വർഗീയ ഫാസിസത്തെ പ്രതിരോധിച്ച് ഇന്ത്യയെ സംരക്ഷിക്കാനുള്ള ജനകീയ മുന്നേറ്റത്തിന് “ഇന്ത്യ ” കരുത്ത് പകരം. ബിജെപിയുടെ ജനവിരുദ്ധ ഭരണം അവസാനിപ്പിക്കുന്നതിന് ഒരുമിച്ചു നിന്ന് പോരാടാൻ 26 പ്രതിപക്ഷ പാർടികളുടെ സംയുക്ത യോഗം തീരുമാനിച്ചു. നരേന്ദ്ര മോദി സർക്കാരിൻ്റെ ഏകാധിപത്യ ഭരണത്തിനെതിരായ പ്രതിപക്ഷ കൂട്ടായ്മ ഇന്ത്യൻ നാഷണൽ ഡെവലപ്മെന്റൽ ഇൻക്ലുസീവ് അലയൻസ്- ‘ഇന്ത്യ’ നിലവിൽ വന്നു. ബിജെപിയുടെ വർഗീയ നയങ്ങൾക്കും, ജനാധിപത്യ വിരുദ്ധ നടപടികൾക്കുമെതിരായ പോരാട്ടത്തിന് കരുത്തുറ്റ പോർമുഖം തുറന്ന് ബംഗളൂരുവിൽ ചേർന്ന 26 പ്രതിപക്ഷ പാർടികളുടെ യോഗമാണ് ഇന്ത്യ രൂപീകരണം പ്രഖ്യാപിച്ചത്.
ജനാധിപത്യവും മതനിരപേക്ഷതയും സംരക്ഷിക്കാനുള്ള പോരാട്ടത്തിൽ ഇനി ഏറ്റുമുട്ടുന്നത് ബിജെപിയും ‘ഇന്ത്യ’യും തമ്മിലായിരിക്കുമെന്ന് സംയുക്ത വാർത്താസമ്മേളനത്തിൽ നേതാക്കൾ അറിയിച്ചു. പതിനൊന്നംഗ കോ–- ഓർഡിനേഷൻ കമ്മിറ്റി രൂപീകരിക്കാനും യോഗം തീരുമാനിച്ചു. അടുത്തയോഗം മുംബൈയിൽ ചേരും. കോ–- ഓർഡിനേഷൻ കമ്മിറ്റിയംഗങ്ങളെയും കൺവീനറെയും മുംബൈ യോഗം തീരുമാനിക്കും. പ്രചാരണം ആസൂത്രണം ചെയ്യാൻ ഡൽഹി കേന്ദ്രീകരിച്ച് സെക്രട്ടറിയറ്റിനും രൂപം നൽകും. ഇതിൻ്റെ ഘടന അടുത്ത യോഗത്തിൽ തീരുമാനിക്കുമെന്ന് എഐസിസി പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ അറിയിച്ചു.
ജനാധിപത്യത്തെയും ഭരണഘടനയെയും തകർക്കാൻ ആസൂത്രിത നീക്കം മോദി സർക്കാർ നടത്തുമ്പോൾ രാജ്യത്തെ രക്ഷിക്കാനുള്ള ഉത്തരവാദിത്തമാണ് പ്രതിപക്ഷം ഏറ്റെടുക്കുന്നത്. പ്രാദേശികമായ അഭിപ്രായ ഭിന്നതകൾ മാറ്റിവച്ച് വിവിധ കക്ഷികൾ ഐക്യപ്പെടുന്നത് ഈ സാഹചര്യത്തിലാണ്. പട്നയിൽനിന്ന് ബംഗളൂരുവിൽ എത്തിയപ്പോൾ കക്ഷികളുടെ എണ്ണം 16ൽനിന്ന് 26 ആയി. ഈ വളർച്ചയിൽ ഭീതിയിലായ മോദി എൻഡിഎ യോഗം വിളിച്ചു. ഇതുവരെ മുന്നണി നേതാക്കളോട് മിണ്ടാൻപോലും കൂട്ടാക്കാത്ത മോദി ഇപ്പോൾ ഓടിനടന്ന് പാർടികളെ ക്ഷണിക്കുകയാണ്. ബിജെപിയുടെ ഭയം ഇതിൽ വ്യക്തമാണെന്നും ഖാർഗെ പറഞ്ഞു.
