2021 ലെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണ കാലത്ത് മുഖ്യമന്ത്രിക്കസേരയിൽ സ്വപ്ന സഞ്ചാരം നടത്തുകയായിരുന്നു രമേശ് ചെന്നിത്തല. ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും മുഖ്യമന്ത്രി പദം പങ്കിടുമെന്നാണ് ഒടുക്കം ധാരണയുണ്ടാക്കിയത്. പ്രതിപക്ഷ നേതൃസ്ഥാനവും കെപിസിസി പ്രസിഡന്റ് പദവിയും നഷ്ടമായ രമേശ് ചെന്നിത്തല ഇക്കുറിയും കോൺഗ്രസ് പ്രവർത്തക സമിതിയിൽ ക്ഷണിതാവുമാത്രം. സംസ്ഥാന രാഷ്ട്രീയത്തിൽ സജീവമായി നിൽക്കുന്ന കോൺഗ്രസ് നേതാക്കളിൽ മുതിർന്നയാളാണ് ചെന്നിത്തല. താരതമ്യേന ജൂനിയറായ ശശി തരൂർ എംപിക്കാണ് കോൺഗ്രസ് പ്രവർത്തക സമിതിയിൽ സീറ്റ് കിട്ടിയത്. കോൺഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്ക് തരൂർ മത്സരിച്ചത് പ്രവർത്തക സമിതിയിൽ സീറ്റുറപ്പിക്കാനാണെന്ന് പാർടിക്കുള്ളിൽ നേരത്തേ ചർച്ചയുണ്ടായിരുന്നു. ഇത് സാധൂകരിക്കുന്നതാണ് പുതിയ തീരുമാനം. ചെങ്കോൽ വിവാദത്തിലടക്കം ഔദ്യോഗിക നിലപാടിന് വിരുദ്ധമായ അഭിപ്രായപ്രകടനങ്ങളും എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലടക്കമുള്ളവരുടെ നീക്കങ്ങളും തരൂരിന് വിലങ്ങുതടിയായില്ല.
ഉമ്മൻചാണ്ടിയുടെ നിര്യാണത്തോടെയുണ്ടായ ഒഴിവിൽ തന്നെ പരിഗണിക്കുമെന്ന് ചെന്നിത്തല ഉറച്ച് വിശ്വസിച്ചിരുന്നു. ഹിന്ദി ഭാഷയിലുള്ള പ്രാവീണ്യവും അഖിലേന്ത്യ നേതൃത്വവുമായുള്ള അടുപ്പവും തുണയ്ക്കുമെന്നായിരുന്നു പ്രതീക്ഷ. പ്രവർത്തക സമിതിയുടെ വാതിൽ തനിക്കുനേരെ കൊട്ടിയടച്ചതിൽ കടുത്ത രോഷത്തിലാണ് ചെന്നിത്തല. 19 വർഷമായി സ്ഥിരം ക്ഷണിതാവായ തന്നെ ഉൾപ്പെടുത്താത്തതിലുള്ള നീരസം ചെന്നിത്തല നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. ‘ഒന്നും പറയാനില്ല’ എന്ന് മാത്രമായിരുന്നു മാധ്യമങ്ങളോടുള്ള ചെന്നിത്തലയുടെ പ്രതികരണം.
കെ സി വേണുഗോപാലിൻ്റെ ഇടപെടലാണ് ഇക്കുറി വിനയായതെന്നാണ് ചെന്നിത്തലയുമായി അടുത്തുനിൽക്കുന്നവർ കരുതുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പിൽ ആലപ്പുഴയിൽ മത്സരിക്കാനുള്ള തയ്യാറെടുപ്പിലാണ് വേണുഗോപാൽ. സംസ്ഥാന രാഷ്ട്രീയത്തിൽ വീണ്ടും സജീവമാകാനുള്ള പദ്ധതിയും വേണുഗോപാലിനുണ്ട്. ചെന്നിത്തലയെ തഴഞ്ഞതിനുള്ള കാരണം മറ്റൊന്നല്ലെന്ന വിലയിരുത്തലുകളുമുണ്ട്. 2004 മുതൽ പ്രവർത്തക സമിതിയിൽ ക്ഷണിതാവായ ചെന്നിത്തലയെ അപമാനിച്ചെന്ന വികാരം മുതിർന്ന നേതാക്കൾക്കുണ്ട്.
