ലഖ്നൗ: ഉത്തര്‍പ്രദേശില്‍ മുസ്ലിം വിദ്യാര്‍ത്ഥിയ ഇതര മതവിഭാഗത്തില്‍പ്പെട്ട കുട്ടികളെ തല്ലിച്ച സംഭവത്തില്‍ അധ്യാപികയായ തൃപ്ത ത്യാഗിക്കെതിരെ കേസെടുത്തു. മര്‍ദ്ദനമേറ്റ കുട്ടിയുടെ പിതാവ് നല്കിയ പരാതിയാണ് പോലീസ് നടപടി. സഹപാഠികളെ കൊണ്ട് തന്റെ കുട്ടിയെ ഒരു മണിക്കൂറോളം തല്ലിയതായി പിതാവ് ആരോപിച്ചു.
സഹപാഠികള്‍ വിദ്യാര്‍ത്ഥിയെ തല്ലുന്നതിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. അധ്യാപിക തൃപ്ത ത്യാഗിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് കുട്ടികളുടെ മര്‍ദ്ദനം. മുഖത്തടിക്കാനായിരുന്നു അധ്യാപിക പ്രോത്സാഹിപ്പിച്ചിരുന്നത്. പതുക്കെ അടിക്കുന്ന കുട്ടികളോട് വേദനിപ്പിക്കും വിധത്തില്‍ അടിക്കാനും തൃപ്ത ആക്രോശിക്കുന്നതും വീഡിയയില്‍ നിന്നും വ്യക്തമാണ്.
അതേസമയം സംഭവം വിവാദമായതോടെ പുതിയ ന്യായീകരണവുമായി തൃപ്ത ത്യാഗിയും രംഗത്ത് വന്നു. താന്‍ ഭിന്നശേഷിക്കാരിയാണെന്നും ശാരീരിക പരിമിതികള്‍ ഉള്ളതുകൊണ്ടാണ് വിദ്യാര്‍ത്ഥികളോട് അടിക്കാന്‍ പറഞ്ഞതെന്നുമാണ് തൃപ്തയുടെ വാദം.