ദുരിതമനുഭവിക്കുന്ന കർഷകർക്കും ദളിതർക്കും ന്യൂനപക്ഷങ്ങൾക്കും മണിപ്പുർ ജനതയ്ക്കും വേണ്ടിയാണ് പ്രതിപക്ഷ കൂട്ടായ്മയെന്ന് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പറഞ്ഞു. ആകാശവും ഭൂമിയും ഉൾപ്പെടെ എല്ലാം വിറ്റുതുലയ്ക്കുകയാണെന്നും രാജ്യതാൽപ്പര്യത്തിനുവേണ്ടിയാണ് കൂട്ടായ്മയെന്നും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ പറഞ്ഞു. ഇന്ത്യ എന്ന ആശയവും മോദിയും തമ്മിലുള്ള ഏറ്റുമുട്ടലാണ് നടക്കുന്നതെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പറഞ്ഞു. സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, സിപിഐ ജനറൽ സെക്രട്ടറി ഡി രാജ, എൻസിപി നേതാവ് ശരത് പവാർ, മുഖ്യമന്ത്രിമാരായ ഹേമന്ദ് സോറൻ(ജാർഖണ്ഡ്), ഭഗവന്ത് മൻ(പഞ്ചാബ്), കെ സിദ്ധരാമയ്യ(കർണാടക), ഉദ്ദവ് താക്കറെ, വൈക്കോ, ജോസ് കെ മാണി, എൻ കെ പ്രേമചന്ദ്രൻ തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
ഭരണഘടന വിഭാവനം ചെയ്യുന്ന ഇന്ത്യ എന്ന ആശയം സംരക്ഷിക്കാൻ നിലകൊള്ളുമെന്ന പ്രഖ്യാപനമാണ് ബംഗളൂരുവിൽ നിന്നുയർന്നത്. ഇന്ത്യൻ ജനാധിപത്യം ചരിത്രത്തിലെ ഏറ്റവും തീവ്രമായ കടന്നാക്രമണം നേരിടുകയാണെന്ന് യോഗം പ്രമേയത്തിൽ പറഞ്ഞു. ഭരണഘടനയുടെ അടിസ്ഥാനശിലയായ മതനിരപേക്ഷ ജനാധിപത്യം, സാമ്പത്തിക പരമാധികാരം, സാമൂഹികനീതി, ഫെഡറൽ തത്വം എന്നിവയ്ക്കെല്ലാം ഭീഷണി ഉയരുന്നു. മണിപ്പുരിനെ തകർക്കുന്ന നിലയിലേക്ക് കലാപം മാറുമ്പോഴും പ്രധാനമന്ത്രി മൗനം തുടരുകയാണ്.
വിവിധ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുക്കപ്പെട്ട സർക്കാരുകളുടെ ഭരണഘടനാ അവകാശങ്ങൾക്കെതിരായ കടന്നുകയറ്റം ശക്തമായി. ബിജെപി ഭരണത്തിലില്ലാത്ത സംസ്ഥാനങ്ങളിലെ ഗവർണർമാരുടെ ഇടപെടൽ ഭരണഘടനാ തത്വങ്ങളുടെ സീമ ലംഘിക്കുന്നു. രാഷ്ട്രീയ വിരോധത്തിനായി വിവിധ ഏജൻസികളെ ദുരുപയോഗിക്കുന്നത് ജനാധിപത്യത്തെ തകർക്കും. സംസ്ഥാനങ്ങളുടെ ന്യായമായ ആവശ്യങ്ങൾപോലും നിഷേധിക്കുന്നു. കർഷകരുടെയും തൊഴിലാളികളുടെയും താൽപ്പര്യങ്ങൾക്ക് മുൻഗണന നൽകണം. ന്യൂനപക്ഷങ്ങൾ, സ്ത്രീകൾ, ദളിതർ, ആദിവാസികൾ, കശ്മീരി പണ്ഡിറ്റുകൾ എന്നിവർക്കെതിരായ കടന്നാക്രമണങ്ങൾക്കെതിരെ ശക്തമായ ചെറുത്തുനിൽപ്പ് വേണം.
