ചങ്ങനാശേരി: ചങ്ങനാശ്ശേരി നഗരസഭയിൽ എൽഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായി. അധ്യക്ഷ സന്ധ്യാ മനോജിനും യുഡിഎഫ് ഭരണസമിതിക്കുമെതിരെയാണ് എൽഡിഎഫ് അവിശ്വാസം കൊണ്ടുവന്നത്. 37 അംഗ കൗൺസിലിൽ 19 അംഗങ്ങൾ അവിശ്വാസ പ്രമേയത്തേ പിന്തുണച്ചു. യുഡിഎഫ് അംഗങ്ങൾ കൗൺസിലിൽ പങ്കെടുത്തില്ല. മൂന്ന് ബിജെപി അംഗങ്ങൾ വിട്ടുനിന്നു.
യുഡിഎഫ് നൽകിയ വിപ്പ് ലംഘിച്ച് കോൺഗ്രസ് മണ്ഡലം സെക്രട്ടറിയും 17 ആം വാർഡ് മെമ്പറുമായ രാജു ചാക്കോ, 33 ആം വാർഡ് മെമ്പറും കോൺഗ്രസ് വെസ്റ്റ് മണ്ഡലം സെക്രട്ടറിയുമായ ബാബു തോമസ് എന്നിവർ എൽഡിഎഎഫിൻ്റെ അവിശ്വാസ പ്രമേയത്തേ പിന്തുണച്ചതോടെ അവിശ്വസ പ്രമേയം പാസാവുകയായിരുന്നു.
37 അംഗ കൗൺസിലിലെ 17 അംഗങ്ങളാണ് എൽഎസ്പിഡി ജോയിന്റ് രജിസ്ട്രാർ ബിനു ജോണിന് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകിയിരുന്നത്. 37 അംഗ കൗൺസിലിൽ യുഡിഎഫിന് നാല് സ്വതന്ത്രർ ഉൾപ്പെടെ 18 പേരുടെ പിന്തുണയാണ് ഉണ്ടായിരുന്നത്. എൽഡിഎഫിന് 16 അംഗങ്ങളും ബിജെപിക്ക് മൂന്നംഗങ്ങളുമാണ് ഉണ്ടായിരുന്നത്. ഇതിൽ നിലവിൽ നഗരസഭ ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷയായിരുന്ന സ്വതന്ത്ര അംഗം ബീനാ ജോബി യുഡിഎഫിനുള്ള പിന്തുണ പിൻവലിച്ച് എൽഡിഎഫിൻ്റെ അവിശ്വാസ പ്രമേയ നോട്ടീസിൽ ഒപ്പിട്ടിരുന്നു.