കോൺഗ്രസ് അടക്കമുള്ള വലതു പക്ഷക്കാരുടെ ഏത് അധാർമികതയും കുറ്റകൃത്യവും വെള്ളയടിച്ചു മിനുക്കി കൊടുക്കുന്ന ഇരട്ടത്താപ്പിന് മാധ്യമങ്ങൾക്ക് എന്തെങ്കിലും വിശദീകരണം ഉണ്ടോയെന്ന് മന്ത്രി എം ബി രാജേഷ്. ഈ പതിവ് മാധ്യമ ദുർനടപ്പിൻ്റെ പര്യായപദമാണിന്ന് നിഷ്പക്ഷ മാധ്യമപ്രവർത്തനം എന്നത്. ഈ മാധ്യമ നിഷ്പക്ഷതയുടെ അശ്ലീലം കണ്ടു ചെടിക്കാത്തവരായി ആരെങ്കിലും ഈ നാട്ടിലുണ്ടോ? ലജ്ജയില്ലാത്ത ഈ ഇരട്ടത്താപ്പിനെക്കുറിച്ച് മാധ്യമങ്ങൾക്ക് എന്താണ് പറയാനുള്ളതെന്ന് മന്ത്രി ഫെയ്സ് ബുക്ക് കുറിപ്പിൽ ചോദിച്ചു.
“കേരളത്തിലെ മാധ്യമങ്ങളുടെ ക്ഷുദ്രമായ ഇടത് വിരോധത്തെക്കുറിച്ച് എങ്ങനെ വീണ്ടും വീണ്ടും പറയാതിരിക്കും? ഇടതു വിരോധത്തിൻ്റെ നഗ്നതാ പ്രദർശനവും വലതുപക്ഷ പരിലാളനയുടെ മതിമറന്ന പ്രകടനവും അവർ അത്രമേൽ കൂസലില്ലാതെ ദൈനംദിനം നടത്തിക്കൊണ്ടിരിക്കുകയാണല്ലോ. പഠിക്കുമ്പോൾ ലക്ഷക്കണക്കിന് എസ്എഫ്ഐ അംഗങ്ങളിൽ ഉൾപ്പെട്ട ഒരു സ്ത്രീ പിന്നീട് ഇൻറർവ്യൂവിന് വ്യാജ പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ് ഹാജരാക്കിയതിൻ്റെ പേരിൽ എത്ര ദിവസത്തെ പ്രൈം ടൈം ചർച്ചയും ബ്രേക്കിംഗ് ന്യൂസും ഒന്നാം പേജ് ലീഡും പല പോസിലുള്ള പടങ്ങളും കാർട്ടൂണുകളുമെല്ലാമായിട്ടായിരുന്നല്ലോ നിലവിട്ട് അഴിഞ്ഞാടിയത് (ഇടതു വിരോധവും ഒപ്പം ഒരു സ്ത്രീയെ ഇരയായി കിട്ടിയപ്പോൾ പ്രകടമായ മനോവൈകൃതവും കൂടി അതിലുണ്ടായിരുന്നു).
ഇപ്പോഴിതാ ഒരു യൂത്ത് കോൺഗ്രസ് മണ്ഡലം സെക്രട്ടറി തൻ്റെ പെൺ സുഹൃത്തിനെ കൊന്നു കുഴിച്ചുമൂടിയിരിക്കുന്നു. മാത്രമല്ല, താൻ കൊന്നു കുഴിച്ചുമൂടിയ സ്ത്രീയെ തെരയാൻ ഫേസ്ബുക്കിലും നാട്ടുകാർക്കും ഒപ്പം ഇറങ്ങുന്നു. പോലീസിൻ്റെ അനാസ്ഥക്കെതിരെ പോലീസ് സ്റ്റേഷൻ മാർച്ചിൻ്റെ സംഘാടകനാകുന്നു. ഒടുവിൽ സിനിമാക്കഥയെ വെല്ലുന്ന ട്വിസ്റ്റ്. പോലീസ് സ്റ്റേഷൻ മാർച്ചിൻ്റെ തലേന്ന് യൂത്ത് കോൺഗ്രസ് മണ്ഡലം സെക്രട്ടറി കൊലക്കേസ് പ്രതിയാകുന്നു. എവിടെ പ്രൈം ടൈം ചർച്ചാ പരമ്പരകൾ? എവിടെ ബ്രേക്കിംഗ് ന്യൂസ്? എവിടെ ഒന്നാം പേജ് ലീഡ്?, എവിടെ അവസരവാദികളായ കുഞ്ചുക്കുറുപ്പുമാരും കാകദൃഷ്ടിക്കാരും? അട്ടപ്പാടി കോളേജിലേക്കും കോടതികളിലേക്കും ചെന്ന കാമറാപ്പട ഇപ്പോൾ കൊലയാളിയായ യൂത്ത് കോൺഗ്രസ് നേതാവിനെ തിരക്കി ചെല്ലാത്തതെന്തുകൊണ്ട്? ആദ്യത്തെ കേസിലെ പെൺകുട്ടിയുടെ ജന്മാന്തര എസ്എഫ്ഐ ബന്ധം ആഘോഷമാക്കിയവർ യൂത്ത് കോൺഗ്രസ് മണ്ഡലം സെക്രട്ടറിയെ മേൽവിലാസം ഇല്ലാത്ത വെറും യുവാവാക്കുന്നു. എന്തൊരു ഉളുപ്പില്ലാത്ത കരുതലാണ് യൂത്ത് കോൺഗ്രസിനോട്? പഴയ എസ്എഫ്ഐക്കാരിയുടെ സർട്ടിഫിക്കറ്റിന് അങ്ങ് ഡൽഹിയിൽ ഇരിക്കുന്ന സീതാറാം യെച്ചൂരിയോടും പ്രകാശ് കാരാട്ടിനോടും വരെ മൈക്ക് നീട്ടി മറുപടി ആവശ്യപ്പെട്ട താന്തോന്നിത്തവും യൂത്ത് കോൺഗ്രസ് ആവുമ്പോൾ ഉള്ള മര്യാദയും മിതത്വവും തമ്മിൽ താരതമ്യപ്പെടുത്തി നോക്കൂ.