ഈ സാഹചര്യത്തിൽ രാജ്യത്തിനു മുന്നിൽ രാഷ്ട്രീയ, സാമൂഹിക, സാമ്പത്തിക ബദൽ അവതരിപ്പിക്കുമെന്ന് സഖ്യം ഉറപ്പുനൽകുന്നു. ഭരണത്തിന്റെ സത്തയിലും ശൈലിയിലും കാതലായ മാറ്റം ഉണ്ടാകുമെന്നും പ്രമേയത്തിൽ പറഞ്ഞു. രാജ്യത്തെ പ്രതിപക്ഷ കക്ഷികളുടെ രണ്ടാം യോഗം മൂർത്തമായ തീരുമാനങ്ങളിൽ എത്തിയതോടെ മോദിസർക്കാരിൻ്റെ ജനദ്രോഹ ഭരണത്തിന് അന്ത്യംകുറിക്കാനുള്ള ശ്രമങ്ങൾക്ക് ഗതിവേഗമേറി. ബിജെപിക്കെതിരെ സംസ്ഥാനങ്ങൾതോറും അലയടിക്കുന്ന ജനവികാരം ഏകോപിപ്പിച്ച് മുന്നോട്ടുകൊണ്ടുപോകാൻ കഴിയുമെന്ന പ്രത്യാശയാണ് ബംഗളൂരു യോഗതീരുമാനങ്ങൾ നൽകുന്നത്. “ഇന്ത്യ’ എന്ന പേരിൽ 26 പ്രതിപക്ഷ കക്ഷികൾ ഒത്തുചേർന്ന് നീങ്ങാൻ തീരുമാനിച്ചത് ജനാധിപത്യ, മതനിരപേക്ഷ വിശ്വാസികൾക്ക് പ്രതീക്ഷയേകുന്നു.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ 37.36 ശതമാനം വോട്ട് മാത്രം ലഭിച്ച ബിജെപിക്ക് 303 സീറ്റിൽ വിജയിക്കാനായി. എൻഡിഎയ്ക്ക് മൊത്തത്തിൽ 41 ശതമാനം വോട്ടും 350ൽപ്പരം സീറ്റും ലഭിച്ചു. ജെഡിയു, ശിവസേന, ശിരോമണി അകാലിദൾ തുടങ്ങിയ പ്രമുഖ ഘടകകക്ഷികൾ എൻഡിഎ വിട്ടു. ജനങ്ങളെ വർഗീയമായും സാമുദായികമായും ഭിന്നിപ്പിച്ച് തെരഞ്ഞെടുപ്പുകളിൽ വിജയം കണ്ടിരുന്ന ബിജെപിയുടെ തന്ത്രം അടുത്തിടെയായി അത്ര ഫലിക്കുന്നില്ല. 2019നു ശേഷം ഗുജറാത്ത് ഒഴികെയുള്ള സംസ്ഥാനങ്ങളിൽ ബിജെപിക്ക് മികച്ച ജയം നേടാനായില്ല. കർണാടകം, ഹിമാചൽപ്രദേശ് എന്നിവിടങ്ങളിൽ ബിജെപി പരാജയപ്പെട്ടു. ബിഹാറിൽ ഭരണപങ്കാളിത്തം നഷ്ടമായി. ബംഗാൾ, ബിഹാർ, മഹാരാഷ്ട്ര, കർണാടകം, ഹിമാചൽപ്രദേശ്, മധ്യപ്രദേശ് അടക്കമുള്ള സംസ്ഥാനങ്ങളിൽനിന്നായി ബിജെപിക്ക് എഴുപതോളം സീറ്റുകൾ അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിൽ നഷ്ടമാകുമെന്ന് നേതൃത്വത്തിന് ആശങ്കയുണ്ട്. ദക്ഷിണേന്ത്യയിൽ മുന്നേറാനുള്ള സാഹചര്യമില്ല. തുടരുന്ന കർഷകപ്രക്ഷോഭങ്ങൾ അവരെ കാര്യമായി അലട്ടുന്നു. മണിപ്പുർ കലാപം ബിജെപിയുടെ മുഖം കൂടുതൽ വികൃതമാക്കി.
ബിജെപി വിരുദ്ധ വോട്ടുകൾ ഭിന്നിച്ചുപോകുന്നത് ഒഴിവായാൽ 2024ൽ ഭരണമാറ്റം സാധ്യമാക്കും. വിവിധ സംസ്ഥാനങ്ങളിലെ തനതായ രാഷ്ട്രീയ സാഹചര്യങ്ങളാണ് പ്രതിപക്ഷകക്ഷികളുടെ യോജിപ്പിന് തടസ്സമായിരുന്നത്. ഇത്തരം ഭിന്നതകൾക്ക് അപ്പുറത്തായി രാജ്യത്തെ ജനാധിപത്യം സംരക്ഷിക്കാൻ വിട്ടുവീഴ്ചകൾക്ക് തയ്യാറായി പാർടികൾ മുന്നോട്ടുവന്നത് ബിജെപിയെ ഞെട്ടിച്ചിട്ടുണ്ട്. രണ്ടാം മോദിസർക്കാർ വന്നശേഷം ആദ്യമായി എൻഡിഎ യോഗം വിളിച്ചതും ‘38’ പാർടി പങ്കെടുത്തതായി അവകാശപ്പെട്ടതും ഇതിൻ്റെ പ്രതിഫലനമാണ്. കേന്ദ്ര ഏജൻസികളെ ഉപയോഗിച്ചുള്ള രാഷ്ട്രീയ ആക്രമണങ്ങളും സംഘപരിവാർ രൂക്ഷമാക്കും.