തിരുവനന്തപുരം: മൾട്ടി സ്റ്റേറ്റ് സഹകരണ നിയമ ഭേദഗതിയിലൂടെ ഫെഡറൽ സംവിധാനം അട്ടിമറിക്കാനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നതെന്ന് മന്ത്രി വി എൻ വാസവൻ. ഭരണഘടന പ്രകാരം സംസ്ഥാനങ്ങൾക്ക് ലഭിച്ചിട്ടുള്ള സ്വാതന്ത്ര്യം കവർന്നെടുക്കുന്നതിനുള്ള ശ്രമമാണ് സഹകരണ നിയമ ഭേദഗതിയിലൂടെ നടത്തുന്നത്.
2021 ജൂലായ് 20 ന് 97-ാം ഭരണഘടനാ ഭേദഗതിയുമായി ബന്ധപ്പെട്ട ഭരണഘടനാ ബഞ്ചിൻ്റെ സുപ്രധാന വിധിയിൽ സഹകരണം സംസ്ഥാന വിഷയമാണെന്ന് അസനിഗ്ദ്ധമായി വ്യക്തമാക്കിയിട്ടുണ്ട്. ഭരണഘടനയുടെ ഏഴാം ഷെഡ്യൂൾ 32-ാം എൻട്രി പ്രകാരം സഹകരണ മേഖല സംസ്ഥാന വിഷയമാണെന്നും സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. കേന്ദ്ര സർക്കാരിനേറ്റ ഈ തിരിച്ചടി മറികടക്കാനാണ് മൾട്ടി സ്റ്റേറ്റ് നിയമ ഭേദഗതി കൊണ്ടുവരുന്നത്. മൾട്ടി സ്റ്റേറ്റ് സഹകരണ സംഘങ്ങളുടെ മേൽ സംസ്ഥാന സർക്കാരുകൾക്ക് നിയന്ത്രണമില്ല. നിക്ഷേപങ്ങൾക്ക് സുരക്ഷ നൽകാനോ, സാധാരണക്കാരന് വായ്പ നൽകാനോ ഉള്ള സഹകരണ സംഘങ്ങളുടെ പ്രാഥമിക ബാധ്യത പോലും നിയമപ്രകാരം മൾട്ടി സ്റ്റേറ്റ് സംഘങ്ങൾക്ക് ഇല്ലാത്ത സ്ഥിതിയുണ്ടാകും.
സംസ്ഥാന സഹകരണ രജിസ്ട്രാർക്ക് കീഴിൽ നിയമ പ്രകാരം പ്രവർത്തിക്കുന്ന സംഘങ്ങളെ ഇല്ലാതാക്കി മൾട്ടി സ്റ്റേറ്റ് സംഘങ്ങളാക്കി മാറ്റാൻ കഴിയുന്ന വ്യവസ്ഥകളും കേന്ദ്ര സർക്കാർ ഉൾപ്പെടുത്തിയിട്ടുണ്ട്. ഭരണ സമിതിയുടെ തീരുമാന പ്രകാരവും പൊതുയോഗത്തിലെ ഭൂരിപക്ഷം ഉപയോഗിച്ചും ഏത് സഹകരണ സംഘത്തെയും മൾട്ടി സ്റ്റേറ്റ് സംഘമാക്കി മാറ്റാം. ഇത് കൂടുതൽ സുഗമമാക്കുന്നതിന് വേണ്ടി മൾട്ടി സ്റ്റേറ്റ് സംഘമാകുന്നതിന് മുൻപ് സംസ്ഥാന രജിസ്ട്രേഷൻ റദ്ദാക്കിയിരിക്കണമെന്ന വ്യവസ്ഥ ഒഴിവാക്കി സ്വാഭാവികമായും റദ്ദാകുമെന്ന വ്യവസ്ഥ ഉൾപ്പെടുത്തി. ഇതോടെ സംസ്ഥാന നിയമ പ്രകാരം നിക്ഷേപകനും വായ്പക്കാരനും ഇടപാടുകാർക്കും ലഭിക്കുന്ന സംരക്ഷണവും ആനുകൂല്യങ്ങളും നഷ്ടമാകും. സഹകരണ സംഘത്തിൻ്റെ ആസ്തിയും മൂലധനവും ഉപയോഗിക്കുന്നതിനുള്ള നിയന്ത്രണങ്ങളും ഒഴിവാകും. കേന്ദ്ര സർക്കാരോ നിക്ഷേപം നടത്തുന്ന വൻകിട കോർപ്പറേറ്റുകളോ നിർദ്ദേശിക്കുന്ന തരത്തിൽ സംഘത്തിൻ്റെ ആസ്തിയും വരുമാനവും ഉപയോഗിക്കേണ്ടി വരും. ഇത് സാധാരണക്കാർക്കുള്ള സഹായങ്ങൾ നൽകുന്നതിന് തടസമാകും.
