കോണ്‍ഗ്രസിനുള്ളില്‍ ആഭ്യന്തര കലാപം പൊട്ടിപ്പുറപ്പെടാന്‍ വലിയ വിഷയങ്ങളൊന്നും ആവശ്യമില്ല. ജാഥ നടക്കുമ്പോള്‍ മുന്പില് നില്ക്കാന് അവസരം കൊടുക്കാതിരിക്കുക, സംസാരിക്കാന്‍ മൈക്ക് നല്‍കാതിരിക്കുക, ഫ്ളക്സ് ബോര്‍ഡില്‍ ചിത്രം വെയ്ക്കാതിരിക്കുക തുടങ്ങിയുള്ള കാര്യങ്ങള്‍. എന്നാല്‍ ഇപ്പോള്‍ പ്രവർത്തക സമിതി രൂപീകരണം വലിയൊരു പൊട്ടിത്തെറിക്ക് വഴിയൊരുക്കിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം കോണ്‍ഗ്രസിന്റെ തലമുതിര്‍ന്ന നേതാവ് രമേശ് ചെന്നിത്തല പ്രവർത്തക സമിതിയിൽ ഉൾപ്പെടുത്താത്തതിലെ അമർഷം പ്രകടമാക്കിയിരുന്നു.
19 വര്‍ഷമായി ക്ഷണിതാവായി നിർത്തിയ ചെന്നിത്തലയെ തഴഞ്ഞ് ജൂനിയറായ ശശി തരൂരിന് ഇടം നല്‍കിയതിലായിരുന്നു പ്രതിഷേധം. പുതുപ്പള്ളി തെരഞ്ഞെടുപ്പ് കഴിഞ്ഞിട്ട് കാര്യങ്ങൾ തുറന്നു പറയും എന്ന് ചെന്നിത്തല പ്രഖ്യാപിച്ചിട്ടുണ്ട്. ചെന്നിത്തലയ്ക്ക് പുറമെ മുൻ കെപിസിസി പ്രസിഡണ്ടുമാരായ വി എം സുധീരനും മുല്ലപ്പള്ളി രാമചന്ദ്രനും പുറത്തായിരിക്കുകയാണ്. പൊതുപ്രവര്‍ത്തനം അവസാനിപ്പിച്ച് ഡല്‍ഹിയില്‍നിന്ന് മടങ്ങി വിശ്രമ ജീവിതം നയിക്കുന്ന എ കെ ആന്റണിയെ വീണ്ടും പ്രവര്‍ത്തകസമിതിയില്‍ ഉള്‍പ്പെടുത്തിയപ്പോഴാണ് സജീവമായി രാഷ്ട്രീയത്തില്‍ നില്ക്കുന്ന മുതിര്‍ന്ന നേതാക്കളെ അപമാനിച്ചത്.
പ്രവര്‍ത്തക സമിതിയിലേയ്ക്കുള്ള ഈ തഴയലിന് പിന്നില്‍ കേരളത്തിലെ ചില നേതാക്കളുടെ ചരടുവലിയെന്നാണ് ഉയരുന്ന പരാതി. ഇതുസംബന്ധിച്ച് എഐസിസി നേതൃത്വത്തിന് തൃശൂരില്‍ നിന്ന് പരാതി അയച്ചു. ആന്റണിയോളം സീനിയറും ദേശീയതലത്തില്‍ നിരവധി സ്ഥാനങ്ങള്‍ വഹിക്കുകയും ചെയ്ത നേതാവാണ് മുല്ലപ്പള്ളി. കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി ചെയര്‍മാനും രണ്ടുതവണ കേന്ദ്ര മന്ത്രിയുമായി.
സുധീരനാകട്ടെ മധ്യകേരളത്തില്‍ സ്വാധീനമുള്ള നേതാവും ഇവര്‍ക്കൊപ്പം സീനിയറുമാണ്. ഒരേസമുദായത്തില്നിന്ന് മൂന്നുപേര്‍ കോണ്‍ഗ്രസിന്റെ ഉന്നത സമിതിയില്‍ എത്തുന്നത് ഇത് ആദ്യമാണെന്നും ഐ വിഭാഗം ആരോപിക്കുന്നു. ജാതി-മത സമവാക്യങ്ങള്‍ കൂടി പരിഗണിച്ചാണ് സ്ഥാനങ്ങള്‍ തീരുമാനിക്കുന്നതെന്ന കോണ്‍ഗ്രസിന്റെ അവകാശവാദം പൊള്ളയാണെന്ന് ഇതോടെ തെളിഞ്ഞതായും പരാതിയിലുണ്ട്.