സംസ്ഥാനത്തെ സര്‍ക്കാര്‍ ഐടി പാര്‍ക്കുകള്‍ ഏഴുവര്‍ഷത്തിനിടെ ഐടി കയറ്റുമതിയിലൂടെ നേടിയത് 85,540.73 കോടി രൂപ. ഒന്നാം പിണറായി സര്‍ക്കാര്‍ അധികാരത്തില്‍വന്ന 2016 മുതല്‍ ഇതുവരെയുള്ള കണക്കാണിത്. തിരുവനന്തപുരം ടെക്നോപാര്‍ക്ക് 44,616 കോടിയും കൊച്ചി ഇന്‍ഫോപാര്‍ക്ക് 40,709 കോടിയും കോഴിക്കോട് സൈബര്‍പാര്‍ക്ക് 215.73 കോടിയുമാണ് ഈ കാലയളവില്‍ നേടിയത്. അതിനുമുമ്പുള്ള അഞ്ചുവര്‍ഷത്തെ ഐടി കയറ്റുമതി വരുമാനം 34,123 കോടി രൂപയായിരുന്നു.
ഈ ഏഴുവര്‍ഷത്തില്‍ മൂന്നു പാര്‍ക്കിലുമായി 62,000 പേര്‍ക്ക് പുതുതായി തൊഴില്‍ ലഭിച്ചു. ടെക്നോപാര്‍ക്കില്‍ 22,000 പേര്‍ക്കും ഇന്‍ഫോപാര്‍ക്കില്‍ 37,900 പേര്‍ക്കും സൈബര്‍ പാര്‍ക്കില്‍ 2100 പേര്‍ക്കുമാണ് പുതുതായി തൊഴില്‍ ലഭിച്ചത്. മൂന്നു പാര്‍ക്കിലുമായി 504 കമ്പനികള്‍ പുതുതായെത്തി. നിലവില്‍ മൂന്നു പാര്‍ക്കിലുമായി 1142 കമ്പനികളാണ് പ്രവര്‍ത്തിക്കുന്നത്.
ടെക്നോപാര്‍ക്കില്‍ 486ഉം ഇന്‍ഫോപാര്‍ക്കില്‍ 572ഉം സൈബര്‍പാര്‍ക്കില്‍ 84ഉം. മൂന്നിടത്തുമായി 1,40,100 പേര് തൊഴിലെടുക്കുന്നു. 7304.45 കോടി രൂപയുടെ നിക്ഷേപം അധികമായെത്തി. ടെക്നോപാര്‍ക്കില്‍ 1735 കോടിയും ഇന്‍ഫോപാര്‍ക്കില്‍ 5557.2 കോടിയും സൈബര്‍ പാര്‍ക്കില്‍ 12.25 കോടിയുമാണ് അധികമെത്തിയ നിക്ഷേപം.
ഐടി മേഖലയിലെ അടിസ്ഥാന സൗകര്യം വര്‍ധിപ്പിക്കാന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ വലിയ ഇടപെടലാണ് നടത്തിയത്. 69.45 ലക്ഷം ചതുരശ്രയടി ഐടി ഇടമാണ് ഏഴു വര്‍ഷത്തിനിടെ കൂട്ടിച്ചേര്‍ത്തത്. നിലവില്‍ മൂന്ന് ഐടി പാര്‍ക്കിലുമായി 2.01 കോടി ചതുരശ്രയടി ഇടമാണുള്ളത്. രാജ്യത്തെ ആദ്യ ഡിജിറ്റല്‍ സര്‍വകലാശാലയും ഡിജിറ്റല്‍ സയന്‍സ് പാര്‍ക്കും ഇതിനകം യാഥാര്‍ഥ്യമായി. സ്പെയ്സ് പാര്‍ക്കിനുള്ള നടപടികള്‍ പുരോഗമിക്കുന്നു. സര്‍ക്കാര്‍ ഐടി പാര്‍ക്കുകള്‍ക്കു പുറമെ നിരവധി സ്വകാര്യ ഐടി പാര്‍ക്കുകളും സംസ്ഥാനത്തുണ്ട്.