ഏഴ് കോടിയുടെ ആഡംബര റിസോർട്ടിൻ്റെ ഉടമയായി മാറിയ വളഞ്ഞ വഴികളെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് മറുപടിയില്ലാതെ മാത്യു കുഴൽ നാടൻ്റെ ഉരുണ്ടു കളി. അരിയെത്ര എന്നതിന് പയറഞ്ഞാഴി എന്ന തരത്തിലായിരുന്നു റിസോർട്ട് വിഷയത്തിൽ നടത്തിയ വാർത്താസമ്മേളനത്തിൽ കുഴൽ നാടൻ്റെ പ്രകടനം. മൂന്നാർ ചിന്നക്കനാലിലെ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി സി എൻ മോഹനൻ ഉന്നയിച്ച ഒരു ചോദ്യത്തിനും കൃത്യമായി മറുപടി നൽകാൻ കുഴൽനാടന് കഴിഞ്ഞില്ല.
പകരം തൻ്റെ നിയമസ്ഥാപനത്തിൻ്റെ പെരുമയും സഹപ്രവർത്തകരുടെ തഴമ്പും വിസ്തരിച്ച് കേമത്തം വിളമ്പുകയായിരുന്നു കുഴൽനാടൻ. പ്രശസ്തരായ സുപ്രീം കോടതി അഭിഭാഷകർ തൻ്റെ സഹപ്രവർത്തകരായുണ്ടെന്നും അതുകൊണ്ട് നിയമ സ്ഥാപനത്തിൻ്റെ മറവിൽ കള്ളപ്പണം വെളുപ്പിച്ചു എന്ന ആരോപണം തന്റെയും നിയമ സ്ഥാപനത്തിലെ പാർട്ട്ണർമാരുടെയും ഇന്റഗ്രിറ്റിയെ ബാധിക്കും എന്നാണ് കുഴൽ നാടൻ്റെ രോദനം. യഥാർത്ഥത്തിൽ ഇവിടെ ഉയർന്നു വന്ന ഒരു ആരോപണത്തിനും സുപ്രീം കോടതിയിലെയടക്കം കേസുകൾ നടത്തുന്ന തിരക്കേറിയ വക്കിൽ എന്ന് മേനി നടിക്കുന്ന കുഴൽനാടന് മറുപടി ഇല്ലായിരുന്നു. ഏറ്റവും ലളിതമായ സംശയത്തിന് പോലും കുഴൽനാടൻ ഉരുണ്ടു കളിച്ചു. മൂന്നര കോടി രൂപ തെരഞ്ഞെടുപ്പ് അഫിഡവിറ്റിൽ കാണിച്ച ഭൂമിക്കും കെട്ടിടത്തിനും 1,92,60000 രൂപ മാത്രമാണ്. രജിസ്ട്രേഷൻ നടത്തിയ തുകയെന്നും അതുവഴി നികുതി വെട്ടിപ്പ് നടത്തിയെന്ന ആരോപണത്തിനും ഒരു മറുപടിയും പറയാൻ കുഴൽനാടന് കഴിഞ്ഞില്ല.
കെട്ടിടമുള്ള കാര്യം മറച്ചുവെച്ച് കെട്ടിട നിർമ്മാണത്തിന് അനുമതി തേടി തഹസിൽദാർക്ക് അപേക്ഷ നൽകിയത് എന്തിനെന്ന ചോദ്യത്തിനും കുഴൽനാടൻ മറുപടിയില്ലാതെ കുഴഞ്ഞു മറിഞ്ഞു. ആ അപേക്ഷയിലെ ഒപ്പും തെരഞ്ഞെടുപ്പ് സത്യവാങ്ങ്മൂലത്തിലെ ഒപ്പും വ്യത്യസ്തമാണെന്ന ചൂണ്ടിക്കാട്ടിയ മാധ്യമ പ്രവർത്തകനോട് അത് പരിശോധിക്കാമെന്ന് അലസ മറുപടിയാണ് നൽകിയത്. സ്വന്തം ഒപ്പിൻ്റെ കാര്യത്തിൽ പോലും വ്യക്തമായ മറുപടി നൽകാൻ കുഴൽനാടന് കഴിഞ്ഞില്ല. ആരോപണങ്ങളിൽ നിന്ന് ഒളിച്ചോടി പതിവ് പോലെ സിപിഎമ്മിൻ്റെ നെഞ്ചത്ത് കേറാനാണ് കുഴൽനാടൻ ശ്രമിച്ചത്. തെരഞ്ഞെടുപ്പ് സത്യാവാങ്മൂലം നൽകുമ്പോൾ അതിൽ ഇല്ലാത്ത ഭൂമി ഉണ്ടെന്ന് രേഖപ്പെടുത്തിയതും തഹസിൽദാർക്ക് കെട്ടിട നിർമ്മാണ അപേക്ഷയ്ക്കായി നൽകിയ ഒപ്പ് വ്യാജമായിരുന്നുവെന്നും സമ്മതിക്കുകയായിരുന്നു യഥാർത്ഥത്തിൽ കുഴൽനാടൻ.
