സംസ്ഥാന സർക്കാർ നാലുവർഷത്തിനിടയിൽ വിളിച്ചുചേർത്ത പാർലമെന്റ് അംഗങ്ങളുടെ ഒരു യോഗത്തിൽ പോലും കെ സുധാകരൻ എംപി പങ്കെടുത്തില്ല. സംസ്ഥാനത്തിന്റ വികസനപ്രശ്നങ്ങൾ പാർലമെന്റിൻ്റെയും കേന്ദ്ര സർക്കാരിൻ്റെയും ശ്രദ്ധയിൽ പെടുത്തുന്നതിൻ്റെ ഭാഗമായി വിളിച്ച യോഗങ്ങളാണ് സുധാകരൻ ബഹിഷ്കരിച്ചത്.
2019 മുതൽ 2023 വരെയുള്ള ഒരു യോഗത്തിലും പങ്കെടുത്തില്ല. പൊതുപ്രവർത്തകനായ എം വിജയകുമാരൻ നൽകിയ വിവരാവകാശ അപേക്ഷയ്ക്ക് പബ്ലിക് ഇൻഫർമേഷൻ ഓഫീസർ നൽകിയ മറുപടിയിലാണ് ഇക്കാര്യമുള്ളത്. ഇതുവരെ എംപിമാരുടെ 11 സമ്മേളനമാണ് സർക്കാർ വിളിച്ചത്. എംപി എന്നനിലയിൽ പാർലമെന്റിലും ദേശീയ, സംസ്ഥാന ശരാശരിയേക്കാൾ വളരെ താഴെയാണ് സുധാകരൻ്റെ സാന്നിധ്യം. എംപി സ്ഥാനത്ത് നാലുവർഷം പിന്നിട്ടപ്പോൾ പാർലമെന്റിൽ ഹാജർനില 49 ശതമാനമാണ്. ദേശീയ ശരാശരി 79. കേരളത്തിൽനിന്നുള്ള എംപിമാരുടെ ശരാശരി 84 ശതമാനവും. ചർച്ചകളിൽ പങ്കെടുത്ത കണക്കിലും സുധാകരൻ പിന്നിലാണ്. 17 ചർച്ചയിലാണ് ആകെ പങ്കാളിത്തം. ദേശീയ ശരാശരി 42.7 കേരളത്തിൽനിന്നുള്ള ഇതര എംപിമാരുടേത് 71.4.
സ്വകാര്യബിൽ അവതരണത്തിലും സുധാകരൻ വട്ടപ്പൂജ്യമാണ്. ദേശീയ ശരാശരി 1.5 ശതമാനവും കേരളം 4.8 ശതമാനവുമാണ്. ബജറ്റ് ചർച്ചയിലും വിവിധ സമിതികളിലെ ഇടപെടലുകളിലും സുധാകരൻ്റെ സാന്നിധ്യം പേരിലൊതുങ്ങി. നേരത്തെ ലോക സഭാംഗമായ സുധാകരൻ രാജ്യസഭയിലേക്ക് മാറി കയറിയത് വലിയ വിവാദമായിരുന്നു.