തിരുവനന്തപുരം: ഓണത്തിന് ഏഴായിരം രൂപ ബോണസും അന്‍പതിനായിരം രൂപ ലാഭവിഹിതവും. ആദ്യം കേള്‍ക്കുമ്പോള്‍ വന്‍കിട കമ്പനിയിലെ ഉയര്‍ന്ന ഉദ്യോഗസ്ഥന് കിട്ടുന്ന ആനുകൂല്യമല്ലേ ഇതെന്ന് തോന്നിപ്പോകാം. എന്നാല്‍ വാസ്തവം അതല്ല. എറണാകുളം ജില്ലയിലെ ഏലൂര്‍ മുന്‍സിപ്പാലിറ്റിയിലെ ഹരിതകര്‍മ്മസേനാംഗങ്ങള്‍ക്ക് ഈ ഓണക്കാലത്ത് ലഭിക്കുന്ന ആനുകൂല്യങ്ങള്‍ ആണ് ഇവ.
കഴിഞ്ഞ മൂന്ന് വര്‍ഷത്തെ ഹരിതകര്‍മ്മസേനയുടെ ലാഭവിഹിതമായി 8,96,000 രൂപ കഴിഞ്ഞ ദിവസം വിതരണം ചെയ്തു. ആകെ ലാഭത്തിന്റെ 70%മാണിത്. 12 പേര്‍ക്ക് അന്‍പതിനായിരം രൂപയും, ബാക്കിയുള്ളവര്‍ക്ക് മുപ്പതിനായിരം രൂപ വരെയും ലാഭവിഹിതം ലഭിക്കുന്നതാണ്. ഏലൂര്‍ മുന്‍സിപ്പാലിറ്റിയിലെ മാലിന്യ സംസ്കരണം കേരളത്തിലെ ഏറ്റവും ശ്രദ്ധേയമായ മാതൃകയാണ്.
ഉറവിട മാലിന്യ സംസ്കരണം അസാധ്യവും അപ്രായോഗികവുമാണെന്ന് പലരും പറഞ്ഞപ്പോള്‍, എറണാകുളം പോലൊരു നഗരത്തില്‍ അത് സാധ്യമാണെന്ന് തെളിയിച്ച മികവാണ് ഏലൂരിന്റേത്. വേണമെങ്കില്‍ ചക്ക വേരിലും കായ്ക്കുമെന്ന് ഏലൂര്‍ തെളിയിച്ചു. ഏലൂരിലെ എല്ലാ വീടുകളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും ഹരിതകര്‍മ്മസേന ഇപ്പോള്‍ മാലിന്യം ശേഖരിക്കുന്നു.
ഹരിത കര്‍മ്മ സേനാംഗങ്ങള്‍ക്ക് കൂടുതല്‍ ഉയര്‍ന്ന ശമ്പളം നല്കാന് ഒരുങ്ങുകയാണ് ഇപ്പോള്‍ നഗരസഭ. നഗരസഭാ ചെയര്മാന് എ ഡി സുജിലിനെയും ഭരണസമിതിയേയും മന്ത്രി എംബി രാജേഷ് അഭിനന്ദിച്ചു. ഈ ഓണക്കാലത്ത് എല്ലാ ഹരിത കര്‍മ്മ സേനാംഗത്തിനും ആയിരം രൂപ ഉത്സവബത്ത നല്കാന് സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.
തനതുവരുമാനത്തില്‍ നിന്ന് ഈ തുക നല്കാന് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ആര് ആര് എഫുകളില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് ചരിത്രത്തില്‍ ആദ്യമായി ഇക്കുറി ഉത്സവബത്ത അനുവദിച്ചിട്ടുണ്ട്. ആയിരം രൂപയാണ് ഈ തൊഴിലാളികള്‍ക്ക് ക്ലീന്‍ കേരളാ കമ്പനി നല്‍കുന്നത്. കേരളത്തിന്റെ ശുചിത്വ സൈന്യമാണ് ഹരിത കര്‍മ്മ സേന, അവരെ ചേര്‍ത്തുപിടിച്ചുകൊണ്ടാണ് സര്‍ക്കാര്‍ മുന്നോട്ടുപോവുന്നതെന്ന് മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.