പുതുപ്പള്ളി: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ നിഖിൽ പൈലി പ്രചരണത്തിൽ ഇറങ്ങിയതിൽ കോൺഗ്രസിനുള്ളിൽ അതൃപ്തി പൂകയുന്നതായി സൂചന. ഇടുക്കി പൈനാവ് എൻജിനീയറിങ് കോളേജിലെ എസ്എഫ്ഐ പ്രവർത്തകൻ ധീരജിനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ ഒന്നാംപ്രതിയാണ് നിഖിൽ പൈലി. യൂത്ത് കോൺഗ്രസ് സംസ്ഥാന നേതാക്കളായ കെ എസ് ശബരിനാഥൻ, റിജിൽ മാക്കുറ്റി, രാഹുൽ മാങ്കൂട്ടത്തിൽ എന്നിവർക്കൊപ്പമാണ് നിഖിൽ പൈലി പ്രചരണം നടത്തുന്നത്. എന്നാൽ നിഖിൽ പൈലി പ്രചരണത്തിൽ ഇറങ്ങുന്നതിൽ കോൺഗ്രസ് പ്രവർത്തക്കാർക്കിടയിൽ പോലും കടുത്ത അതൃപ്തിയാണ് ഉള്ളത്. മാധ്യമങ്ങളിൽ വാർത്ത ആയിട്ട് പോലും നിഖിൽ പൈലിക്ക് പിന്തുണയുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരനും, കെ സി വേണുഗോപാലും രംഗത്തുണ്ടെന്നാണ് അറിവ്.
എന്നാൽ എതിർ ഗ്രൂപ്പുകാർ നിഖിൽ പൈലിയെ നേതാവായി ഉയർത്തികൊണ്ടുവരുന്നതിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശന് കടുത്ത അതൃപ്തിയാണ് ഉള്ളത്. നിഖിൽപൈലി പ്രചരണത്തിന് വന്നതിൽ എന്താണ് തെറ്റെന്നും നിഖിൽ കുറ്റക്കാരനെന്ന് തെളിഞ്ഞിട്ടില്ലെന്നുമായിരുന്നു യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മൻ്റെ ന്യായീകരണം. നിഖൽ പൈലി കുറ്റക്കാരനല്ലെന്നും കോടതി വിധി വരുന്നത് വരെ കുറ്റക്കാരനെന്ന് പറയാനാകില്ലെന്നുമാണ് മുതിർന്ന കോൺഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണൻ പ്രതികരിച്ചത്.
ധീരജിനെ ഒറ്റക്കുത്തിന് കൊന്ന കേസിലെ പ്രതികളെ ‘സ്വന്തം കുട്ടികൾ’ എന്നും കൊല്ലപ്പെട്ട ധീരജിനെ ‘മരണം ഇരന്നുവാങ്ങിയവൻ’ എന്നുമാണ് കെപിസിസി പ്രസിഡന്റ് കെ സുധാകരനും കോൺഗ്രസും വിശേഷിപ്പിച്ചത്. കൊലക്കേസിൽ പ്രതിയായ ശേഷമാണ് യൂത്ത് കോൺഗ്രസ് ഔട്ട്റീച്ച് സെൽ വൈസ് ചെയർമാനായി നിഖിൽ പൈലിയെ നിയമിച്ചത്. ഔട്ട്റീച്ച് സെൽ ദേശീയ ചെയർമാൻ ചാണ്ടി ഉമ്മനാണ് ഭാരവാഹികളുടെ പട്ടിക പുറത്തിറക്കിയത്.
യൂത്ത് കോൺഗ്രസ് വാഴത്തോപ്പ് മണ്ഡലം പ്രസിഡന്റ് നിഖിൽ പൈലി, ഇടുക്കി മണ്ഡലം വൈസ് പ്രസിഡന്റ് ജെറിൻ ജോജോ, കെഎസ്യു ജില്ലാ സെക്രട്ടറി കട്ടപ്പന സ്വദേശി ജിതിൻ ഉപ്പുമാക്കൽ, ഇടുക്കി നിയോജക മണ്ഡലം പ്രസിഡന്റ് ചേലച്ചുവട് സ്വദേശി ടോണി തേക്കിലക്കാട്ട്, കെഎസ്യു ഇടുക്കി ജില്ലാ ജനറൽ സെക്രട്ടറി കമ്പിളികണ്ടം തെള്ളിത്തോട് നാണിക്കുന്നേൽ നിതിൻ ലൂക്കോസ് എന്നിങ്ങനെ നേതാക്കൾ നേരിട്ട് പങ്കെടുത്ത കൊലപാതകമായിരുന്നു ധീരജിന്റേത്.