സംസ്ഥാന സര്‍ക്കാരിന്റെ എല്ലാ വികസന പദ്ധതികളെയും അജണ്ടവച്ച് ചര്‍ച്ചചെയ്ത് എതിര്‍ക്കുന്നതാണ് കേരളത്തിലെ പ്രതിപക്ഷ സമീപനമെന്ന് സിപി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പറഞ്ഞു. ഇങ്ങനെയൊരു പ്രതിപക്ഷത്തെ ലോകത്തെങ്ങും കാണാനാകില്ലെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
അവര്‍ക്ക് എല്ലാത്തിനോടും നിഷേധമാണ്. ദേശീയപാത വികസനം, കെ റെയില്‍, കെ ഫോണ്‍, ഗെയില്‍ പൈപ്പ് ലൈന്‍, കൂടംകുളം വൈദ്യുത ലൈന്‍ എന്നിവയിലെല്ലാം ഇത്തരത്തിലാണ് യുഡിഎഫ് സമരം വന്നത്. എന്നാല്‍, നിശ്ചയിച്ച വികസന പദ്ധതികളുമായി സര്‍ക്കാര്‍ മുന്നോട്ടുപോകും. ലോകത്തിന് മാതൃകയാണ് എല്‍ഡിഎഫ് സര്‍ക്കാര്‍. സര്‍ക്കാര്‍ ചെയ്ത കാര്യങ്ങള്‍ ജനങ്ങള്‍ അനുഭവിച്ചറിയുകയാണ്. ഇതാണ് പ്രതിപക്ഷത്തെയും ഒരു വിഭാഗം മാധ്യമങ്ങളെയും കുപ്രചാരണങ്ങള്‍ക്ക് പ്രേരിപ്പിക്കുന്നത്.
രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ വികസനത്തിന് വോട്ടുണ്ടെന്ന് ഇക്കൂട്ടര്‍ക്ക് വ്യക്തമായി. അതോടെ എതിര്‍പ്പിന്റെ കാഠിന്യവും കൂടി. എന്തെല്ലാം അപവാദങ്ങള്‍ നടത്തിയാലും ഇനിയും വികസനത്തിന് വോട്ട് കിട്ടും.
പുതുപ്പള്ളിയിലും നാടിന്റെ വികസന പദ്ധതികളും രാഷ്ട്രീയവും മുന്‍നിര്‍ത്തിയായിരിക്കും പ്രചാരണം. ഫെഡറല്‍ തത്വങ്ങള്‍ കാറ്റില്‍ പറത്തി കേന്ദ്രം സാമ്പത്തിക പ്രതിസന്ധി സൃഷ്ടിക്കുകയാണെങ്കിലും ജനോപകാരപ്രദമായ പദ്ധതികളില്‍നിന്ന് സംസ്ഥാന സര്‍ക്കാര്‍ പിന്നോട്ട് പോകില്ല. പുതിയ വ്യവസായ സംരംഭങ്ങള്‍ മുതല്‍ കുടുംബശ്രീ പദ്ധതികളില്‍വരെ വലിയതോതില്‍ തൊഴില്‍ അവസരങ്ങള്‍ വന്നു. പ്രകടന പത്രികയില്‍ പറഞ്ഞതിലും കൂടുതല്‍ തൊഴില്‍ നല്‍കും. പൊതുവിതരണ ശൃഖല ശക്തിപ്പെടുത്തി വിലക്കയറ്റം തടയാന്‍ സര്‍ക്കാര്‍ നടപടിയെടുത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.