എൽഡിഎഫ് സർക്കാർ അധികാരമേറ്റശേഷം പുതുപ്പള്ളി നിയോജക മണ്ഡലത്തിലെ സാമൂഹ്യക്ഷേമ പെൻഷൻ ഗുണഭോക്താക്കളുടെ എണ്ണത്തിൽ ഉമ്മൻ ചാണ്ടിയുടെ ഭരണകാലത്തേക്കാൾ 66 ശതമാനം വർധനവ് ഉണ്ടായതായി സിപിഎം കേന്ദ്ര കമ്മറ്റി അംഗം ഡോ. തോമസ് ഐസക് പറഞ്ഞു. ഉമ്മൻ ചാണ്ടി മുഖ്യമന്ത്രി ആയിരുന്നപ്പോൾ പുതുപ്പള്ളിയിൽ ക്ഷേമ പെൻഷനുകൾ വാങ്ങിയിരുന്നവരുടെ എണ്ണം 21,007 ആയിരുന്നു. ഇപ്പോഴത് 34,932 ഗുണഭോക്താക്കളായി വർധിച്ചെന്ന് അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു. 13,925 പേരാണ് പുതുപ്പള്ളിയിൽ കൂടുതലായി പെൻഷൻ വാങ്ങുന്നത്. അന്നത്തെ 600 ൽ നിന്ന് 1600 രൂപയായി പെൻഷൻ വർധിച്ചെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഫെയിസ് ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
“ശ്രീ. ഉമ്മൻ ചാണ്ടി മുഖ്യമന്ത്രി ആയിരുന്നപ്പോൾ പുതുപ്പള്ളിയിൽ ക്ഷേമ പെൻഷനുകൾ വാങ്ങിയിരുന്നവരുടെ എണ്ണം 21,007 ആയിരുന്നു. ഇന്നോ? 34,932 ഗുണഭോക്താക്കൾ. 13,925 പേർ പുതുപ്പള്ളിയിൽ കൂടുതലായി പെൻഷൻ വാങ്ങുന്നു. 66 ശതമാനമാണ് വർദ്ധന. ഇവർക്ക് ഇന്ന് 1600 രൂപ വീതം പെൻഷനുണ്ട്. ശ്രീ. ഉമ്മൻ ചാണ്ടിയുടെ ഭരണം അവസാനിച്ചപ്പോൾ 600 രൂപയായിരുന്നു പെൻഷൻ. 1000 രൂപ പെൻഷൻ പിണറായി സർക്കാർ വർദ്ധിപ്പിച്ചു. ശ്രീ. ഉമ്മൻ ചാണ്ടിയുടെ കാലത്തോ? വെറും 100 രൂപയാണ് വർദ്ധന. അതും 18 മാസം കുടിശികയാക്കിയിട്ടാണ് ഭരണം അവസാനിപ്പിച്ചത്. വിഎസ് സർക്കാർ അധികാരത്തിൽ വന്നപ്പോൾ പെൻഷൻ 120 രൂപയായിരുന്നു. അതു തന്നെ 28 മാസം കുടിശികയായിരുന്നു. ഈ കുടിശികയും തീർത്തു. പെൻഷൻ 500 രൂപയായി ഉയർത്തിയത് വിഎസ് സർക്കാരാണ്. ചുരുക്കത്തിൽ ഇന്ന് പുതുപ്പള്ളിയിലെ 35000-ത്തോളം വരുന്ന ക്ഷേമപെൻഷൻകാർക്ക് ലഭിക്കുന്ന 1600 രൂപയിൽ 1500 രൂപയും ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ നൽകിയിട്ടുള്ളവയാണ്. ഇനി പുതുപ്പള്ളിയിലെ വയോജനങ്ങൾ തീരുമാനിക്കുക. ഏതു ഭരണമാണ് വയോജനങ്ങളോട് കൂടുതൽ നീതി
പുലർത്തിയിട്ടുള്ളത് “.