യുനെസ്കോ പ്രസിദ്ധീകരിച്ച 2023-ലെ ഗ്ലോബൽ എഡ്യൂക്കേഷൻ മോണിറ്ററിംഗ് റിപ്പോർട്ടിൽ കേരളത്തിന് പ്രശംസ. വിദ്യാഭ്യാസ മേഖലയിൽ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്നതിനെക്കുറിച്ച് മൂന്ന് പ്രത്യേക പരാമർശങ്ങൾ കേരളത്തിന് ലഭിച്ചു.’സഹവർത്തിത്വത്തോടെയുള്ള പ്രവർത്തനങ്ങൾ ഉള്ളടക്ക നിർമിതിയുടെ ഗുണനിലവാരവും വൈവിധ്യവും വർദ്ധിപ്പിക്കും’ എന്ന തലക്കെട്ടിനു കീഴിലാണ് കൈറ്റിൻ്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന ‘സ്കൂൾവിക്കി’ പോർട്ടൽ അന്താരാഷ്ട്ര മാതൃകയായി പരാമർശിക്കപ്പെട്ടത്. സ്വതന്ത്ര സോഫ്റ്റ്വെയറായ വിക്കിമീഡിയാ പ്ലാറ്റ്ഫോമിൽ തയ്യാറാക്കിയ സ്കൂൾവിക്കിയിൽ 15000-ത്തിലധികം സ്കൂളുകളെക്കുറിച്ചുള്ള ഉള്ളടക്കം പങ്കാളിത്ത രീതിയിൽ വികസിപ്പിച്ചെടുത്തത് ശ്രദ്ധേയമായ നേട്ടമാണെന്ന് യുനെസ്കോ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി.
സ്കൂളുകളെക്കുറിച്ചുള്ള വിവരങ്ങൾക്ക് പുറമെ സംസ്ഥാന സ്കൂൾ കലോത്സവ രചനകൾ, ചിത്രങ്ങൾ, ഡിജിറ്റൽ മാഗസിനുകൾ, കോവിഡ്കാല രചനകൾ എന്നിങ്ങനെ ഇന്ത്യയിലെ വിദ്യാഭ്യാസ രംഗത്തെ പ്രാദേശിക ഭാഷയിലെ ഏറ്റവും വലിയ വിവര സംഭരണിയാണ് സ്കൂൾവിക്കി (www.schoolwiki.in) പോർട്ടൽ.
‘സ്വതന്ത്ര സോഫ്റ്റ്വെയറിൽ ചില രാജ്യങ്ങൾ ചാമ്പ്യന്മാരായിട്ടുണ്ട്’ എന്ന ശിർഷകത്തിനു കീഴിലാണ് കേരളത്തിലെ സ്കൂളുകളിൽ പൂർണമായും സ്വതന്ത്ര സോഫ്റ്റ്വെയർ ഉപയോഗിച്ച് ഡിജിറ്റൽ വിദ്യാഭ്യാസം നടത്തുന്ന മാതൃക അവതരിപ്പിച്ചത്. കേരള സർക്കാരിൻ്റെ സ്വതന്ത്ര സോഫ്റ്റ്വെയർ നയം എടുത്തു പറയുന്ന റിപ്പോർട്ട് കേരളത്തിലെ സ്കൂളുകളിൽ 2 ലക്ഷം ലാപ്ടോപ്പുകളിൽ ഏറ്റവും പുതിയ സ്വതന്ത്ര സോഫ്റ്റ്വെയർ ആപ്ലിക്കേഷനുകൾ വിന്യസിച്ച കാര്യം എടുത്തു പറയുന്നു. കേരളത്തിൽ കൈറ്റിലൂടെ നടത്തുന്ന ഡിജിറ്റൽ വിദ്യാഭ്യാസത്തിന്റെ ഭാഗമായി സ്വതന്ത്ര സോഫ്റ്റ്വെയർ ഉപയോഗിച്ചതുകൊണ്ട് 3000 കോടി രൂപ ലാഭിച്ചത് നേരത്തെ നീതി ആയോഗിന്റേതുൾപ്പെടെ ദേശീയ-അന്തർദേശീയ ഏജൻസികളുടെ ശ്രദ്ധപിടിച്ചുപറ്റിയിരുന്നു. ഇന്ത്യയിൽ സ്കൂളുകളിൽ ഏറ്റവും കൂടുതൽ ഇന്റർനെറ്റ് കണക്ഷനുകളുള്ള സംസ്ഥാനങ്ങളുടെ പട്ടികയിൽ കേരളത്തെ ഉൾപ്പെടുത്തിയാണ് യുനെസ്കോ റിപ്പോർട്ടിൻ്റെ മൂന്നാമത്തെ പരാമർശം.
പാഠ്യപദ്ധതി പരിഷ്കരണത്തിൻ്റെ ഭാഗമായി ഏറ്റവും പുതിയ സ്വതന്ത്ര സോഫ്റ്റ്വെയർ സങ്കേതങ്ങൾ ഉപയോഗിച്ചുകൊണ്ടുള്ള പുതിയ ഐ.സി.ടി. പാഠപുസ്തകങ്ങൾ തയ്യാറാക്കുമെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. പാഠപുസ്തകങ്ങളുടെ ഫലപ്രദമായ ഉപയോഗം ഉറപ്പാക്കിയും, നിശ്ചിത എണ്ണം കുട്ടികൾക്കുള്ള മെന്ററിംഗ്, പിന്തുണ, ലാഗ്വേജ് ലാബ് ഉൾപ്പെടെയുള്ള കാര്യങ്ങൾക്ക് സ്വതന്ത്ര സോഫ്റ്റ്വെയർ അധിഷ്ഠിതമായ ചട്ടക്കൂടുകൾ ശക്തമാക്കിയും കേരളത്തെ ഡിജിറ്റൽ വിദ്യാഭ്യാസത്തിൽ ലോകത്തിൻ്റെ നെറുകയിലേക്കുയർത്തും. സാങ്കേതിക വിദ്യയെ വിദ്യാഭ്യാസത്തിൽ ഉൾചേർക്കുന്നതിൽ കേരളത്തിന് ലഭിച്ച അംഗീകാരമാണ് യുനെസ്കോ റിപ്പോർട്ടിലെ പരാമർശങ്ങളെന്നും മന്ത്രി പറഞ്ഞു.