തിരുവനന്തപുരം: T 21 അവതാരക പാര്‍വതി ഗിരികുമാറിനെതിരായ കോണ്‍ഗ്രസിന്റെ സൈബര്‍ ആക്രമണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും സിറ്റി പോലീസ് കമ്മീഷണര്‍ക്കും പരാതി നല്കി.
പുതുപ്പള്ളി തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെയാണ് കോണ്‍ഗ്രസ് അണികളുടെ നികൃഷ്ടമായ സൈബര്‍ ആക്രമണം ആരംഭിച്ചത്. ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപനത്തെ തുടര്‍ന്ന് T 21 പ്രതിനിധിയായി പുതുപ്പള്ളിയിലെത്തിയ പാര്‍വതി മണ്ഡലത്തിലെ വികസനയില്ലായ്മ വെളിച്ചത്ത് കൊണ്ടുവന്നതിന്റെ പേരിലാണ് കൂട്ടആക്രമണം നടത്തി വരുന്നത്.
യഥാര്‍ത്ഥ പേര് വെളിപ്പെടുത്തുന്നതും അല്ലാത്തതുമായ ഫേസ്ബുക്ക് അക്കൗണ്ടുകളിലൂടെയാണ് കേട്ടാലറയ്ക്കുന്ന തെറിവിളിയും അശ്ലീലവും പ്രചരിപ്പിക്കുന്നത്. വീഡിയോയില്‍ നിന്നെടുത്ത സ്ക്രീന്‍ഷോട്ടുകള്‍ അശ്ലീലമായ രീതിയില്‍ മോര്‍ഫ് ചെയ്താണ് കോണ്‍ഗ്രസ് സൈബര്‍ സംഘത്തിന്റെ പ്രചാരണം. ഇതോടൊപ്പം കോണ്‍ഗ്രസിന്റെ ഉന്നതര്‍ വരെ അംഗമായ പേജുകളില്‍ ഉള്‍പ്പെടെ ഇടതുപക്ഷ സ്ഥാനാര്‍ത്ഥി ജെയ്ക് സി തോമസിന്റെ പേരും ചിത്രവും ചേര്‍ത്തും കോണ്‍ഗ്രസുകാര്‍ അസഭ്യവര്‍ഷം നടത്തുന്നു.
പുതുപ്പള്ളിയില്‍ വികസനം തൊട്ടുതീണ്ടാത്തത് കൃത്യമായി റിപ്പോര്‍ട്ട് ചെയ്ത് കോണ്‍ഗ്രസിന്റെ ഊതിവീര്‍പ്പിച്ച ബലൂണ്‍ പൊട്ടിച്ചതിലുണ്ടായ വൈരാഗ്യം കൂടിയാണ് ഇത്. T 21 പുറത്തു കൊണ്ടുവന്ന കാര്യങ്ങള്‍ നിഷേധിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് കഴിഞ്ഞില്ല. ഇതിന്റെ അമര്‍ഷത്തിലാണ് പാര്‍വതിയെ വ്യക്തിപരമായി ആക്രമിക്കുന്നത്. സൈബര്‍ ആക്രമണത്തെ നിയമപരമായി നേരിടാനാണ് തീരുമാനമെന്ന് പാര്‍വതി പ്രതികരിച്ചു.