രാജ്യത്ത് വർധിച്ചുവരുന്ന മാധ്യമ വിചാരണ കോടതികളുടെ നീതിനിർവഹണത്തെ പ്രതികൂലമായി ബാധിക്കുവെന്ന് അതിരൂക്ഷമായി വിമർശിച്ച സുപ്രീംകോടതി മാധ്യമ വിചാരണയെ ചെറുക്കാൻ മൂന്നുമാസത്തിനകം പുതുക്കിയ മാർഗനിർദേശം പുറത്തിറക്കണമെന്ന് കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടു. കുറ്റകൃത്യങ്ങളെ സംബന്ധിച്ച് പൊലീസ് നടത്തുന്ന വെളിപ്പെടുത്തലുകൾ മാധ്യമ വിചാരണയിൽ കലാശിക്കുന്നത് ഒഴിവാക്കണമെന്ന് നിർദേശിച്ച ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢിന്റെ അധ്യക്ഷതയിലുള്ള ബെഞ്ചാണ് മാർഗനിർദേശങ്ങൾ സമർപ്പിക്കാൻ കേന്ദ്രആഭ്യന്തര മന്ത്രാലയത്തോട് ആവശ്യപ്പെട്ടത്.
2017ൽ പീപ്പിൾസ് യൂണിയൻ ഫോർ സിവിൽ ലിബർട്ടീസ് അടക്കമുള്ളവർ സമർപ്പിച്ച ഹർജിയിലാണ് നടപടി. ഒരുമാസത്തിനുള്ളിൽ എല്ലാ സംസ്ഥാന പൊലീസ് മേധാവിമാരും മന്ത്രാലയത്തിന് ശുപാർശ സമർപ്പിക്കണം. ദേശീയ മനുഷ്യവകാശ കമീഷന്റെ നിർദേശങ്ങളും തേടണം. ജനുവരി രണ്ടാം വാരം വീണ്ടും വിഷയം പരിഗണിക്കും. അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പേരിൽ മാധ്യമ വിചാരണ നടത്തുന്നത് അനുവദിക്കില്ലന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. വെളിപ്പെടുത്തലുകൾ മാധ്യമവിചാരണയിൽ കലാശിക്കുന്നതും അതുവഴി കുറ്റം തെളിയിക്കപ്പെടുന്നതിന് മുമ്പ് ഒരാളെ കുറ്റക്കാരനെന്ന് മുദ്രകുത്തുന്നത് ഒഴിവാക്കേണ്ടതുണ്ട്.
2014ൽ കോടതി പുറപ്പെടുവിച്ച മാർഗനിർദേശത്തിന്റെ അടിസ്ഥാനത്തിൽ പൊലീസിന് ഇക്കാര്യത്തിൽ എന്ത് പരിശീലനം നൽകിയെന്നും കേന്ദ്രത്തോട് ചീഫ് ജസ്റ്റിസ് ചോദിച്ചു. അച്ചടി മാധ്യങ്ങൾക്ക് പുറമേ ഇലക്ട്രോണിക് മാധ്യമങ്ങളുടെ തോത് ഗണ്യമായി വർധിച്ചതിനാൽ ഒരു പതിറ്റാണ്ട് മുമ്പ് നിലവിൽ വന്ന മാർഗനിർദേശത്തിൽ കാതലായ പരിഷ്ക്കാരം വേണം. ഏറ്റുമുട്ടലുകൾ പോലുള്ളവയിൽ പൊലീസ് പിന്തുടരേണ്ട നടപടിക്രമങ്ങൾ, കുറ്റകൃത്യത്തെ സംബന്ധിച്ച് ഏത് ഘട്ടത്തിലാണ് പൊലീസ് വെളിപ്പെടുത്തൽ നടത്തേണ്ടത്, ഏത് തരത്തിലുള്ള വിവരങ്ങൾ നൽകണം തുടങ്ങിയവ തീരുമാനിക്കേണ്ടതുണ്ടന്ന് പറഞ്ഞപ്പോഴാണ് മാധ്യമ വിചാരണയെ സുപ്രീംകോടതി വീണ്ടും തുറന്നെതിർത്തത്.
കുറ്റരോപിതനെ കുറ്റവാളിയാക്കിയുള്ള മാധ്യമ റിപ്പോർട്ടുകളെ അധാർമികമെന്ന് വിശേഷിപ്പിച്ച കോടതി, പക്ഷപാതമായി റിപ്പോർട്ട് ചെയ്യുന്നത് അയാൾ കുറ്റക്കാരനാണെന്ന് പൊതുബോധം സൃഷ്ടിക്കുമെന്നും കുറ്റരോപിതന് പുറമേ ഇരയുടെയും സ്വകാര്യത ലംഘിക്കുന്നതാണെന്നും വ്യക്തമാക്കി. നിഷ്ക്ഷവും നീതിയുക്തവുമായ അന്വേഷണത്തിനിന് പുറമേ നിരപരാധിയാണെന്ന് അനുമാനിക്കപ്പെടാനും കുറ്റാരോപിതന് അർഹതയുണ്ട്. എല്ലാ കേസുകളിലും പൊലീസിന്റെ വെളിപ്പെടുത്തലിന്റെ സ്വഭാവം ഏകീകൃതമാക്കാൻ കഴിയില്ലന്ന് അംഗീകരിക്കുമ്പോഴും ഇരയുടെയും കുറ്റാരോപിതന്റെയും പ്രായം, ലിംഗം തുടങ്ങിയവയ്ക്ക് പ്രാധാന്യമുണ്ടെന്നും ഉത്തരവിൽ ഓർമിപ്പിച്ചു. വിഷയത്തിൽ കോടതി നിയോഗിച്ച അമിക്കസ് ക്യുറി ഗോപാൽ ശങ്കരനാരായണൻ പൊലീസിനെ ബോധവൽക്കരിക്കണന്നാണ് ആവശ്യപ്പെട്ടത്. rആരുഷി തൽവാർ കേസിൽ പൊലീസ് തന്നെ പല തരത്തിലുള്ള വെളിപ്പെടുത്തൽ നടത്തിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.