ദില്ലി: ദേശീയപാത നിർമാണത്തിൽ കേരളം മികച്ച പിന്തുണയാണ് നൽകുന്നതെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. രാജ്യസഭയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ദേശീയപാത 66 നിർമാണത്തിന് സ്ഥലം ഏറ്റെടുക്കാൻ വന്ന ചെലവിനത്തിൽ സംസ്ഥാന സർക്കാർ നൽകാമെന്ന് സമ്മതിച്ച 5748 കോടിയിൽ 5581 കോടി രൂപയും കേന്ദ്രത്തിന് കൈമാറി.
തിരുവനന്തപുരം–കൊട്ടാരക്കര–കോട്ടയം–അങ്കമാലി, പാലക്കാട്–കോഴിക്കോട്, കൊച്ചി–കൊല്ലം (തമിഴ്നാട് അതിർത്തി) എന്നീ മൂന്ന് ഗ്രീൻഫീൽഡ് നാലു വരി ദേശീയപാത പദ്ധതികൾക്കായി സ്ഥലം ഏറ്റെടുക്കാനുള്ള ചെലവിൻ്റെ 25 ശതമാനമായ 4440 കോടി രൂപയും നൽകാമെന്ന് സംസ്ഥാന സർക്കാർ സമ്മതിച്ചിട്ടുണ്ട്. ദേശീയപാത 866ൻ്റെ ഭാഗമായ തിരുവനന്തപുരം ഔട്ടർ റിങ് റോഡിൻ്റെ ഭൂമി ചെലവിൻ്റെ 50 ശതമാനം സംസ്ഥാനം വഹിക്കുമെന്നും ജോൺ ബ്രിട്ടാസിനെ മന്ത്രി അറിയിച്ചു. സംസ്ഥാന ജിഎസ്ടിയിൽനിന്നും റോയൽറ്റിയിൽനിന്നും ഇതിൻ്റെ നിർമാണപ്രവത്തനങ്ങളെ ഒഴിവാക്കാനും കേരളം തീരുമാനിച്ചിട്ടുണ്ട്.
എറണാകുളം ബൈപാസ്, കൊല്ലം– ചെങ്കോട്ട പാതകളുടെ ഭൂമി ചെലവിൻ്റെ 25 ശതമാനം വഹിക്കുന്നതിൽനിന്ന് സംസ്ഥാനത്തെ ഒഴിവാക്കണമെന്ന ആവശ്യത്തിൽ തീരുമാനമായിട്ടില്ലെന്നും മന്ത്രി പറഞ്ഞു. അഞ്ചു വർഷത്തിൽ 160 കിലോമീറ്റർ ദേശീയപാത നിർമാണമാണ് സംസ്ഥാനത്ത് പൂർത്തീകരിച്ചത്.