കേരളത്തിൻ്റെ സാമ്പത്തിക അവകാശങ്ങൾ നിഷേധിച്ച് സാമ്പത്തികമായി തകർക്കാൻ ശ്രമിക്കുന്ന കേന്ദ്ര സർക്കാർ നയത്തിനെതിരെ സംസ്ഥാനം സുപ്രിം കോടതിയിലേക്ക്. വാർഷിക വായ്പ വെട്ടിക്കുറയ്ക്കുന്നതടക്കമുള്ള കേന്ദ്ര സർക്കാരിൻ്റെ സാമ്പത്തിക ഇടപെടലുകൾ ചൂണ്ടിക്കാട്ടി സുപ്രീംകോടതിയെ സമീപിക്കാനുള്ള നടപടികൾക്ക് മുഖ്യമന്ത്രി അംഗീകാരം നൽകി. കേരളത്തിനായി മുതിർന്ന അഭിഭാഷകനും ഭരണഘടനാ വിദഗ്ധനുമായ കപിൽ സിബലിനെ നിയോഗിക്കാനും ധാരണയായി. സിബലിന്റെ സമ്മതം ലഭിച്ചാൽ ഹർജി തയ്യാറാക്കൽ അടക്കമുള്ള മറ്റ് നടപടികളിലേക്ക് സർക്കാർ കടക്കും.
സംസ്ഥാനത്തിൻ്റെ ഭരണഘടനാപരമായ അവകാശങ്ങൾ സംരക്ഷിക്കുന്നതിനാണ് നിയമ നടപടി. കേന്ദ്ര–-സംസ്ഥാന ബന്ധങ്ങൾ കൈകാര്യം ചെയ്യുന്നവരിൽ മുൻനിരക്കാരനായ മുതിർന്ന അഭിഭാഷകൻ കെ കെ വേണുഗോപാലിൻ്റെ അടക്കം നിയമോപദേശം തേടിയശേഷമാണ് സർക്കാർ നിയമ നടപടികളിലേക്ക് നീങ്ങുന്നത്.
കേന്ദ്ര നയംമൂലം സംസ്ഥാനം നേരിടുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ സർക്കാർ നിരന്തരശ്രമം നടത്തുകയാണ്. പ്രധാനമന്ത്രിക്ക് നൽകിയ നിവേദനത്തിൻ്റെ മറുപടിയും നിഷേധാത്മകമായി. ഈ വർഷം ധന കമീഷൻ തീർപ്പിൽ കേരളത്തിന് ജിഎസ്ഡിപിയുടെ മൂന്നുശതമാനം വായ്പയെടുക്കാൻ അവകാശമുണ്ട്. ഇത് കമീഷൻ ശുപാർശകളിന്മേൽ പാർലമെന്റ് അംഗീകരിച്ച നടപടികളുടെ റിപ്പോർട്ടിലും വ്യക്തമാക്കിയതാണ്. എന്നിട്ടും വായ്പാവകാശം രണ്ടു ശതമാനത്തിനുള്ളിൽ ഒതുക്കുകയാണ് കേന്ദ്രം. ഇത്തരത്തിൽ വായ്പാ പരിധി വെട്ടിക്കുറയ്ക്കാൻ കേന്ദ്ര സർക്കാരിന് അവകാശമുണ്ടോ എന്നതാണ് സുപ്രീംകോടതിയിൽ ഉന്നയിക്കപ്പെടാവുന്ന പ്രധാന പ്രശ്നം. കിഫ്ബി എടുക്കുന്ന വായ്പ ബജറ്റിനു പുറത്തുള്ളതാണെന്ന് അംഗീകരിച്ചാൽപ്പോലും അത് സർക്കാരിൻ്റെ പൊതുകടത്തിൻ്റെ ഭാഗമാകുമോ എന്നതും പരിശോധിക്കപ്പെടാം. കേന്ദ്ര സർക്കാരിന്റെ ബജറ്റിനു പുറത്തുള്ള വായ്പകൾ, പൊതുകടത്തിലോ ധനകമ്മിയിലോ ഉൾപ്പെടുത്തുന്നില്ലെന്നതും സുപ്രീംകോടതിയിൽ കേരളം ഉന്നയിക്കും.
സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ച് തീവ്ര പ്രചാരണം നടത്തുന്ന പ്രതിപക്ഷവും മാധ്യമങ്ങളും കേന്ദ്ര സർക്കാരിൻ്റെ അവഗണന കണ്ടില്ലെന്ന് നടിക്കുകയാണ്. മറ്റു സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്താൽ കടം, പലിശ ബാധ്യത, ധനക്കമ്മി, ചെലവ് എന്നിവയെല്ലാം കേരളത്തിലാണ് കുറവ്. സംസ്ഥാനം നികുതി– -നികുതിയിതര മേഖലകളിൽ വരുമാനം വർധിപ്പിക്കുമ്പോഴും കേന്ദ്രവിഹിതത്തിലെ കുറവ് പല മേഖലയെയും ബാധിക്കുന്നു. ഈ വസ്തുത മറച്ച് സംസ്ഥാന സർക്കാരിനെ പ്രതിക്കൂട്ടിൽ നിർത്താനാണ് ശ്രമം.
സംസ്ഥാന വരുമാന അടിസ്ഥാനത്തിലും വൈദ്യുതി പരിഷ്കാരങ്ങളുടെ പേരിലും കടമെടുക്കാവുന്ന പരിധിയിലും കേന്ദ്രം കൈവച്ചു. കിഫ്ബിപോലുള്ള പൊതുമേഖലാ സ്ഥാപനങ്ങൾ എടുക്കുന്ന വായ്പ സംസ്ഥാനത്തിൻ്റെ വായ്പയായി കണക്കാക്കി. പൊതുകടം, ഗ്രാന്റുകൾ, ജിഎസ്ടി നഷ്ടപരിഹാരം തുടങ്ങി വിവിധ മേഖലകളിലായി കേന്ദ്രവിഹിതത്തിൽനിന്ന് ഈ വർഷം കുറയുന്നത് 28,500 കോടി രൂപയാണ്.