ഒരു സ്ത്രീയെ കൊന്നു കുഴിച്ചുമൂടിയ നേതാവിനെക്കുറിച്ച് പ്രതിപക്ഷ നേതാവിനോടോ കെപിസിസി അധ്യക്ഷനോടോ സ്ഥിര- അസ്ഥിര ക്ഷണിതാക്കളോടോ പോകട്ടെ, യൂത്ത് കോൺഗ്രസ് പ്രസിഡന്റിനോടെങ്കിലും മൈക്ക് നീട്ടി ചോദിച്ചോ? എസ്എഫ്ഐക്കാരിയുടെ തെറ്റിന് മാത്രമല്ല, സിപിഐഎം നേതാവിൻ്റെ പഴയ ഡ്രൈവറുടെ കുറ്റത്തിന് വരെ പാർട്ടി സമാധാനം പറയണം. എന്നാൽ യൂത്ത് കോൺഗ്രസ് ആണെങ്കിൽ കൊന്നു കുഴിച്ചുമൂടിയതിൻ്റെ പാപഭാരം കൂടി മണ്ണിട്ടു മൂടിക്കൊടുക്കും ബഹുമാന്യ മാധ്യമ പ്രവർത്തകർ. കൊന്ന യൂത്ത് കോൺഗ്രസ് നേതാവിൻ്റെ പേര് ഈ മാധ്യമങ്ങൾ കൊന്നാലും പറയില്ല എന്നതാണ് സ്ഥിതി.
സതിയമ്മയ്ക്ക് സിപിഐ എമ്മുമായി ഗോളാന്തര ബന്ധമെങ്കിലും ഉണ്ടായിരുന്നെങ്കിൽ ലിജിമോളുടെ പേരിൽ പാർട്ടി പിൻബലത്തിൽ ആൾമാറാട്ടം നടത്തി ജോലി ചെയ്ത അഴിമതിക്ക് പൊളിറ്റ് ബ്യൂറോ വരെ മറുപടി പറയേണ്ടിവരും. സതിയമ്മ സിപിഐഎം അല്ലെങ്കിലോ, അന്യായമായി പിരിച്ചുവിടപ്പെട്ട നിസ്സഹായയായ ഇരയും പുതുപ്പള്ളി നാടകത്തിലെ നായികയും ആകും. ഉന്നതരായ ഇടത് നേതാക്കളുടെ മക്കളും കുടുംബാംഗങ്ങളും മുതൽ സാധാരണ പ്രവർത്തകരായ ഓമനക്കുട്ടന്മാർ വരെ മാധ്യമങ്ങളാൽ നിർദയം അപമാനിക്കപ്പെടും. രോഗക്കിടക്കയിൽ കിടക്കുന്ന ഇടതു നേതാക്കളെ പോലും ഇല്ലാക്കഥകൾ ഉണ്ടാക്കി കണ്ണിൽ ചോരയില്ലാതെ കടന്നാക്രമിക്കും. വലതുപക്ഷത്ത് ആണെങ്കിൽ ഏത് അധാർമികതയും കുറ്റകൃത്യവും വെള്ളയടിച്ചു മിനുക്കി കൊടുക്കും. ഈ പതിവ് മാധ്യമ ദുർനടപ്പിൻ്റെ പര്യായപദമാണിന്ന് നിഷ്പക്ഷ മാധ്യമപ്രവർത്തനം എന്നത്. ഈ മാധ്യമ നിഷ്പക്ഷതയുടെ അശ്ലീലം കണ്ടു ചെടിക്കാത്തവരായി ആരെങ്കിലും ഈ നാട്ടിലുണ്ടോ? ലജ്ജയില്ലാത്ത ഈ ഇരട്ടത്താപ്പിന് എന്തെങ്കിലും വിശദീകരണമുണ്ടോ മാധ്യമങ്ങൾക്ക്?”