ന്യൂഡൽഹി: കൈയേറ്റക്കേസിൽ ബിജെപി എംപിയും മുൻകേന്ദ്രമന്ത്രിയുമായ രാംശങ്കർകത്തേരിയയെ ആഗ്രാകോടതി കോടതി രണ്ടു വർഷം തടവിന് ശിക്ഷിച്ചു. ഇതോടെ അദ്ദേഹത്തിൻ്റെ എംപി സ്ഥാനം നഷ്ടമാകുമെന്ന് ഉറപ്പായി. 2011ൽ പവർ സപ്ലൈ കമ്പനിയുടെ ജീവനക്കാരനെ കൈയേറ്റം ചെയ്തതുമായി ബന്ധപ്പെട്ട കേസിലാണ് ശിക്ഷ. കോടതിവിധി മാനിക്കുന്നുവെന്നും അപ്പീൽ നൽകുമെന്നും ഉത്തർപ്രദേശിലെ ഇറ്റാവയിൽ നിന്നുള്ള എംപിയായ രാംശങ്കർ കത്തേരിയ മാധ്യമങ്ങളോട് പ്രതികരിച്ചു.
2014 നവംബർ മുതൽ 2016 ജൂലൈ വരെ എച്ച്ആർഡി മന്ത്രാലയം സഹമന്ത്രിയായിരുന്നു രാംശങ്കർ കത്തേരിയ. ദേശീയ പട്ടികജാതി കമീഷൻ ചെയർപേഴ്സൺ പദവിയും വഹിച്ചിട്ടുണ്ട്. 2019ൽ ആഗ്രയിലെ ടോൾപ്ലാസ ജീവനക്കാരെ കത്തേരിയയും ഗുണ്ടകളും ആക്രമിച്ചതും വാർത്തയായിരുന്നു. എംപിയും ഗുണ്ടകളും ജീവനക്കാരെ ആക്രമിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പ്രചരിച്ചിരുന്നു.