എ കെ ആന്റണി, സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ എന്നിവരുടെ പ്രവർത്തകസമിതി അംഗത്വം നിലനിർത്തി. കൊടിക്കുന്നിൽ സുരേഷും പ്രത്യേക ക്ഷണിതാവാണ്. പ്രായാധിക്യംമൂലം സജീവ രാഷ്ട്രീയത്തിൽനിന്ന് അകന്നുനിൽക്കുന്ന ആന്റണിയെ നിലനിർത്തുകയും താരതമ്യേന ജൂനിയറായ ശശി തരൂരിനെ ഉൾപ്പെടുത്തുകയും ചെയ്തപ്പോഴാണ് 19 വർഷംമുമ്പ് പ്രവർത്തകസമിതി ക്ഷണിതാവായ രമേശ് ചെന്നിത്തലയെ സ്ഥിരാംഗത്വം നൽകാതെ തഴഞ്ഞത്.
തരൂരിനെ ഒഴിവാക്കുന്നത് വിമത നീക്കത്തിന് ഇടയാക്കുമെന്ന സാഹചര്യവും നേതൃത്വം പരിഗണിച്ചു. കോൺഗ്രസ് കമ്മിറ്റികളിൽ യുവാക്കൾക്കും വനിതകൾക്കും 50 ശതമാനം പ്രാതിനിധ്യം ഉറപ്പുവരുത്തുമെന്ന റായ്പുർ പ്ലീനറി സമ്മേളനത്തിലെ തീരുമാനം പുതിയ പ്രവർത്തകസമിതിയിൽ പാലിക്കപ്പെട്ടില്ല. 39 അംഗ പ്രവർത്തകസമിതിയിൽ 50 വയസ്സിനു താഴെയുള്ളവർ മൂന്നുപേർ മാത്രമാണ്. സ്ഥിരം ക്ഷണിതാക്കളും പ്രത്യേക ക്ഷണിതാക്കളും എല്ലാമായി 84 പേർ ഉൾപ്പെടുന്ന വിപുലമായ സമിതിയിൽ വനിതകൾ 15 പേർ മാത്രം. 39 അംഗ പ്രവർത്തകസമിതിയിൽ വനിതകൾ ആറുപേരാണ്. നാല് വനിതകൾ സ്ഥിരം ക്ഷണിതാക്കളും അഞ്ചു പേർ പ്രത്യേക ക്ഷണിതാക്കളുമായി.
പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ, സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, മൻമോഹൻ സിങ് എന്നിവർ പ്രവർത്തകസമിതിയിലുണ്ട്. തരൂരിനു പുറമെ സച്ചിൻ പൈലറ്റ്, ദീപ ദാസ് മുൻഷി, സയ്യിദ് നാസർ ഹുസൈൻ എന്നിവരാണ് പുതുമുഖങ്ങൾ. കോൺഗ്രസിലെ വിമതവിഭാഗമായ ജി 23ൽനിന്ന് തരൂരിനു പുറമെ ആനന്ദ് ശർമയും മുകൾ വാസ്നിക്കും പ്രവർത്തകസമിതിയിൽ ഇടംപിടിച്ചപ്പോൾ മനീഷ് തിവാരിയെ പ്രത്യേക ക്ഷണിതാവാക്കി. രാജസ്ഥാനിൽ അശോക് ഗെലോട്ടിനെതിരായി കലാപക്കൊടി ഉയർത്തിയ പൈലറ്റിനെ നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങൾമാത്രം ശേഷിക്കെയാണ് പ്രവർത്തകസമിതിയിൽ ഉൾപ്പെടുത്തിയത്.