തിരുവനന്തപുരം: ഓണാഘോഷങ്ങളുമായി ബന്ധപ്പെട്ട് വിവിധ ആനുകൂല്യങ്ങൾക്കും ആശ്വാസനടപടികൾക്കുമായി 19,000 കോടി രൂപ നീക്കിവച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. രണ്ടുമാസത്തെ ക്ഷേമപെൻഷൻ വിതരണത്തിനായി 1800 കോടി രൂപ അനുവദിച്ചു. 60 ലക്ഷത്തോളം പേർക്ക് 3200 രൂപവീതം പെൻഷൻ ലഭിക്കും. 13 ലക്ഷം സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ബോണസിനും ഉത്സവബത്തയ്ക്കും അഡ്വാൻസിനുമായി 630 കോടി നീക്കിവച്ചു. ഒരുലക്ഷത്തിൽപ്പരം ജീവനക്കാർക്ക് 4000 രൂപവീതം ബോണസുണ്ട്. ഇതിന് അർഹതയില്ലാത്തവർക്ക് ഉത്സവബത്ത 2750 രൂപ. വിരമിച്ചവർക്ക് പ്രത്യേക ഉത്സവബത്ത 1000 രൂപ. ഓണം അഡ്വാൻസ് 20,000 രൂപയാണ്. പാർട് ടൈം കണ്ടിൻജന്റ് ജീവനക്കാർ ഉൾപ്പെടെയുള്ളവർക്ക് 6000 രൂപയും. കരാർ, സ്കീം തൊഴിലാളികൾക്കും ബത്ത ലഭിക്കും.
തൊഴിലുറപ്പുതൊഴിലാളികൾക്ക് 1000 രൂപ വീതം നൽകാൻ 46 കോടി നീക്കിവെച്ചു. ലോട്ടറി മേഖലയിൽ ബോണസായി 24 കോടി നൽകി. ലോട്ടറി ക്ഷേമനിധി ബോർഡ് അംഗങ്ങൾക്ക് 6000 രൂപ ബോണസും പെൻഷൻകാർക്ക് 2000 രൂപ ഉത്സവ ബത്തയുമുണ്ട്. കൈത്തറി തൊഴിലാളികളുടെ യൂണിഫോം പദ്ധതിയിൽ 25 കോടി നൽകി. കാഷ്യു ബോർഡിന് 43 കോടി നൽകി. കെഎസ്ആർടിസിക്ക് 30 കോടി. പെൻഷനായി 70 കോടിയും ശമ്പളത്തിനായി 40 കോടിയും നേരത്തേ നൽകിയിരുന്നു. സ്കൂൾ പാചകത്തൊഴിലാളികൾക്ക് ശമ്പളത്തിന് 50 കോടി നീക്കിവച്ചു. റബർ സബ്സിഡിക്ക് 25 കോടി, ടെക്സ്ഫെഡിന് ആറുകോടി, ടെക്സ്റ്റൈൽ കോർപറേഷന് 10 കോടി, കയർ മേഖലയ്ക്ക് അഞ്ചുകോടി എന്നിങ്ങനെ സഹായമെത്തി. പരമ്പരാഗത തൊഴിലാളികൾക്ക് ഇൻകം സപ്പോർട്ട് സ്കീമിലും സഹായമുണ്ട്. പൂട്ടിക്കിടക്കുന്ന തോട്ടങ്ങളിലെ തൊഴിലാളികൾക്ക് 2000 രൂപയും ഓണക്കിറ്റും ലഭിക്കും.
കൺസ്യൂമർഫെഡിന് 1500 ഓണച്ചന്ത തുടങ്ങാനായി സഹായം നൽകി. ഓണക്കിറ്റ് വിതരണത്തിന് 32.6 കോടി സപ്ലൈകോയ്ക്ക് നൽകി. നേരത്തേ 70 കോടി അനുവദിച്ചിരുന്നു. നെല്ല് സംഭരിച്ചതിന് ചെലവഴിച്ച 1200 കോടിയിൽ 200 കോടിയോളം രൂപ കുടിശ്ശികയുണ്ട്. ബാങ്കുമായി ബന്ധപ്പെട്ട സാങ്കേതിക തടസ്സങ്ങൾ ഒഴിവാക്കി പണം ഉടൻ ലഭ്യമാക്കുമെന്നും മന്ത്രി അറിയിച്ചു. തൊഴിലുറപ്പ് തൊഴിലാളികൾക്ക് 1000 രൂപ വീതം ഉത്സവബത്ത ലഭിക്കും.
