ദില്ലി: ഇന്ത്യൻ ഭരണഘടനയുടെ അടിസ്ഥാനതത്വങ്ങൾ അടക്കം കാലഹരണപ്പെട്ടെന്നും എത്രയുംവേഗം പുതിയ ഭരണഘടനയ്ക്ക് രൂപം നൽകണമെന്നും പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശകസമിതി അധ്യക്ഷൻ ബിബേക് ദേബ്റോയ്. ഭരണഘടനയുടെ ആമുഖത്തിൽ പറയുന്ന സോഷ്യലിസം, മതനിരപേക്ഷത, ജനാധിപത്യം, നീതി, സ്വാതന്ത്ര്യം, സമത്വം എന്നീ പദങ്ങൾക്ക് ഇപ്പോൾ എന്ത് അർഥമാണുള്ളതെന്ന ചോദ്യം ഉയരണമെന്നും ‘മിന്റ്’ ദിനപത്രത്തിൽ എഴുതിയ ലേഖനത്തിൽ ദേബ്റോയ് അഭിപ്രായപ്പെട്ടു.
മോദി സർക്കാർ രാജ്യസഭയിലേക്ക് നാമനിർദേശം ചെയ്ത സുപ്രീംകോടതി മുൻ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് ഭരണഘടനയുടെ അടിസ്ഥാന ഘടനയ്ക്കെതിരെ സഭയിൽ പ്രസംഗിച്ചതിനു പിന്നാലെയാണിത്. ലിഖിത ഭരണഘടനകളുടെ ശരാശരി ആയുസ്സ് 17 വർഷം മാത്രമാണെന്ന് ഷിക്കാഗോ സർവകലാശാലയുടെ നിയമപഠനവിഭാഗം നടത്തിയ ഗവേഷണത്തിൽ കണ്ടെത്തിയെന്നും ദേബ്റോയ് വാദിക്കുന്നു. പ്രാഥമിക തത്വങ്ങൾമുതൽ മാറ്റം തുടങ്ങണം. 2047ൽ ഏതു ഭരണഘടനയാണ് വേണ്ടതെന്ന ചർച്ച നടക്കണം. സംസ്ഥാനങ്ങളുടെ എണ്ണത്തിൽ മാറ്റം വരുത്തണമെന്നും ദേബ്റോയ് നിർദേശിക്കുന്നു. തദ്ദേശസ്ഥാപനങ്ങളുടെ സംവിധാനത്തിലും മാറ്റം ഉണ്ടാകണം. സുപ്രീംകോടതിയുടെ പങ്ക്, ഗവർണർമാരുടെയും രാജ്യസഭയുടേയും പങ്ക് എന്നിവയും പുനർവിചിന്തനത്തിന് വിധേയമാക്കണം ദേബ്റോയ് ആവശ്യപ്പെട്ടു. ഭരണഘടന അട്ടിമറിക്കാൻ ആർഎസ്എസ് നേതൃത്വത്തിൽ ശ്രമം നടക്കവെയാണ് നിർണായക ഔദ്യോഗിക പദവി കൈയാളുന്ന ദേബ്റോയ് പരസ്യമായി ഇക്കാര്യം അഭിപ്രായപ്പെട്ടത്.