ദില്ലി: കാലാവധി നീട്ടുന്നത് സുപ്രീംകോടതി തടഞ്ഞതോടെ ഇഡി ഡയരക്ടർ സഞ്ജയ് കുമാർ മിശ്രയെ ഉന്നത പദവിയിൽ പ്രതിഷ്ഠിക്കാൻ കേന്ദ്ര സർക്കാർ. ആദായനികുതിവകുപ്പിനെയും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെയും ബിജെപിയുടെ രാഷ്ട്രീയ എതിരാളികളെ വേട്ടയാടാനുള്ള ഏജൻസികളാക്കി മാറ്റിയ സഞ്ജയ് കുമാർ മിശ്രയ്ക്ക് ചീഫ് ഇൻവെസ്റ്റിഗേഷൻ ഓഫീസർ ഓഫ് ഇന്ത്യ (സിഐഒ) എന്ന പുതിയ പദവിയാണ് സൃഷ്ടിക്കുന്നത്. സെപ്തംബർ 15ന് ഇഡി ഡയറക്ടർ സ്ഥാനത്തുനിന്ന് മിശ്ര വിരമിക്കാനിരിക്കെയാണ് ഇഡിയുടെയും സിബിഐയുടെയും മേൽനോട്ടചുമതലയുളള പദവി നൽകാൻ നീക്കം.
ഇഡി ഡയറക്ടർ സ്ഥാനത്ത് മിശ്രയുടെ കാലാവധി നവംബർവരെ നീട്ടാനുള്ള കേന്ദ്രനീക്കം സുപ്രീംകോടതി തടഞ്ഞിരുന്നു. 2018 മുതൽ ഇഡി ഡയറക്ടറാണ് മിശ്ര. 2020ൽ കാലാവധി അവസാനിക്കേണ്ടിയിരുന്നെങ്കിലും മൂന്നുവട്ടം നീട്ടിനൽകി. മൂന്ന് സേനാമേധാവികൾക്ക് മുകളിലായി ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫിനെ (സിഡിഎസ്) നിയമിച്ചതിന് സമാനമായാണ് സിബിഐ–- ഇഡി തലവൻമാർക്ക് മുകളിലായി മിശ്രയെ പ്രതിഷ്ഠിക്കുന്നത്. സിഐഒ പദവിയിൽ മിശ്ര എത്തിയാൽ സിബിഐയുടെയും ഇഡിയുടെയും തലവൻമാർ മിശ്രയ്ക്ക് റിപ്പോർട്ട് നൽകണം. ഇഡിയും സിബിഐയും യഥാക്രമം ധനവകുപ്പിനും പേഴ്സണൽവകുപ്പിനും കീഴിൽത്തന്നെ തുടരുമെങ്കിലും രണ്ട് ഏജൻസികളുടെയും പ്രവർത്തന മേൽനോട്ടം സിഐഒയ്ക്ക് കൈമാറും. സിഡിഎസിന് സമാനമായി പ്രധാനമന്ത്രി കാര്യാലയത്തിനായിരിക്കും സിഐഒയും റിപ്പോർട്ടുചെയ്യുക. സെക്രട്ടറി തസ്തികയ്ക്ക് തുല്യമായ സ്ഥാനമായിരിക്കും സിഐഒയ്ക്കും.
ഇഡിയുടെയും സിബിഐയുടെയും പ്രവർത്തനമേഖലകൾ പരസ്പരം ഇടകലരുന്ന സാഹചര്യം സിഐഒ എത്തുന്നതോടെ ഒഴിവാക്കപ്പെടുമെന്നാണ് സർക്കാർ വാദം. ഒപ്പം രണ്ട് ഏജൻസികളുടെയും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനുമാകുമെന്നും സർക്കാർ വൃത്തങ്ങൾ പറഞ്ഞു. 1984 ബാച്ച് ഐആർഎസുകാരനായ മിശ്ര ഇഡി ഡയറക്ടറായതോടെയാണ് പ്രതിപക്ഷ നേതാക്കളെ കൂട്ടമായി വേട്ടയാടാനും കള്ളക്കേസുകളിൽ കുടുക്കാനും തുടങ്ങിയത്. നേരത്തെ ആദായനികുതിവകുപ്പ് ചീഫ് കമീഷണറായും പ്രവർത്തിച്ചിരുന്നു. നാഷണൽ ഹെറാൾഡ് കേസിൽ രാഹുൽ ഗാന്ധിയെ 50 മണിക്കൂറിലേറെയും സോണിയാഗാന്ധിയെ 11 മണിക്കൂറിലേറെയും ചോദ്യംചെയ്തത് മിശ്ര ഇഡി ഡയറക്ടറായിരിക്കെയാണ്. പി ചിദംബരം, ശരത് പവാർ, ഹേമന്ത് സോറൻ, ഫാറൂഖ് അബ്ദുള്ള, ഒമർ അബ്ദുള്ള, മെഹ്ബൂബ മുഫ്തി, സെന്തിൽ ബാലാജി, ഡി കെ ശിവകുമാർ തുടങ്ങിയ പ്രതിപക്ഷ നേതാക്കളെ കേസുകളിൽ കുടുക്കിയതും മിശ്ര ഡയറക്ടറായ ശേഷമാണ്.