തിരുവനന്തപുരം: സംസ്ഥാന വനിത വികസന കോർപറേഷൻ്റെ 2021-22 വർഷത്തെ ലാഭവിഹിതം മുഖ്യമന്ത്രി പിണറായി വിജയന് ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ് കൈമാറി. 27,75,610 രൂപയാണ് കൈമാറിയത്. കോർപറേഷൻ്റെ 35 വർഷത്തെ പ്രവർത്തന ചരിത്രത്തിൽ ആദ്യമായാണ് സർക്കാരിന് ലാഭവിഹിതം കൈമാറുന്നത്.
വനിത വികസന കോർപറേഷൻ മാനേജിംഗ് ഡയറക്ടർ വി സി ബിന്ദുവും ഒപ്പമുണ്ടായിരുന്നു. സ്ത്രീകളുടെ സാമ്പത്തിക ശാക്തീകരണം മുൻനിർത്തി പ്രവർത്തിക്കുന്ന വനിതാ വികസന കോർപറേഷൻ 2022-23 സാമ്പത്തിക വർഷത്തിൽ 260.75 കോടി രൂപ വായ്പ വിതരണം ചെയ്തതായി മന്ത്രി വീണാ ജോർജ് അറിയിച്ചു.140 കോടി രൂപയിൽ നിന്നും സർക്കാർ ഗ്യാരണ്ടി 845.56 കോടി രൂപയായി ഉയർത്തിയാണ് വായ്പാ വിതരണത്തിൽ റെക്കോർഡ് നേട്ടം കൈവരിച്ചത്. രണ്ടു വർഷം കൊണ്ട് 70,582 തൊഴിലവസരങ്ങൾ സൃഷ്ടിച്ചതായും മന്ത്രി പറഞ്ഞു.