ലൈംഗിക പീഡനമടക്കം സോളാർ കേസുകൾ വീണ്ടും കുത്തിയിളക്കി കോൺഗ്രസ് നേതൃത്വം ഊരാക്കുടുക്കിലായി. കരുണാകരനെ രാജി വെപ്പിച്ച ചാരക്കേസ് മോഡലിൽ ഉമ്മൻചാണ്ടിയെ താഴെയിറക്കി മുഖ്യമന്ത്രി പദം തട്ടിയെടുക്കാൻ തിരുവഞ്ചൂർ രാധാകൃഷ്ണനും രമേശ് ചെന്നിത്തലയും നടത്തിയ നീക്കങ്ങൾ കോൺഗ്രസ് നേതാക്കൾ തന്നെ പുറത്തു കൊണ്ടുവന്നു ഇതിൽ അന്ന് ആഭ്യന്തര മന്ത്രിയായിരുന്ന തിരുവഞ്ചൂർ രാധാകൃഷ്ണനു നേരെയാണ് തെളിവുകളുടെയും ആരോപണങ്ങളുടെയും കുന്തമുന. ഉമ്മൻചാണ്ടിയെ നാണം കെടുത്തി ഇറക്കിവിടാൻ കോൺഗ്രസ് നേതാക്കൾ സോളാർ കേസ് സമർഥമായി ഉപയോഗിച്ചുവെന്നാണ് തെളിയുന്നത്.
തിരുവഞ്ചൂരിനെതിരെ നേരത്തേ ഉയർന്ന പരാതികളിലേക്ക് കൂടുതൽ വെളിച്ചം വീശുന്ന വിവരങ്ങളാണ് പുറത്തുവന്നു കൊണ്ടിരിക്കുന്നത്. ഇനിയും വെളിപ്പെടുത്തലുകൾ വരാനുണ്ടെന്നും കോൺഗ്രസ് വൃത്തങ്ങൾ സൂചന നൽകുന്നു. ഉമ്മൻചാണ്ടിയുടെ പേരുള്ള, പരാതിക്കാരിയുടെ കത്ത് പുറത്തുവരാൻ അതിയായ താൽപ്പര്യം കാണിച്ചത് അന്നത്തെ ആഭ്യന്തരമന്ത്രിമാരായിരുന്ന രണ്ടു പേർ ദൂതന്മാർ വഴി സമീപിച്ചിരുന്നുവെന്ന് ദല്ലാൾ നന്ദകുമാർ വ്യക്തമാക്കി.
മുഖ്യമന്ത്രിയായ ഉമ്മൻചാണ്ടിയെപ്പോലും അറിയിക്കാതെയാണ് അദ്ദേഹത്തിന്റെ പഴ്സണൽ സ്റ്റാഫ് അംഗമായ ടെനി ജോപ്പനെ തിരുവഞ്ചൂർ അറസ്റ്റ് ചെയ്യിച്ചതെന്നും ഉമ്മൻചാണ്ടിയെ ഇത് അത്ഭുതപ്പെടുത്തിയെന്നുമാണ് മുതിർന്ന കോൺഗ്രസ് നേതാവ് കെ സി ജോസഫ് സാക്ഷ്യപ്പെടുത്തിയത്. ദീർഘകാലം ഉമ്മൻചാണ്ടിക്കൊപ്പംനിന്ന തിരുവഞ്ചൂർ നിർണായക ഘട്ടത്തിൽ കൂറുമാറി വഞ്ചിച്ചെന്നാണ് എ ഗ്രൂപ്പിന്റെ ആക്ഷേപം. തിരുവഞ്ചൂർ, സോളാർ കേസിലെ പ്രതികളുമായി പല സ്ഥലങ്ങളിൽ വച്ച് കൂടിക്കാഴ്ച നടത്തിയതും ആരോപണങ്ങളെ സാധൂകരിക്കുന്നു. ശാലുമേനോന്റെ കുടുംബവുമായി ബന്ധമുണ്ടെന്നും ബിജു രാധാകൃഷ്ണൻ, പരാതിക്കാരി എന്നിവരുമായി സംസാരിച്ചിട്ടുണ്ടെന്നും ശിവരാജൻ കമീഷന് തിരുവഞ്ചൂർ മൊഴി കൊടുത്തിട്ടുണ്ട്. സോളാർ കേസിൽ ഉമ്മൻചാണ്ടിയെ കൂട്ടിക്കെട്ടാനാവശ്യമായ വിവരങ്ങളും അദ്ദേഹത്തിന്റെ മൊഴിയിലുണ്ട്.
