മലപ്പുറം: വ്യാജരേഖ കേസിൽ മറുനാടൻ മലയാളി ഓൺലൈൻ ചാനൽ ഉടമയും എഡിറ്ററുമായ ഷാജൻ സ്കറിയയെ പോലീസ് അറസ്റ്റ് ചെയ്തു. തൃക്കാക്കര പോലീസ് നിലമ്പൂരിലെത്തിയാണ് ഷാജനെ അറസ്റ്റ് ചെയ്തത്. നിലമ്പൂർ പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ ഹാജരാകാൻ എത്തിയപ്പോൾ തൃക്കാക്കര പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ഷാജൻ്റെ മുൻകൂർ ജാമ്യാപേക്ഷ കോടതി പരിഗണിക്കാനിരിക്കെയാണ് അറസ്റ്റ്. ദില്ലിയിൽ താമസിക്കുന്ന രാധാകൃഷ്ണൻ എന്നയാൾ മുഖ്യമന്ത്രിയ്ക്ക് ഇ മെയിൽ വഴി നൽകിയ പരാതിയിൽ ആണ് നടപടി എടുത്തിരിക്കുന്നത്.
മതവിദ്വേഷം വളർത്താൻ ശ്രമിച്ചെന്ന കേസിൽ ഷാജൻ സ്കറിയ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ഹൈക്കോടതി ഇന്നലെ നിർദ്ദേശിച്ചിരുന്നു. രാവിലെ നിലമ്പൂർ എസ്എച്ച്ഒയ്ക്ക് മുന്നിൽ ഹാജരാകണം എന്നാണ് കോടതി നിർദ്ദേശിച്ചിരുന്നത്. വീഴ്ച വരുത്തിയാൽ മുൻകൂർ ജാമ്യം റദ്ദാക്കുമെന്നും ഹൈക്കോടതി അറിയിച്ചിരുന്നു. ഈ മാസം 17 ന് ഹാജരാകാൻ ആയിരുന്നു ഷാജൻ സ്കറിയയോട് കോടതി നേരത്തെ ആവശ്യപ്പെട്ടത്. നേരത്തേ നിലമ്പൂർ നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സ്കറിയയുടെ പരാതിയിൽ ആയിരുന്നു ഷാജനെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി നിലമ്പൂർ പോലീസ് കേസെടുത്തത്. ഈ കേസിൽ ഷാജന് ഹൈകോടതി നേരത്തേ ജാമ്യം അനുവദിച്ചിരുന്നു.