തിരുവനന്തപുരം: അനന്തപുരിയുടെ നിരത്തില്‍ പായാന്‍ 60 ഇലക്ട്രിക് ബസുകള്‍ നിരത്തിലിറക്കി. തിരുവനന്തപുരം നഗരസഭയുടെ സ്മാര്‍ട്ട് സിറ്റി പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ബസുകള്‍ ഒരുക്കിയിരിക്കുന്നത്. 60 ഇലക്ട്രിക് ബസ്സുകളുടെയും, ഹൈബ്രിഡ് ഹൈടെക് ബസ്സുകളുടെയും ഫ്ളാഗ് ഓഫ് മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വ്വഹിച്ചു. ഉദ്ഘാടന യാത്രയില്‍ മുഖ്യമന്ത്രി പിണറായി വിജയനും യാത്രക്കാരനായി.
തിരുവനന്തപുരം നഗരത്തിലെ പൊതു ഗതാഗത സൗകര്യങ്ങള്‍ കൂടുതല്‍ ആധുനികമാക്കുന്നതിന്റെ ഭാഗമായി 104 കോടി ചെലവില്‍ 113 ഇലക്ട്രിക് ബസുകളാണ് വാങ്ങുന്നത്. ഇതില്‍ ആദ്യഘട്ടമായാണ് അറുപത് ബസുകള്‍ ഇന്ന് കൈമാറിയത്. തിരുവനന്തപുരം സ്മാര്‍ട്ട് സിറ്റി ലിമിറ്റഡ് വികസിപ്പിച്ച മാര്‍ഗദര്‍ശി ആപ്പ് പൊതു ഗതാഗത സംവിധാനത്തിന് മുതല്‍ക്കൂട്ടാവും. കണ്ട്രോള് റൂം ഡാഷ്ബോര്‍ഡില്‍ ബസുകളുടെ തത്സമയ ട്രാക്കിംഗ്, ബസ് ഷെഡ്യൂളിംഗ്, ക്രൂ മാനേജ്മെന്റ്, ഓവര്‍സ്പീഡ് ഉള്‍പ്പെടെയുള്ള ബസ് നിരീക്ഷണ സൗകര്യങ്ങളുണ്ട്.
ബസ് വിവരങ്ങള്‍, അടുത്തുള്ള ബസ് സ്റ്റോപ്പുകള്‍, യാത്രാ പ്ലാനര്‍ തുടങ്ങിയവയെല്ലാം ആപ്പിലൂടെ പൊതുജനങ്ങള്‍ക്ക് അറിയാനാകും. സിറ്റി സര്‍ക്കുലര്‍ ബസുകളുടെ തത്സമയ സഞ്ചാര വിവരം അറിയാനുള്ള എന്റെ കെ എസ് ആര് ടി സി നിയോ ബീറ്റാ വേര്‍ഷന്റെ റിലീസും ചടങ്ങില്‍ നടക്കും. ബസ് സ്റ്റേഷനുകളില്‍ വാഹനങ്ങളുടെ വിവരങ്ങള്‍ തത്സമയം അറിയിക്കുന്ന ആധുനിക ഡിസ്പ്ലേ ബോര്‍ഡുകള്‍ സ്ഥാപിക്കും. ലോകത്തിലെ വികസിത നഗരങ്ങളോട് മത്സരിക്കാവുന്ന സംവിധാനങ്ങളാണ് ഒരുങ്ങുന്നത്.
ഡീസല്‍ ബസുകള്‍ ക്രമാനുഗതമായി മാറ്റി ഹരിത വാഹനങ്ങള്‍ ഉള്‍പ്പെടുത്തുന്നതിന്റെ ഭാഗമാണ് പദ്ധതി. നിലവില്‍ 50 ബസുകളാണ് കെ എസ് ആര്‍ടിസി സിറ്റി സര്‍വീസിലുള്ളത്. 113 ബസുകള്‍ കൂടി വരുന്നതോടെ നഗരത്തിലെ എല്ലാ പ്രദേശങ്ങളിലേക്കുമുള്ള യാത്ര പൂര്‍ണമായി ഹരിതവാഹനങ്ങളില്‍ തന്നെയാകും. പരിസ്ഥിതിയോട് ഇണങ്ങിയ ആധുനിക പൊതു ഗതാഗത സംവിധാനം ‘സ്മാര്‍ട്ടായി’ ഉപയോഗിക്കാനാവുന്ന നഗരമായി തിരുവനന്തപുരം മാറുകയാണ്.
ഇതോടനുബന്ധിച്ച് തിരുവനന്തപുരം മെട്രോ മനോരമയുമായി ചേര്‍ന്നു ഓണനാളുകളില്‍ സൗജന്യയാത്രയും ഈ ബസുകളില്‍ ലഭ്യമാണ്. ഇന്നത്തെ മെട്രോ മനോരമയില്‍ പ്രസിദ്ധീകരിച്ച കൂപ്പണ്‍ നല്കിയാല് ഒരു ദിവസം മുഴുവന്‍ സിറ്റി സര്‍ക്കുലറില്‍ യാത്ര ചെയ്യാന്‍ കഴിയുന്ന ‘ടുഡേ’ ടിക്കറ്റ് സൗജന്യമായി ലഭിക്കും. ആഗസ്റ്റ് 27 മുതല്‍ സെപ്റ്റംബര്‍ 3 വരെയുള്ള ഏതെങ്കിലും ദിവസം ഇത്തരത്തില്‍ യാത്ര ചെയ്യാവുന്നതാണ്.
മെട്രോ മനോരമ വായനക്കാരുടെ നിര്‍ദ്ദേശങ്ങളും റൂട്ട് അന്തിമമാക്കിയപ്പോള്‍ പരിഗണിച്ചിട്ടുണ്ട്. സെപ്റ്റംബറില്‍ 53 പുതിയ ഇലക്ട്രിക് ബസുകള്‍ കൂടി ലഭ്യമാകുന്നതോടെ തിരുവനന്തപുരം നഗരത്തില്‍ പൊതുജനങ്ങള്‍ ആവശ്യപ്പെട്ട എല്ലാ റൂട്ടുകളിലും ഇലക്ട്രിക് ബസുകള്‍ എത്തിച്ചേരുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു അറിയിച്ചു.