങ്ങിയ ജല സ്രോതസുകളില്‍ വവ്വാലുകളുടെ കാഷ്ഠം മൂത്രം മറ്റ് ശരീര സ്രവങ്ങള്‍ വിഴാതെ സുരക്ഷിതമായി സൂക്ഷിക്കുക.