തിരുവനന്തപുരം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് വിജയത്തിൻ്റെ അടിസ്ഥാനം ഉമ്മൻ ചാണ്ടിയുടെ മരണത്തിന് ശേഷമുള്ള സഹതാപ തരംഗമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ജനവിധി എൽഡിഎഫ് മാനിക്കുന്നു. ഉമ്മൻ ചാണ്ടിയുടെ മരണാനന്തര ചടങ്ങ് പോലും തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇടയിലാണ് നടന്നത്. യുഡിഎഫ് സ്ഥാനാർത്ഥിയുടെ വിജയം ഉമ്മൻ ചാണ്ടിയുടെ 13ാം വിജയമാണെന്നാണ് ചാണ്ടി ഉമ്മൻ അവകാശപ്പെട്ടത്. ഇതെല്ലാം സഹതാപ തംരംഗത്തിൻ്റെ സുചനകൾ വ്യക്തമാക്കുന്നതാണ് എന്നും അദ്ദേഹം ചുണ്ടിക്കാട്ടി.
തെരഞ്ഞെടുപ്പിൽ എൽഡിഎഫിൻ്റെ അടിത്തറയ്ക്ക് കോട്ടം സംഭവിച്ചിട്ടില്ല. വീഴ്ചകളുണ്ടായോ എന്ന് പരിശോധിക്കും. എൽഡിഎഫിൻ്റെ നല്ല രീതിയിലുള്ള സംഘടനാ പ്രവർത്തനം, മികവുറ്റ രാഷ്ട്രീയ പ്രവർത്തനം, വികസനത്തെക്കുറിച്ചും ഗവൺമെൻറിനെക്കുറിച്ചുള്ള കാഴ്ചപ്പാട് അവതരിപ്പിച്ച നടത്തിയ പ്രവർത്തനത്തിൻ്റെ ഭാഗമായി ഈ സഹതാപ തരംഗത്തിനിടയിലും അടിത്തറ നിലനിർത്തി പോകാൻ സാധിച്ചതെന്നും എം.വി ഗോവിന്ദൻ തിരുവന്തപുരനത്ത് പ്രതികരിച്ചു.
ബിജെപിക്ക് വലിയ രീതിയിലുള്ള വോട്ട് ചോർച്ച ഉണ്ടായിട്ടുണ്ട്. 19000 വരെ വോട്ട് നേടിയിട്ടുള്ള മണ്ഡലത്തിൽ 6558 ആയി കുറഞ്ഞു. ബിജെപിയുടെ നല്ല ശതമാനം വോട്ട് യുഡിഎഫിന് പോയിട്ടുണ്ട്. പരാജയത്തിൻ്റെ അടിസ്ഥാനത്തിൽ ആവശ്യമായ വിലയിരുത്തലുകൾ നടത്തി ഫലപ്രദമായ കാഴ്ചപ്പാടുകൾ രൂപപ്പെടുത്തും. ഉമ്മൻ ചാണ്ടിയെപ്പോലെ ഒരാളുടെ മരണത്തെ തുടർന്ന് നടക്കുന്ന തെരഞ്ഞെടുപ്പിൽ സഹതാപം സ്വാഭാവികമാണ്. വലിയ അവകാശവാദങ്ങൾ എൽഡിഎഫ് പറഞ്ഞിട്ടില്ലന്നും അദ്ദേഹം കൂട്ടിച്ചേർത്തു.