കവയിത്രി മധുമിത ശുക്ലയെ കൊലപ്പെടുത്തിയ കേസില്‍ യുപി മുന്‍മന്ത്രി അമര്‍മണി ത്രിപാഠിയും ഭാര്യയും ജയില്‍മോചിതരാകുന്നു. ത്രിപാഠിയെ മോചിപ്പിച്ചു കൊണ്ടുള്ള യുപി സര്‍ക്കാരിന്റെ ഉത്തരവ് വ്യാഴാഴ്ച പുറത്തിറങ്ങി. കൂട്ടുപ്രതിയായ ഭാര്യ മധുമണി ത്രിപാഠിയും ജയില്‍മോചിതയാകും. 17 വര്‍ഷത്തോളമായി ഇവര്‍ ജയില്‍ ശിക്ഷ അനുഭവിക്കുന്നുണ്ടെന്നും നല്ല സ്വഭാവം കണക്കിലെടുത്താണ് പ്രതികളെ മോചിപ്പിക്കുന്നതെന്നുമാണ് ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ വാദം.
സര്‍ക്കാരിന്റെ നടപടി ഞെട്ടിച്ചെന്ന് മധുമിതയുടെ സഹോദരി നിധി ശുക്ല പറഞ്ഞു. സഹോദരിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട നിയമ നടപടികളില്‍ കോടതിയലക്ഷ്യം ആരോപിച്ച് നിധി ശുക്ല സുപ്രീം കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. എന്നാല്‍ മോചിപ്പിക്കല്‍ ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തില്ല. ഹരജിയില്‍ സുപ്രീംകോടതി ബന്ധപ്പെട്ട കക്ഷികള്‍ക്ക് നോട്ടീസ് അയച്ചു. 2003-ലാണ് മധുമിത(24) യെ വെടിവെച്ചു കൊന്നത്. മരിക്കുമ്പോള്‍ മധുമിത ഏഴുമാസം ഗര്‍ഭിണിയായിരുന്നു.
അമര്‍മണിയും മധുമിതയും അടുപ്പത്തിലായിരുന്നെന്ന് അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു. ഈ ബന്ധത്തെ തുടര്‍ന്ന് മധുമിത ഗര്‍ഭിണിയായെന്നും സിബിഐ കണ്ടെത്തിയിരുന്നു. അമര്‍മണി ആദ്യം കുറ്റം നിഷേധിച്ചെങ്കിലും ഡിഎന്‍എ പരിശോധനയില്‍ അമര്‍മണി കുറ്റക്കാരനാണെന്ന് തെളിഞ്ഞു. ഗൂഢാലോചനയും കൊലപാതകക്കുറ്റവുമാണ് അമര്മണിയ്ക്കും ഭാര്യയ്ക്കുമെതിരേ ചുമത്തിയത്. 2007-ല്‍ കോടതി പ്രതികള്‍ക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചു.