കള്ളം പറയുക, പ്രചരിപ്പിക്കുക സംഘപരിവാറിൻ്റെ ആത്മാവ് തന്നെ ഇതാണല്ലോ. കള്ളത്തിന്മേൽ കള്ളം പറഞ്ഞ് വലിയൊരു പ്രതിരോധ കോട്ട തീർക്കുക. ഇടയ്ക്ക് പൊളിഞ്ഞുവീണാലും വ്യാജ പ്രചരണം അവസാനിപ്പിക്കാമെന്നൊരു ചിന്ത ഒരു സംഘിയുടെ തലയിൽ ഉദിക്കുകയില്ല. നമ്മൾ പോലും ചിന്തിച്ചു പോകും സംഘപരിവാറുകാർ ഇത്രയ്ക്ക് മണ്ടന്മാരോ എന്ന്. പറഞ്ഞ് തിരുത്താൻ നടക്കില്ല, വിട്ടു കളയാമെന്ന് ഒരിക്കലെങ്കിലും നാം മനസിൽ കരുതും. പക്ഷേ ഇത് സംഘപരിവാറിൻ്റെ അജണ്ടയാണെന്ന് തിരിച്ചറിയേണ്ടിയിരിക്കുന്നു.
സംഘപരിവാറിൻ്റെ ഈ അജണ്ടയ്ക്ക് ഇന്ന് കുടപിടിക്കുന്നത് മാധ്യമങ്ങൾ കൂടിയാണ്. ഇതിനായി വലിയൊരു തുകയും സംഘപരിവാർ പൊടിക്കുകയും ചെയ്യുന്നുണ്ട്. എംഎൽഎമാരെ ചാക്കിട്ട് പിടിക്കാൻ ഇറങ്ങുന്ന അമിത് ഷാ ഒരു മിഥ്യ അല്ലല്ലോ, അതുപോലെയാണ് കള്ളം പറയാൻ മാധ്യമങ്ങളെയും മൊത്തമായി ബിജെപി വിലക്കെടുക്കുന്നത്.
മലയാളത്തിൻ്റെ പല മുഖ്യമാപ്രകളും ബിജെപിയെ വെളുപ്പിക്കൽ യജ്ഞത്തിലാണെന്ന് വാർത്തകളിൽ നിന്നും വ്യക്തമായ ഒന്നാണ്. ഇപ്പോൾ അക്കൂട്ടത്തിൽ എഎൻഐ വാർത്ത ഏജൻസി കൂടി അംഗത്വം സ്വീകരിച്ചിരിക്കുകയാണ്. സംഘികൾ പ്രചരിപ്പിക്കുന്ന പല കള്ളങ്ങളുടെയും അടിസ്ഥാനം എഎൻഐ വാർത്താ ഏജൻസിയാണ്. മലയാള മാധ്യമങ്ങൾ അടക്കം ഇന്ത്യയിലെ വലിയൊരു വിഭാഗം പത്ര/ദൃശ്യ/ ഓൺലൈൻ മാധ്യമങ്ങളും ആശ്രയിക്കുന്ന വാർത്ത ഏജൻസി കൂടിയാണെന്ന് നാം മറന്നു പോകരുത്.
എഎൻഐ ഒരു വാർത്ത പുറത്ത് വിട്ടാൽ മണിക്കൂറുകൾ അല്ല, നിമിഷ നേരംകൊണ്ടാണ് അത് രാജ്യത്തിൻ്റെ ഭൂരിഭാഗം ഇടങ്ങളിലേയ്ക്കും എത്തുന്നത്. അവർക്ക് തെറ്റ് സംഭവിച്ചാൽ പിന്നീട് ആ വാർത്ത തിരുത്തപ്പെട്ടാലും നേരത്തെ പ്രചരിപ്പിച്ച വാർത്ത കാട്ടുതീ പോലെ പടർന്നുകൊണ്ടേയിരിക്കും. പിന്നീടുള്ള വിശദീകരണം 10 പേർ കണ്ടാൽ മഹാഭാഗ്യം.
കഴിഞ്ഞ ദിവസം സമാനരീതിയിലാണ് ഒരു വാർത്ത എത്തിയത്, നിമിഷ നേരംകൊണ്ട് പ്രചരിപ്പിച്ചു, ഒടുവിൽ വാർത്തയിൽ തിരുത്തലുകൾ എത്തിയപ്പോഴേയ്ക്കും കള്ളം അതിൻ്റെ മൂർധന്യത്തിലും എത്തി. മണിപ്പൂരിലെ കുക്കി സ്ത്രീകളെ കൂട്ടബലാത്സംഗം ചെയ്ത പ്രതികളിൽ മുഖ്യൻ മുസ്ലിം യുവാവെന്ന തലത്തിലായിരുന്നു പ്രചരണം.
