സംസ്ഥാന ജീവനക്കാരുടെയും പെൻഷൻകാരുടെയും ക്ഷാമബത്ത അനുവദിക്കുന്നതിന് തടസ്സമാകുന്നത് കേന്ദ്ര സർക്കാരിൻ്റെ പ്രതികാര നടപടികൾ. സംസ്ഥാനത്തിന് അർഹതപ്പെട്ട കേന്ദ്ര സഹായങ്ങൾ വൻതോതിൽ നിഷേധിക്കുന്നത് സാമ്പത്തിക ഞെരുക്കം സൃഷ്ടിക്കുന്നു.
ഈ വർഷം സംസ്ഥാനത്തിന് ലഭിക്കേണ്ട 36,121 കോടി രൂപയാണ് കേന്ദ്ര ഗവൺമെന്റ് നിഷേധിച്ചത്. സംസ്ഥാന ആഭ്യന്തര മൊത്ത ഉൽപ്പാദനത്തെ അടിസ്ഥാനമാക്കിയുള്ള വായ്പാനുമതിയിൽ 11,921 കോടി രൂപ നിഷേധിച്ചു. ഓണക്കാലമടക്കം ഒമ്പതു മാസത്തേക്ക് അനുവദിച്ചത് 15,390 കോടി രൂപ മാത്രമാണ്. റവന്യു കമ്മി ഗ്രാന്റിൽ 8400 കോടി രൂപ കുറഞ്ഞു.
ജിഎസ്ടി നഷ്ടപരിഹാരമായി ലഭിച്ചിരുന്ന 12,000 കോടിയോളം രൂപ ഇല്ലാതായി. ആനുപാതികമായി ഐജിഎസ്ടിയിലടക്കം വരുമാനവർധന ഉണ്ടായതുമില്ല. നികുതിവിഹിതം 1.925 ശതമാനമായി കുറച്ചതിലൂടെ 3800 കോടിയിലധികം രൂപയുടെ നഷ്ടവുമുണ്ട്. ഇതിനു പുറെമയാണ് വിവിധ കേന്ദ്രാവിഷ്കൃത പദ്ധതികളിലേത് ഉൾപ്പെടെ ഗ്രാന്റുകൾ വെട്ടിക്കുറയ്ക്കുകയും തടഞ്ഞുവെക്കുകയും ചെയ്യുന്നത്. സംസ്ഥാനത്തിൻ്റെ അടിസ്ഥാന സൗകര്യ, സാമൂഹ്യ വികസന പദ്ധതികൾക്ക് പ്രത്യേക ഉദ്ദേശ്യ കമ്പനികൾ വഴി വായ്പ എടുക്കാനും അനുവദിക്കുന്നില്ല. സംസ്ഥാനം നേരിടുന്ന വലിയ സാമ്പത്തിക ഞെരുക്കം മൂലമാണ് ക്ഷാമബത്ത കുടിശ്ശികയായത്.
മുൻ യുഡിഎഫ് സർക്കാരുകളുടെ കാലത്ത് ആനുകൂല്യങ്ങൾ തടയുകയും കുടിശ്ശികയാക്കുകയും മരവിപ്പിക്കുകയും ഒക്കെയായിരുന്നു പതിവ്. കുടിശ്ശികയില്ലാതെ ഒരിക്കലും ക്ഷാമബത്ത വിതരണം ചെയ്തിട്ടില്ല. എന്നാൽ, ജീവനക്കാരുടെയും പെൻഷൻകാരുടെയും ആനുകൂല്യങ്ങൾ അവകാശങ്ങളായി പ്രഖ്യാപിച്ച് ഉറപ്പുവരുത്തുകയാണ് എൽഡിഎഫ് സർക്കാരുകൾ ചെയ്തത്.
2002ൽ യുഡിഎഫ് സർക്കാർ ആദ്യവർഷം ഡിഎ ഇല്ലെന്ന് പ്രഖ്യാപിച്ചു. 2011–-16ലെ സർക്കാരും വ്യത്യസ്തമായിരുന്നില്ല. എൽഡിഎഫ് സർക്കാരുകൾ ഈ കുടിശ്ശിക അടക്കം എല്ലാ ആനകൂല്യങ്ങളും വിതരണം ചെയ്തു. ശമ്പള പരിഷ്കരണത്തിനുമുമ്പുള്ള കുടിശ്ശികകളും നൽകി. കോവിഡ്കാലത്തും സമയബന്ധിത ശമ്പളപരിഷ്കരണം ഉറപ്പാക്കി. ഇതിലൂടെ പ്രതിവർഷം 20,000 കോടി രൂപയുടെ അധികച്ചെലവാണ് സർക്കാരിനുണ്ടായത്.