ഇതോടെ സഹകരണ സംഘങ്ങളുടെ പ്രാഥമിക ഉദ്ദേശം തന്നെ നഷ്ടപ്പെടുകയും സാധാരണക്കാർക്കും ചെറുകിട കർഷകർക്കും അപ്രാപ്യമാകുകയും ചെയ്യും. പ്രാദേശിക സാമ്പത്തിക സ്രോതസ് എന്ന നിലയിൽ ആർക്കും ഏത് സമയത്തും ആശ്രയിക്കാൻ കഴിയുന്ന സ്ഥാപനമെന്ന യാഥാർത്ഥ്യം ഇല്ലാതാകുകയും ചെയ്യും. സാമ്പത്തിക ലാഭം മാത്രം ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന നവ തലമുറ വാണിജ്യ ബാങ്കുകൾക്ക് സമാനമായി സഹകരണ സംഘങ്ങൾ മാറുകയും ചെയ്യും. സുപ്രീം കോടതിയെ ഈ വസ്തുതകൾ ബോദ്ധ്യപ്പെടുത്താനായത് കൊണ്ടാണ് സംസ്ഥാനങ്ങൾക്ക് അനുകൂലമായ നിലപാടുണ്ടായത്. ഫെഡറൽ തത്വങ്ങളിലേയ്ക്കുള്ള കടന്ന് കയറ്റമാണെന്ന് വ്യക്തമായതോടെയാണ് കേന്ദ്ര നീക്കങ്ങൾക്ക് സുപ്രീം കോടതി തടയിട്ടത്. ഇത് മറികടക്കാനാണ് പുതിയ വ്യവസ്ഥകൾ ഉൾപ്പെടുത്തിയ ഭേദഗതി.
1912 ൽ സമഗ്ര സഹകരണ നിയമം വന്നതോടെ പ്രാദേശികമായ പ്രത്യേകതകൾ ഉൾക്കൊണ്ട് സഹകരണ സംഘങ്ങൾ സ്ഥാപിക്കപ്പെട്ടു. പിന്നീട് പലപ്പോഴായി ഭേദഗതികൾ വന്നപ്പോഴും സഹകരണം സംസ്ഥാന വിഷയങ്ങളുടെ പട്ടികയിൽ തന്നെ നിലനിർത്തി. ഇത് അതത് പ്രദേശങ്ങളിലെ പ്രത്യേകതകളും സാമ്പത്തിക സാഹചര്യങ്ങളും ഉൾപ്പെടുത്തിയുള്ള നിയമ നിർമ്മാണങ്ങൾ നടത്താൻ സഹായകമായി. സംസ്ഥാനങ്ങളുടെ സാമ്പത്തിക മുന്നേറ്റങ്ങൾക്ക് സഹകരണ പ്രസ്ഥാനങ്ങൾ താങ്ങായി മാറി. കാർഷിക മേഖലയിലെ മുന്നേറ്റങ്ങൾക്കും സഹകരണ സംഘങ്ങൾ വലിയ പങ്കു വഹിച്ചു. കാലാനുസൃതമായ മാറ്റങ്ങൾ ഉൾക്കൊണ്ട് വൈവിദ്ധ്യവൽക്കരണത്തിനും സംഘങ്ങൾ തയ്യാറായി. മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾ സൃഷ്ടിച്ച് വലിയ മുന്നേറ്റം സൃഷ്ടിച്ചു. ഐ ടി, ആരോഗ്യം, വിദ്യാഭാസം, ഉൽപ്പാദനം തുടങ്ങി സഹകരണ പ്രസ്ഥാനം കടന്ന് ചെല്ലാത്ത മേഖലകൾ കുറവാണ്. സാധാരണക്കാർക്ക് ഗുണകരമായ പ്രവർത്തനം നടത്തുന്ന സഹകരണ മേഖലയുടെ പ്രവർത്തനങ്ങൾക്ക് നിയമ ഭേദഗതി തടസ്സമാകും. സംസ്ഥാനങ്ങളുടെ സ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്ന് കയറ്റമാണിത്. ലോകത്തിന് തന്നെ മാതൃകയാകുന്ന, റാങ്കിംഗിൽ വൻകിട സഹകരണ സംഘങ്ങളെ മറികടന്ന് ഒന്നാം സ്ഥാനത്തേയ്ക്ക് എത്തിയ സഹകരണ സംഘങ്ങളും സംസ്ഥാനത്തുണ്ട്. ഇത്തരം സംഘങ്ങൾക്ക് പോലും ഭീഷണിയാകുന്ന മൾട്ടി സ്റ്റേറ്റ് സഹകരണ നിയമ ഭേദഗതി ശക്തിയുക്തം എതിർക്കപ്പെടണ്ടേതാണെന്നും മന്ത്രി പറഞ്ഞു.