എന്നാൽ യഥാർത്ഥത്തിൽ, മെയ്തെയ് സമുദായത്തിൽപ്പെട്ട ഹുയ്റെം ഹെരോദാസ് മെയ്തി ആണ് പ്രധാന പ്രതി. ജൂലൈ 20 നുള്ള എഎൻഐ ട്വീറ്റിൽ പറഞ്ഞത് പ്രധാന പ്രതി അബ്ദുൾ ഹിൽമി ആണെന്നാണ്. ഇതോടെ സൈബറിടത്തിലെ സംഘിപ്പട ആ വാർത്ത ഏറ്റെടുത്തു. വിദ്വേഷ പ്രചരണത്തിന് തീ കൊളുത്തി. ന്യൂനപക്ഷങ്ങളെ വേട്ടയാടാൻ കിട്ടിയ സുവർണാവസരമായി സംഘികൾ എഎൻഐ വാർത്തയെ കണ്ടു.
Note on Story retraction and APOLOGY: Yesterday evening, inadvertently a tweet was posted by ANI regarding arrests undertaken by the Manipur Police. This was based on an erroneous reading of tweets posted by the Manipur police as it was confused with an earlier tweet regarding…
— ANI (@ANI) July 21, 2023
അബ്ദുൾ ഹിൽമിയെ പോലീസ് അറസ്റ്റ് ചെയ്തൂ എന്നത് വാസ്തവമാണ്. പീപ്പിൾസ് റെവല്യൂഷണറി പാർട്ടി ഓഫ് കങ്ലീപാകിൻ്റെ പ്രവർത്തകനായ ഹിൽമിയെ പടിഞ്ഞാറൻ ഇംഫാലിൽ നിന്നും മണിപ്പൂർ പോലീസ് അറസ്റ്റ് ചെയ്യുന്നത് മറ്റൊരു കേസിനാണ്. കുക്കി സ്ത്രീകളെ നഗ്നരാക്കി നടത്തിയതനോ, ബലാത്സംഗം ചെയ്തതിനോ അല്ലെന്ന് പിന്നീട് തെളിഞ്ഞു.
ശേഷം മാധ്യമങ്ങളുടെ പതിവ് രീതി, ക്ഷമാപണം. ചില ആശയക്കുഴപ്പങ്ങൾ ഉണ്ടായതു മൂലമാണ് തെറ്റായ വിവരം നൽകിയതെന്നും ആദ്യം കൊടുത്ത വാർത്ത പിൻവലിക്കുമെന്നും അറിയിച്ചു. എന്നാൽ ഇങ്ങനെയൊരു തെറ്റു തിരുത്തൽ വരുന്നത് ജൂലൈ 21 നും. വ്യാജപ്രചരണം ഏകദേശം 12 മണിക്കൂർ പിന്നിടുമ്പോൾ. സകല ഹിന്ദുത്വ പരിവാർ ഗ്രൂപ്പുകളും ‘മുസ്ലിമിനെ ഒന്നാം പ്രതിയാക്കിയുള്ള വ്യാജ വാർത്ത രാജ്യത്തിൻ്റെ നാനാദിക്കുകളിൽ എത്തിച്ചു.
ഇന്ത്യയിലെ ഏറ്റവും വലിയ വാർത്ത ഏജൻസിയായ എഎൻഐ കാവി നിറത്തിൽ എന്ന് മുങ്ങിയോ അന്ന് മുതലാണ് വാർത്തകൾ വളച്ചൊടിക്കുന്ന രീതിയ്ക്കും ആരംഭമായത്. സംഘികൾക്ക് കള്ളം ലഭിക്കുന്ന ഒരു ഉറവിടമായി എഎൻഐയും ചെറുതല്ലാത്ത രീതിയിൽ മാറി തുടങ്ങി.
സത്യം കണ്ടെത്തി പറയേണ്ട മാധ്യമങ്ങൾ, വസ്തുത നിരത്തി വ്യാജന്മാരെ പൊളിച്ചടുക്കേണ്ട മാധ്യമങ്ങൾ, കുറഞ്ഞ സമയം കണ്ട് വസ്തുനിഷ്ഠമായി റിപ്പോർട്ട് ചെയ്യേണ്ട മാധ്യമങ്ങൾ, വിമർശിക്കേണ്ടതിനെ വിമർശിക്കുകയും പിന്തുണയ്ക്കേണ്ടതിനെ പിന്തുണയ്ക്കുകയും ചെയ്യുന്ന മാധ്യമങ്ങൾ ഇതെല്ലാം രാജ്യത്ത് നിന്ന് അന്യംനിന്ന് പോവുകയാണ്. പെരുംനുണ പറയുന്നവരും പ്രചരിപ്പിക്കുന്നവരുമാണ് ഇന്ന് മാധ്യമങ്ങളുടെ പ്രമുഖർ.