ദില്ലി: കടുത്ത സാമ്പത്തിക പ്രയാസങ്ങൾ മറികടക്കാൻ സംസ്ഥാനത്തിന് അർഹമായ പണം അനുവദിക്കണമെന്ന് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടുന്നതിൽനിന്ന് മാറി നിന്ന യുഡിഎഫ് എംപിമാർ കേരളത്തെ ഒറ്റുകൊടുത്തു. യോജിച്ച ശബ്ദം ഉയർത്തുന്നതിനും അവകാശങ്ങൾ നേടിയെടുക്കുന്നതിനും തയ്യാറാകാതെ മോദി സേവ നടത്തുകയാണ് യുഡിഎഫ് എംപിമാർ. ഇതര സംസ്ഥാനങ്ങളിലെ എംപിമാർ നാടിൻ്റെ ആവശ്യങ്ങൾക്കായി പാർലമെന്റിലും കേന്ദ്ര സർക്കാരിലും ഒറ്റക്കെട്ടായി ഇടപെടുമ്പോഴാണിത്.
ലോക്സഭയിൽ രാഹുൽ ഗാന്ധി ഉൾപ്പെടെ 18 പേരും രാജ്യസഭയിൽ രണ്ടുപേരുമാണ് കേരളത്തിൽനിന്നുള്ള യുഡിഎഫ് എംപിമാർ. സംസ്ഥാന സർക്കാർ വിളിച്ച എംപിമാരുടെ യോഗത്തിൽ ആദ്യഅജൻഡയായി ചർച്ച ചെയ്തെടുത്ത തീരുമാനമാണ് കാറ്റിൽപ്പറത്തിയത്. കേന്ദ്ര ധനമന്ത്രിയെ കണ്ട് നിവേദനം നൽകിയത് എൽഡിഎഫ് എംപിമാർ മാത്രം. കേരളത്തിൻ്റെ സാമ്പത്തിക ആവശ്യങ്ങൾ അവതരിപ്പിച്ച നിവേദനത്തിൽ ഒപ്പിടാനും യുഡിഎഫ് എംപിമാർ തയ്യാറായില്ല.
പ്രതിസന്ധി മറികടക്കാൻ വായ്പാനുമതിയിൽ ഒരുശതമാനം അധികം ഈവർഷത്തേക്ക് അനുവദിക്കണമെന്നതാണ് പ്രധാന ആവശ്യം. റവന്യുകമ്മി ഗ്രാന്റ് നിലയ്ക്കുകയും നികുതി വിഹിതം കുറയുകയും ചെയ്യുന്നതിനാൽ പ്രത്യേക സാമ്പത്തിക പാക്കേജും ആവശ്യപ്പെട്ടു. വിവിധ പദ്ധതികളിൽ കേരളം നൽകിയതും കേന്ദ്രം കുടിശ്ശികയാക്കിയതുമായ 3843 കോടി രൂപ അടിയന്തരമായി ലഭ്യമാക്കണമെന്നുമായിരുന്നു നിവേദനം. നിവേദനത്തിൽ സംസ്ഥാനത്തിൻ്റെ സാമ്പത്തിക വിഷയങ്ങൾമാത്രമാണ് അവതരിപ്പിച്ചത്. സംസ്ഥാന മൊത്തം റവന്യു വരുമാനത്തിൽ കേന്ദ്ര വിഹിതം ഗണ്യമായി കുറയുന്നത് വിവരിച്ചു.
മൊത്ത വരുമാനത്തിലെ സംസ്ഥാന വിഹിതം 2020–-21ൽ 56 ശതമാനമായിരുന്നത് കഴിഞ്ഞവർഷം 66 ശതമാനമായി. ഈവർഷം 71 ശതമാനം കടക്കും. ബാക്കിമാത്രമാണ് കേന്ദ്ര വിഹിതം. ഈവർഷം റവന്യുകമ്മി ഗ്രാന്റിൽ 8400 കോടിയും, ജിഎസ്ടി നഷ്ടപരിഹാരം 12,000 കോടിയും, വായ്പാപരിധി വെട്ടിക്കുറച്ചതിലൂടെ 8000 കോടിയും, ആകെ 28,400 കോടി വരുമാനം കുറയും. പുറമെ കിഫ്ബി, സാമൂഹ്യസുരക്ഷ പെൻഷൻ കമ്പനി എന്നിവയുടെ വായ്പയുടെ പേരിലും വായ്പാനുമതി കുറച്ചു. പത്താം ധനകമീഷൻ അനുവദിച്ച 3.787 ശതമാനം നികുതി വിഹിതം പതിനഞ്ചാം കമീഷൻ 1.92 ശതമാനമാക്കി. അതേസമയം സംസ്ഥാനങ്ങളുമായി വിഭജിക്കേണ്ടിതല്ലാത്ത സെസും സർചാർജും കേന്ദ്ര നികുതി വരുമാനത്തിന്റെ 21 ശതമാനമായി ഉയർന്നു.
നികുതി വിഹിതം കുറയ്ക്കുന്ന ഈ നിലപാട് സംസ്ഥാനങ്ങളുടെ താൽപ്പര്യത്തിനെതിരാണ്. കേന്ദ്രാവിഷ്കൃത പദ്ധതികളിലെ പലതിലും കേന്ദ്ര വിഹിതം 100, 80 ശതമാനമെന്നത് അറുപത് ശതമാനമാക്കി. തൊഴിലുറപ്പ് പദ്ധതിയിൽപോലും വിഹിതം വെട്ടിച്ചുരുക്കുന്നു. ഇതെല്ലാം സംസ്ഥാനത്തിൻ്റെ ധനസ്ഥിതി അവതാളത്തിലാക്കുന്നു എന്നതാണ് നിവേദനത്തിൽ വിവരിച്ചത്.