തിരുവനന്തപുരം: കോ-ഓപ്പറേറ്റീവ് ഫെഡറലിസത്തിൽ നിന്നും പീനലൈസിംഗ് ഫെഡറലിസത്തിലേക്ക് രാജ്യത്തെ മാറ്റുകയാണ് ബിജെപി നേതൃത്വത്തിലുള്ള കേന്ദ്രസർക്കാർ ചെയ്യുന്നതെന്ന് പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് കൊച്ചിയിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. നേരത്തെ ഇന്ത്യയിൽ സംസ്ഥാന സർക്കാരും കേന്ദ്രസർക്കാരും തമ്മിൽ സഹകരണ മനോഭാവമാണ് ഉണ്ടായതെങ്കിൽ ഇപ്പോൾ പകപോക്കൽ സമീപനമാണ് ഉണ്ടാകുന്നത്. ഏതൊക്കെ സംസ്ഥാന സർക്കാരാണോ തങ്ങളുടെ ചൊൽപ്പടിക്ക് നിൽക്കുന്നത്, ആരൊക്കെയാണോ മുട്ടിലിഴയാൻ തയ്യാറാകുന്നത് അവർക്ക് എല്ലാ സഹായവും ചെയ്തുകൊടുക്കും. ഏതൊക്കെ സർക്കാരാണോ ഭരണഘടനാ വിരുദ്ധമായ കേന്ദ്ര നിലപാടുകൾക്കെതിരെ ശബ്ദിക്കുന്നത് അത്തരം സർക്കാരുകൾക്കെതിരെ പകപോക്കൽ സമീപനം കേന്ദ്രം സ്വീകരിക്കുന്നു. അതിൽ നായകത്വം വഹിക്കുന്ന കേരളത്തിലെ സർക്കാരിനോടും ഇതേ സമീപനമാണ് കേന്ദ്രം സ്വീകരിക്കുന്നത്. ഇതിൻറെ പ്രയാസം അനുഭവിക്കുന്നത് കേരളത്തിലെ ജനങ്ങളാണ്.
പൗരത്വഭേദഗതി നിയമത്തിൻ്റെ അപകടം ചൂണ്ടിക്കാട്ടി ഇന്ത്യയിൽ ആദ്യമായി ഒരു പ്രമേയം നിയമസഭയിൽ അവതരിപ്പിച്ചത് കേരളമാണ്. ഇതിൻ്റെ അപകടം ചൂണ്ടിക്കാട്ടി ഇന്ത്യയിലെ മറ്റ് മുഖ്യമന്ത്രിമാർക്ക് കേരളാമുഖ്യമന്ത്രി കത്തെഴുതി. കേരളത്തിലെ എൽഡിഎഫ് സർക്കാർ ശക്തമായിട്ടാണ് മതനിരപേക്ഷതയ്ക്ക് വേണ്ടി നിലകൊള്ളുന്നത്. അങ്ങനെയുള്ള കേരളത്തോട് പകപോക്കൽ സമീപനമാണ് കേന്ദ്രസർക്കാർ സ്വീകരിക്കുന്നത്. കേന്ദ്രബജറ്റിൽ ഫണ്ട് വെട്ടിക്കുറച്ച് മുതൽ ഇതുവരെയുള്ള കാര്യങ്ങൾ ഇത് വ്യക്തമാക്കുന്നതാണ്. വായ്പാ പരിധി വെട്ടിച്ചുരുക്കി. ഗ്രാൻറിനത്തിലും വെട്ടിക്കുറവ് വരുത്തി. കേരളത്തിന് അർഹതപ്പെട്ടതെല്ലാം വെട്ടിക്കുറക്കുന്ന സ്ഥിതിയാണ്. കേരളത്തിലെ വിമാനത്താവളങ്ങളോട് അവഗണ കാട്ടുന്നു. എംയിസ് അനുവദിക്കുന്നതിൽ അവഗണന കാട്ടുന്നു. ഇങ്ങനെ ഓരോ കാര്യത്തിലും കേന്ദ്രസർക്കാർ പകപോക്കുന്ന സമീപനം സ്വീകരിക്കുമ്പോൾ ഇതിൻ്റെ പ്രയാസം അനുഭവിക്കുന്നത് കേരളത്തിലെ ജനങ്ങളാണ്.
ശക്തമായ രാഷ്ട്രീയ നിലപാട് സ്വീകരിക്കുന്നതിൻ്റെയും മതനിരപേക്ഷത മുറുകെപിടിക്കുന്നതിൻ്റെയും ഭാഗമായി പകപോക്കാൻ വേണ്ടി കേന്ദ്രഭരണത്തെ ഉപയോഗിക്കുന്ന നിലയിലേക്ക് ബിജെപി സർക്കാർ മാറുന്നു എന്നതാണ് പ്രധാനപ്പെട്ട പ്രശ്നമെന്നും മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.