തുവ്വൂര്‍: പള്ളിപ്പറമ്പില്‍ കാണാതായ യുവതിയുടെ മൃതദേഹം കണ്ടെത്തി. പള്ളിപ്പറമ്പിലെ മാങ്കുത്ത് മനോജ് കുമാറിന്റെ ഭാര്യ സുജിത (35)യുടെ മൃതദേഹം മൂന്ന് കിലോമീറ്റര്‍ അകലെയുള്ള സുഹൃത്ത് വിഷ്ണുവിന്റെ വീട്ടില്‍ കുഴിച്ചിട്ട നിലയിലാണ് കണ്ടെത്തിയത്. വീടിന്റെ മുറ്റത്ത് മെറ്റലിട്ട് മൂടിയ നിലയിലായിരുന്നു മൃതദേഹം. കേസിലെ പ്രധാന പ്രതിയായ വിഷ്ണു യൂത്ത് കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറിയും തുവ്വൂര്‍ പഞ്ചായത്തിലെ താല്‍ക്കാലിക ജീവനക്കാരനുമാണ്.
കഴിഞ്ഞ 11നാണ് സുജിതയെ കാണാതായത്. തുവ്വൂര്‍ കൃഷിഭവനിലെ താല്‍ക്കാലിക ജീവനക്കാരിയായിരുന്നു സുജിത. കാണാതായ ദിവസവും ജോലിക്കെത്തിയിരുന്നു. രാവിലെ 10.30ഓടെ ഡോക്ടറെ കാണാനെന്നുപറഞ്ഞ് പോകുകയായിരുന്നു. എന്നാല്‍, ഏകദേശം 700 മീറ്റര്‍മാത്രം അകലെയുള്ള പിഎച്ച്സിയില്‍ ഇവര്‍ എത്തിയിട്ടില്ല. ഓഫീസ് സമയംകഴിഞ്ഞിട്ടും തിരിച്ചെത്താത്തത് കണ്ടാണ് വിവരം പോലീസിന് കൈമാറിയത്.
തിരോധാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ സുജിതയെ അവസാനമായി ഫോണ്‍ വിളിച്ചത് വിഷ്ണുവാണെന്ന് കണ്ടെത്തി. ശേഷം നടത്തിയ ഊര്‍ജിതമായ അന്വേഷണത്തിലാണ് വിഷ്ണുവിന്റെ ക്രൂരകൃത്യം പുറത്തുവന്നത്.
വിഷ്ണുവിന്റെ വീട്ടുമുറ്റത്തെ മെറ്റല്‍ കൂട്ടിയ സ്ഥലത്തെ മണ്ണ് ഇളകിക്കിടന്നനിലയിലായിരുന്നു. മെറ്റല്‍ മാറ്റിയപ്പോള്‍ ദുര്‍ഗന്ധം വമിച്ചു. അലക്ക് കല്ല് കെട്ടാന്‍ കൊണ്ടിട്ട മെറ്റല്‍ എന്നാണ് പ്രതി സമീപവാസികളോട് പറഞ്ഞിരുന്നത്. സ്ഥലത്ത് പൊലീസ് കാവലേര്‍പ്പെടുത്തി.