ചില തെറ്റിദ്ധാരണകളും നിഷിപ്ത താൽപ്പര്യക്കാരുടെ ഇടപെടലുകളും രാജ്യത്തെ അസ്ഥിരപ്പെടുത്താനുള്ള വിദേശ ഗൂഢാലോചനയുമാണ് മണിപ്പുർ കലാപത്തിന് പിന്നിലെന്ന് മുഖ്യമന്ത്രി ബിരേൻ സിങ്. തെറ്റുകൾ പറ്റുക മനുഷ്യസഹജമാണെന്നും മറക്കാനും പൊറുക്കാനും പഠിക്കണമെന്നും ഇംഫാൽ പരേഡ് ഗ്രൗണ്ടിൽ ദേശീയ പതാക ഉയർത്തിയ ശേഷം ബിരേൻ സിങ് പറഞ്ഞു.
‘സ്ഥിതിഗതികൾ സാധാരണ നിലയിലാക്കാൻ സർക്കാർ ശ്രമിച്ചുവരികയാണ്. വീടുകൾ നഷ്ടമായവരെയും പലായനം ചെയ്യേണ്ടി വന്നവരെയും ഉടൻ പുനരധിവസിപ്പിക്കും. താമസിച്ചിരുന്ന സ്ഥലങ്ങളിലേക്ക് മടങ്ങാൻ പറ്റാത്തവരെ താൽകാലിക വീടുകളിലേക്ക് (പ്രീഫാബ്രിക്കേറ്റഡ് വീടുകൾ) ഉടൻ മാറ്റും. ഇതിനായുള്ള വീടുകൾ തയ്യാറായി വരികയാണ്.
സമുദായങ്ങൾക്കിടയിൽതെറ്റിദ്ധാരണകളുണ്ടെങ്കിൽ ചർച്ചചെയ്ത് പരിഹരിക്കാം. സർക്കാരിൻ്റെ വാതിൽ എപ്പോഴും ചർച്ചയ്ക്കായി തുറന്നിരിക്കും’– മുഖ്യമന്ത്രി പറഞ്ഞു.
മണിപ്പുരിൽ വിഘടനവാദസംഘടനകൾ പൊതുപണിമുടക്ക് പ്രഖ്യാപിച്ചിരുന്നതിനാൽ സ്വാതന്ത്ര്യദിനത്തിൽ കടകമ്പോളങ്ങൾ അടഞ്ഞുകിടന്നു. താഴ്വരയിലെ ഉൾപ്രദേശങ്ങളിൽ സ്വാതന്ത്ര്യദിനാഘോഷങ്ങൾ ഉണ്ടായില്ല.