60 ലക്ഷം രൂപയോളം ലോൺ എടുത്താണ് ആ വസ്തു വാങ്ങിച്ചത് എന്ന് കുഴൽനാടൻ അവകാശപ്പെടുന്നുണ്ട്. എന്നാൽ തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ വായ്പാ ബാധ്യതയായി കാണിക്കുന്നത് 16,75,538 രൂപ മാത്രമാണ്. കുഴൽനാടൻ്റെ ഭാര്യയുടെ പേരിലും ഇതേ തുക വായ്പയായി കാണിക്കുന്നുണ്ട്. അല്ലാതെ 60 ലക്ഷം ലോണെടുത്തത് സത്യവാങ്മൂലത്തിൽ എവിടെയുമില്ല. തൻ്റെ വരുമാന സ്രോതസ് നിയമ സ്ഥാപനം വഴിയാണെന്ന് പറയുമ്പോഴും ചിന്നക്കനാലിലെ ഭൂമി ഇടപാടിലെ യഥാർത്ഥ സാമ്പത്തിക സ്രോതസ് വ്യക്തമാക്കാൻ കുഴൽനാടന് കഴിഞ്ഞില്ല.
നിയമ സ്ഥാപനത്തിൻ്റെ നികുതി അടച്ച കണക്ക് വിസ്തരിച്ച കുഴൽനാടൻ സ്ഥാപനത്തിൻ്റെ പേരിലാണോ അതോ സ്വന്തം പേരിലാണോ ചിന്നക്കനാലിൽ എഴ് കോടിയുടെ ഭൂമിയും റിസോർട്ടും സ്വന്തമാക്കിയതെന്ന് വ്യക്തമാക്കായില്ല. നിയമ സ്ഥാപനത്തിൻ്റെ നികുതിയടച്ച കണക്കുകൾ കുഴൽനാടൻ്റെ തന്നെ വാക്കുകൾ പ്രകാരം സുപ്രീം കോടതിയിലെ ദീർഘകാല അനുഭവ സമ്പത്തുള്ള അഭിഭാഷകരുടെ കൂടി വരുമാനത്തിൻ്റെ പങ്കായിരിക്കും.
എന്നാൽ കുഴൽനാടൻ വ്യക്തിപരമായി 2016 മുതൽ 2021 വരെ നൽകിയ ആദായനികുതി റിട്ടേൺ വിവരങ്ങളിൽ
2016-17 – 7,31,030 രൂപ
2017-18 – 19,85,000 രൂപ
2018-19 – 25,01,290 രൂപ
2019-20 – 6,80,400 രൂപ
2020- 21 – 6,30,880 രൂപ ഇങ്ങനെയാണ് വരുമാന വിവരം കാണിച്ചിരിക്കുന്നത്.
ഇവിടെയാണ് സംശയം ഉയരുന്നത്. ഇത്രമാത്രം വാർഷിക വരുമാനമുള്ള ഒരാൾ എങ്ങനെയാണ് 1,92,60,000 രൂപ സ്വന്തം അക്കൗണ്ടിൽ നിന്ന് ട്രാൻസ്ഫർ ചെയ്ത് വസ്തുവും കെട്ടിടവും ആധാരം ചെയ്തത്. ആ പണത്തിൻ്റെ ഉറവിടം എന്താണ്. ഇതേ വസ്തു മൂന്നര കോടിക്ക് വാങ്ങിയെന്നാണ് തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ പറയുന്നത്. അങ്ങനെയെങ്കിൽ ബാക്കി വരുന്ന ഒന്നര കോടിയിലധികം രൂപ ഏതു മാർഗത്തിലാണ് വസ്തുവിൻ്റെ ഉടമയ്ക്ക് നൽകിയത്. അതിൻ്റെ വിവരങ്ങൾ കുഴൽനാടൻ വെളിപ്പെടുത്തുമോ ?
