ദില്ലി: ജി20 ഉച്ചകോടി തുടങ്ങാനിരിക്കെ പ്രതിനിധികൾ കടന്ന് പോകാൻ സാധ്യതയുള്ള വഴിയിലെ ചേരികൾ നെറ്റ് ഉപയോഗിച്ച് മറച്ച് കേന്ദ്രം. പ്രധാനവേദിക്ക് സമീപമുള്ള വീടുകളും ചേരികളും ഇതിൻ്റെ ഭാഗമായി പൊളിച്ചുമാറ്റി. പ്രധാന വേദിയായ പ്രഗതി മൈതാനിലെ ഭാരത മണ്ഡപത്തിന് സമീപത്തുണ്ടായിരുന്ന ചേരിയിലെ അൻപതോളം വീടുകളാണ് പൊളിച്ചത്. ജി20 ഈ മാസം ഒമ്പതിന് തുടങ്ങാനിരിക്കെ ദില്ലി നഗരത്തിലെ പ്രധാന മേഖലയായ മുനീർക്കയിലെ ചേരിയിലാണ് ഗ്രീൻ നെറ്റ് ഉപയോഗിച്ച് വീടുകൾ ഒരു തരത്തിലും പുറത്ത് കാണാത്ത രീതിയിൽ മറച്ചത്. ചേരിയിലുള്ളവർ പുറത്തിറങ്ങുന്ന വഴി മാത്രമാണ് തുറന്നിട്ടുള്ളത്. നെറ്റിന് മുകളിൽ ജി20യുടെ പരസ്യ ബോർഡുകളും സ്ഥാപിച്ചിട്ടുണ്ട്. വിമാനത്താവളത്തിന് സമീപത്തെ ചേരികളിലും വെളിയിൽ കാണുന്ന ഭാഗങ്ങൾ ഈ വിധം പരസ്യ ബോർഡുകൾ ഉപയോഗിച്ച് മറച്ചിട്ടുണ്ട്. ഉച്ചകോടി അവസാനിച്ച് നേതാക്കൾ മടങ്ങിയ ശേഷം മാത്രമേ ചേരികൾ മറച്ച നെറ്റുകൾ നീക്കം ചെയ്യൂ എന്നാണ് സൂചന.
ഇതാദ്യമായിട്ടല്ല ഇത്തരത്തിലുള്ള സംഭവങ്ങൾ അരങ്ങേറുന്നത്. 2020ൽ ഗുജറാത്തിലും സമാനസംഭവം ഉണ്ടായിരുന്നു. അന്നത്തെ അമേരിക്കൻ പ്രസിഡന്റായിരുന്ന ഡൊണാൾഡ് ട്രംപിൻ്റെ സന്ദർശന വേളയിൽ മതിൽ പണിതാണ് ചേരികൾ മറച്ചത്. അഹമ്മദാബാദ് എയർപോർട്ട് മുതൽ ഗാന്ധിനഗർ വരെയുള്ള റോഡിൻ്റെ വശങ്ങളിലായിരുന്നു സൗന്ദര്യവത്കരണത്തിൻ്റെ ഭാഗമായി മതിൽ പണിതത്. 2017ൽ ജപ്പാൻ പ്രസിഡന്റായിരുന്ന ഷിൻസോ ആബെ ഗുജറാത്ത് സന്ദർശിച്ചപ്പോഴും ചേരികൾ മറച്ച് സൗന്ദര്യവത്കരണം നടത്തിയിരുന്നു.