കെ സി ജോസഫിനെതിരെ നടപടി എടുക്കണമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ ആവശ്യപ്പെട്ടു. കാര്യങ്ങൾ നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നും അവർ നിലപാട് വ്യക്തമാക്കിയശേഷം വീണ്ടും കാണാമെന്നും നിയമസഭയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ തിരുവഞ്ചൂർ പ്രതികരിച്ചു. യുഡിഎഫിലെ രണ്ട് മുൻ ആഭ്യന്തരമന്ത്രിമാർക്കെതിരായ ആരോപണം എന്തുകൊണ്ടെന്ന് അറിയില്ല. അതിന് മറുപടി പറയുന്നില്ല. ഉമ്മൻചാണ്ടിയെ താഴെയിറക്കാനുള്ള ചിന്തയേ ഉണ്ടായിരുന്നില്ല. രമേശ് ചെന്നിത്തലയുടെ കാര്യം അദ്ദേഹം പറയട്ടെയെന്നും തിരുവഞ്ചൂർ പറഞ്ഞു.
സോളാർ കേസിൽ തുടരന്വേഷണത്തിന്റെ ആവശ്യമില്ലെന്ന് യുഡിഎഫ് കൺവീനർ എം എം ഹസ്സൻ യുഡിഎഫ് യോഗത്തിനു ശേഷം പറഞ്ഞു. സിബിഐയേക്കാൾ വലിയ അന്വേഷണ ഏജൻസിയില്ല.. സിബിഐ റിപ്പോർട്ടിലെ കണ്ടെത്തലുകളെ യുഡിഎഫ് സ്വാഗതം ചെയ്യുന്നു. നന്ദകുമാർ പറഞ്ഞതിനോട് പ്രതികരിക്കാനില്ല. ഉമ്മൻചാണ്ടിക്കെതിരെ ഗൂഡാലോചന നടത്തിയവർക്ക് എതിരെ അന്വേഷണം വേണമെന്ന് കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് വി ഡി സതീശൻ സഭയിൽ ആവശ്യപ്പെട്ടിരുന്നു. ഉമ്മൻ ചാണ്ടിയെ മാറ്റാൻ കോൺഗ്രസ് നേതാക്കൾ നടത്തിയ ഗൂഢാലോചന പുറത്തുവന്നു കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് തുടരന്വേഷണമെന്ന ആവശ്യത്തിൽ നിന്നുള്ള മലക്കംമറിയൽ, അന്വേഷണം വേണ്ടെന്ന് യുഡിഎഫ് യോഗത്തിന്റെ അഭിപ്രായമാണെന്നാണ് എം എം ഹസ്സൻ മാധ്യമങ്ങളോടു പറഞ്ഞത്. നേരത്തേ സിബിഐ റിപ്പോർട്ട് പുറത്തുവന്നശേഷം ഇക്കാര്യത്തിൽ വിശദമായ അന്വേഷണം വേണമെന്നായിരുന്നു യുഡിഎഫ് നേതാക്കളുടെ ആവശ്യം. അന്വേഷണം ആകാമെന്ന് മുഖ്യമന്ത്രി നിയമസഭയിൽ അറിയിക്കുകയും ചെയ്തു.
സിബിഐയും ഇഡിയും അടക്കമുള്ള കേന്ദ്ര അന്വേഷണ ഏജൻസികൾക്കെതിരെ കോൺഗ്രസ് ദേശീയ നേതൃത്വം പ്രക്ഷോഭത്തിലാണ്. എന്നാൽ, സിബിഐയേക്കാൾ വലിയ ഏജൻസി ഇല്ലെന്നാണ് യുഡിഎഫ് കൺവീനറുടെ വാദം. സോളാർ ലൈംഗികാരോപണക്കേസിൽ ഉമ്മൻചാണ്ടിക്ക് എതിരായ പരാതിയിൽ തെളിവില്ലെന്ന് മാത്രമാണ് സിബിഐ കണ്ടെത്തൽ. എന്നാൽ, ചില മൊഴികളുടെ അടിസ്ഥാനത്തിൽ രാഷ്ട്രീയ എതിരാളികളുടെ ‘ഗൂഢാലോചന’യുണ്ടെന്ന് വരുത്തിത്തീർക്കാനുമുള്ള ശ്രമത്തിലാണ് യുഡിഎഫ് നേതൃത്വം. ഉമ്മൻ ചാണ്ടിക്കെതിരെ ഉയർന്ന വിഷയത്തിൽമാത്രം ലഭിച്ച ആനുകൂല്യം സാമ്പത്തിക തട്ടിപ്പുകേസിലും ലൈംഗികാരോപണത്തിലും കോൺഗ്രസിലെ മറ്റ് നേതാക്കൾക്കുകൂടി ലഭ്യമാക്കുകയെന്ന തന്ത്രമാണ് പയറ്റാനൊരുങ്ങുന്നത്. യുഡിഎഫ് നേതാക്കളുടെതന്നെ ഗൂഢാലോചനയിൽ ഉദയംകൊണ്ട സോളാർ കേസിന്റെ പേരിൽ ‘മുഖ്യമന്ത്രി രാജിവയ്ക്കുക’ എന്ന പതിവ് മുദ്രാവാക്യം ഉയർത്താനാണ് ധാരണ.