1,92,60,000 രൂപയ്ക്ക് രജിസ്ട്രേഷൻ നടത്തിയതായി ആധാരത്തിൽ കാണിച്ചിരിക്കുന്ന വസ്തുവിനും കെട്ടിടത്തിനും മൂന്നര കോടി രൂപയാണ് വാങ്ങുന്ന സമയത്തെ വിലയെന്ന് (20.012021) സത്യവാങ്മൂലത്തിൽ വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. അങ്ങനെയെങ്കിൽ കൃത്യമായ നികുതിവെട്ടിപ്പല്ലെ അവിടെ നടന്നത്.
ആ വസ്തുവിൻ്റെ വിവരങ്ങൾ ബ്രാക്കറ്റിൽ ( സർവ്വേ നമ്പറുകൾ 34/1-21-1,34/1-12-2,34/1-12-3, 34/1-12-7, 34/1-12-14,34/1-12-15,34/1-12-15-1,34/1-12-15-2 ചിന്നക്കനാൽ വില്ലേജ് ഉടുമ്പഞ്ചോല താലൂക്ക്.
കുഴൽനാടൻ സ്വന്തമായും ബിനാമി ഇടപാടിലും വാങ്ങിയ അനധികൃത ആഡംബര റിസോർട്ടിൻ്റെ പേരും മാറ്റിയിരുന്നു. കുന്നിടിച്ചുനിരത്തി നിർമിച്ചതാണ് 6000 ചതുരശ്ര അടി വിസ്തീർണമുള്ള റിസോർട്ട്. ചിന്നക്കനാൽ പഞ്ചായത്ത് ആറാം വാർഡായ പാപ്പാത്തിച്ചോല ഷൺമുഖവിലാസം സർവേ നമ്പർ 34/1 ലെ 57 സെന്റ് കുഴൽനാടൻ ഉൾപ്പെടെ മൂന്ന് പേരുടെ പേരിലാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കുഴൽനാടൻ പ്ലോട്ട്വാങ്ങുമ്പോഴുള്ള ‘അൽഫോൻസ് കപ്പിത്താൻസ്’ എന്ന പേര് അടുത്തിടെ ‘എറ്റേണോ കപ്പിത്താൻസ് ഡേൽ’ എന്നാക്കിമാറ്റി. നിലവിൽ റിസോർട്ട് പ്രവർത്തിക്കുന്നുണ്ട്. എല്ലാ സൗകര്യങ്ങളുമുള്ള മുറിയൊന്നിന് ദിവസ വാടക ശരാശരി അയ്യായിരത്തിലധികമാണ്. പതിനഞ്ചോളം വർഷം പഴക്കമുള്ള കെട്ടിടസമുച്ചയം ആവശ്യമായ നിയമസാധുതയില്ലാതെയാണ് കെട്ടി ഉയർത്തിയത്. ഒരു കെട്ടിടത്തിന് നിരാക്ഷേപ പത്രത്തിനായി (എൻഒസി) 2023 മാർച്ച് 24നാണ് കുഴൽനാടൻ ഉടുമ്പൻചോല തഹസിൽദാർക്ക് അപേക്ഷ നൽകിയത്. തഹസിൽദാർ എൻഒസി അപേക്ഷ കലക്ടറേറ്റിലേക്ക് അയച്ചു. പ്രഥമദൃഷ്ട്യാ അനധികൃതമാണെന്ന് ബോധ്യപ്പെട്ടതിനാൽ എൻഒസി നൽകിയില്ല. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് കോടികൾ മൂല്യംവരുന്ന ഭൂമി വില കുറച്ചുകാട്ടി ആധാരംചെയ്തത്. സമയബന്ധിതമായി പോക്കുവരവ് ചെയ്യാനായില്ല. ഏറെ നൂലാമാലകളും നിയമക്കുരുക്കുകളും ഉണ്ടായിരുന്നതിനാൽ മൂന്നുവർഷത്തിനുശേഷമാണ് രണ്ട് കെട്ടിടസമുച്ചയത്തിന് പോക്കുവരവ് തരപ്പെടുത്തിയത്.