ശനിയാഴ്ചമുതൽ ഓണച്ചന്തകളിലൂടെ കുറഞ്ഞ വിലയ്ക്ക് നിത്യോപയോഗ സാധനങ്ങൾ ലഭ്യമാക്കും. സപ്ലൈകോയും കൺസ്യൂമർഫെഡുമാണ് വിപണി ഇടപെടലുമായി ആശ്വാസമേകുന്നത്. തിരുവനന്തപുരത്ത് പുത്തരിക്കണ്ടം മൈതാനത്ത് സപ്ലൈകോ ഓണം ഫെയർ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. കൺസ്യൂമർഫെഡിൻ്റെ സഹകരണ ഓണവിപണികളും ശനിയാഴ്ച തുടങ്ങും. 28 വരെയുണ്ടാകും. സപ്ലൈകോ ജില്ലാ ഓണം ഫെയറിനുപുറമെ 23 മുതൽ 28 വരെ താലൂക്ക് ഫെയറുകളും നിയോജകമണ്ഡല അടിസ്ഥാനത്തിലുള്ള ഫെയറുകളും പ്രവർത്തിക്കും. ഓണം ഫെയറിലും സപ്ലൈകോ വിൽപ്പനശാലകളിലും സബ്സിഡി നിരക്കിലുള്ള സാധനങ്ങൾക്കുപുറമെ 28 വരെ വിവിധ നിത്യോപയോഗ സാധനങ്ങൾക്ക് വൻ വിലക്കിഴിവുമുണ്ട്. അഞ്ചുമുതൽ 50 ശതമാനംവരെ വിലക്കുറവും കോംബോ ഓഫറുമുണ്ട്. വിവിധ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് ഓണത്തിന് സമ്മാനിക്കാൻ 500, 1000 രൂപയുടെ ഗിഫ്റ്റ് വൗച്ചറുകളും ഒരുക്കി. ഇരുപതോ അതിലധികമോ വൗച്ചറുകൾ ഒരുമിച്ച് എടുക്കുന്ന സ്വകാര്യ കമ്പനികൾക്കും പൊതുമേഖലാ സ്ഥാപനങ്ങൾക്കും ഓരോ 20 വൗച്ചറിനും ഒരു വൗച്ചർ സൗജന്യമാണ്. ജില്ലാ ഫെയറുകൾ രാവിലെ 10 മുതൽ രാത്രി ഒമ്പതുവരെയാണ്.
സഹകരണ സംഘങ്ങളുമായി സഹകരിച്ച് കൺസ്യൂമർഫെഡ് 1500 ഓണച്ചന്തകളാണ് നടത്തുന്നത്. ഇതിൽ 175 എണ്ണം ത്രിവേണി നേരിട്ടാണ്. 13 ഇനങ്ങൾ സർക്കാർ സബ്സിഡിയോടെ നൽകും. പൊതുവിപണിയേക്കാൾ 10 മുതൽ 40 ശതമാനംവരെ വിലക്കിഴിവിൽ നോൺ സബ്സിഡി സാധനങ്ങളും പച്ചക്കറിയും ലഭ്യമാക്കും. ആന്ധ്ര ജയ അരി, കുറുവ അരി, മട്ട അരി, പച്ചരി, പഞ്ചസാര, ഉഴുന്ന്, ചെറുപയർ, കടല, തുവര, വൻപയർ, മുളക്, മല്ലി, വെളിച്ചെണ്ണ എന്നിവയാണ് സബ്സിഡിയിൽ ലഭ്യമാക്കുന്നത്. റേഷൻ കാർഡുമായി വന്ന് ഇവ വാങ്ങാം. പൊതുവിപണിയിൽ 1200 രൂപ വരുന്ന ഉൽപ്പന്നങ്ങൾ 462.50 രൂപയ്ക്കാണ് നൽകുന്നത്.