മണിപ്പുർ: പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമർശിച്ച് ബിജെപി എംഎൽഎ പൗലിയൻലാൽ ഹാക്കിപ്. മണിപ്പൂരിൽ കുകി വിഭാഗത്തിൽപ്പെട്ട സ്ത്രീകളെ നഗ്നരാക്കി അപമാനിച്ച സംഭവത്തിൻ്റെ ദൃശ്യങ്ങൾ പുറത്തെത്തിയതിന് പിന്നാലെയാണ് എംഎൽഎയുടെ വിമർശനം.
സ്ത്രീകളെ നഗ്നരാക്കി നടത്തിയ ദൃശ്യം പുറത്തുവന്നിരുന്നില്ലെങ്കിൽ പ്രധാനമന്ത്രി മൗനം തുടർന്നേനെയെന്ന് ബിജെപി എംഎൽഎ പൗലിയൻലാൽ ഹാക്കിപ് വിമർശിച്ചു. മണിപ്പൂരിൽ ജനങ്ങളുടെ ജീവന് സുരക്ഷിതത്വമില്ലെന്നും എംഎൽഎ ആഞ്ഞടിച്ചു. കലാപത്തിൽ കലാപകാരികളേക്കാൾ ഉത്തരവാദിത്വം കലാപം നിയന്ത്രിക്കേണ്ടവർക്ക് ഉണ്ട്. കൂടിക്കാഴ്ചയ്ക്കായി പ്രധാനമന്ത്രിയുടെ സമയം തേടിയിരുന്നെങ്കിലും മറുപടി ലഭിച്ചില്ല.
സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് എംഎൽഎയുടെ വിമർശനം. മണിപ്പൂരിലെ ചുരാചന്ദ്പൂർ ജില്ലയിലെ സൈക്കോട്ടിൽ നിന്നുള്ള ബി.ജെ.പി എം.എൽ.എയാണ് പൗലിയൻലാൽ ഹാക്കിപ്.