പരിസ്ഥിതി പ്രധാനമായ കുന്നിൻചരിവ് ഇടിച്ചുനികത്തി നിർമിച്ച ആഡംബര കെട്ടിടമാണ് കുഴൽനാടൻ വാങ്ങിയത്. ഉയർന്ന പ്രദേശത്തുനിന്നുള്ള വിദൂര–-താഴ്വാര കാഴ്ചകൾ ടൂറിസ്റ്റുകളെ ആകർഷിക്കുമെന്നതിനാൽ കൂടുതൽ പണം ഉണ്ടാക്കാമെന്ന കച്ചവടക്കണ്ണും ഇതിനുപിന്നിലുണ്ട്.
ചിന്നക്കനാലിലെ ഭൂമിയിലുള്ള കൂറ്റൻ ആഡംബര റിസോർട്ട് കെട്ടിടം ഗസ്റ്റ് ഹൗസാണെന്നാണ് കുഴൽനാടൻ്റെ അവകാശ വാദം. ലാൻഡ് അസൈൻമെന്റ് ആക്ടുപ്രകാരം ഈ മേഖലയിലെ ഭൂമിയിൽ കെട്ടിടങ്ങൾ നിർമിക്കാൻ പാടില്ലെന്നത് കുഴൽനാടൻ അംഗീകരിച്ചു. എന്നാൽ, തൻ്റെ ഭൂമിയിലെ മുഴുവൻ കെട്ടിടവും അംഗീകാരമുള്ളതും ഗസ്റ്റ് ഹൗസ് ഉപയോഗത്തിനുള്ളതുമാണെന്നത് മനസ്സിലാക്കിയാണ് വാങ്ങിയത്. ഇതേ കെട്ടിടം നിലവിലുള്ളപ്പോൾ വീട് വയ്ക്കാൻ അനുവാദം തേടിയതെന്തിനെന്ന ചോദ്യത്തിന് ഒരു ഭൂമിയിൽ ഒന്നോ രണ്ടോ വീട് വയ്ക്കുന്നതിന് എന്തെങ്കിലും തടസ്സമുണ്ടോയെന്നാണ് ന്യായീകരണം.
ചിന്നക്കനാലിലെ ഭൂമിയുടെ മറവിൽ മാത്യു കുഴൽനാടൻ നടത്തിയ നികുതി വെട്ടിപ്പിന്റെയും ബിനാമി ഇടപാടുകളുടെയും വിവരങ്ങൾ നേരത്തെ ലഭിച്ചിട്ടും മാധ്യമങ്ങൾ അത് മൂടിവച്ചു. കഴിഞ്ഞദിവസം സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി സി എൻ മോഹനൻ വാർത്താസമ്മേളനത്തിലൂടെ വിഷയം പരസ്യപ്പെടുത്തിയപ്പോഴാണ് ചില മാധ്യമങ്ങളെങ്കിലും പേരിന് വാർത്തയാക്കിയത്. പ്രീ ഡിഗ്രിക്ക് കോപ്പിയടിച്ച് പിടിക്കപ്പെട്ട് ഡീബാർ ചെയ്യപ്പെട്ട കുഴൽനാടൻ്റെ ചരിത്രം നിയമസഭയിൽ പരാമർശിക്കപ്പെട്ടപ്പോഴും മാധ്യമങ്ങളുടെ പരിലാളന കുഴൽനാടന് കിട്ടിയിരുന്നു.
കുഴൽനാടന് അമ്പതും മറ്റുള്ളവർക്ക് ഇരുപത്തഞ്ചും ശതമാനം വീതമാണ് ഇടപാടിലെ റിസോർട്ട് ഇടപാടിലെ പങ്കാളിത്തം. മറ്റുള്ളവർ ഉടമയ്ക്ക് പണം കൈമാറിയതായി രേഖയില്ല. ഏഴ് കോടിയുടെ ഭൂമി ഇടപാടെന്നാണ് ആക്ഷേപം. ആധാരത്തിലെ ഭൂമി വിലയായ 1,92,60,000 രൂപയിൽ 1,91,15,549 രൂപയും കുഴൽനാടൻ്റെ അക്കൗണ്ടിൽനിന്ന് ഉടമയ്ക്ക് കൈമാറിയിട്ടുമുണ്ട്.