രാജ്യത്തിൻ്റെ മതനിരപേക്ഷ ജനാധിപത്യ ഘടന സംരക്ഷിക്കാനുള്ള ഐക്യപ്പെടലാണ് പ്രതിപക്ഷ കക്ഷികളുടെ ഒത്തുചേരലെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. പ്രതിപക്ഷ ഐക്യത്തിൻ്റെ പ്രധാനമന്ത്രി സ്ഥാനാർഥി ആരെന്ന ബിജെപിയുടെ ചോദ്യത്തിന് പ്രസക്തിയില്ല. പുതിയ മുഖം ഉയർന്നുവരും. അത് ജനാധിപത്യത്തിൻ്റെ സൗന്ദര്യമാണ്. രാജ്യത്തെ പ്രതിപക്ഷ കക്ഷി നേതാക്കളുടെ സംയുക്ത യോഗത്തിനായി ബംഗളൂരുവിലെത്തിയ യെച്ചൂരി മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു.
ബിജെപിയെ ഭരണത്തിൽനിന്ന് അകറ്റേണ്ടത് രാജ്യസ്നേഹികളായ ഓരോരുത്തരുടെയും ഉത്തരവാദിത്വമാണ്. പ്രാദേശിക വിയോജിപ്പിനപ്പുറം രാഷ്ട്രീയ കക്ഷികൾ തമ്മിലുള്ള വിശാല ഐക്യപ്പെടൽ ഇക്കാര്യത്തിൽ അനിവാര്യമാണ്. കേരളത്തിൽ എൽഡിഎഫ്, യുഡിഎഫ് എന്ന രണ്ടു മുന്നണിയായി സിപിഎമ്മും കോൺഗ്രസും നേർക്കുനേരാണ് മത്സരം. അവിടെ ഇരുമുന്നണിയും തമ്മിൽ അഭിപ്രായഭിന്നതയുണ്ട്. കേരളത്തിൽ ബിജെപിക്ക് നിയമസഭയിൽ ഒരംഗംപോലുമില്ല എന്നത് ശ്രദ്ധേയമാണ്. ഇത് രാജ്യതാൽപ്പര്യത്തിന് ഗുണമാണ്.
ബംഗാളിൽ ഇടതുപക്ഷവും കോൺഗ്രസും മറ്റ് മതനിരപേക്ഷ കക്ഷികളും ഒന്നിച്ചാണ് തൃണമൂലിനെയും ബിജെപിയെയും നേരിടുന്നത്. തമിഴ്നാട്ടിലും ബിഹാറിലും മഹാരാഷ്ട്രയിലുമെല്ലാം ഇത്തരം സാഹചര്യമുണ്ട്. എന്നാൽ, രാജ്യത്തിനാകെ വിപത്തായ ബിജെപിയെ നേരിടാൻ ഐക്യം രൂപപ്പെടണം.
2004ൽ ഇടതുപക്ഷത്തിന് ലഭിച്ചത് 61 സീറ്റാണ്. ഇതിൽ 57 എണ്ണവും നേടിയത് കോൺഗ്രസിനെ തോൽപ്പിച്ച്. എന്നിട്ടും, രാജ്യതാൽപ്പര്യം മുൻനിർത്തി കോൺഗ്രസ് സർക്കാരിനെ ഇടതുപക്ഷം പിന്തുണച്ചു. അന്ന്, ഇടതുപക്ഷം പിന്തുണ നൽകിയിരുന്നില്ലെങ്കിൽ മൻമോഹൻസിങ് സർക്കാർ അധികാരത്തിൽ വരില്ലായിരുന്നു.
പ്രതിപക്ഷ പാർടികളിലെ ഭിന്നിപ്പ് ബിജെപിക്കാണ് ഗുണമാകുന്നത്. ബിജെപിക്ക് 37 ശതമാനത്തിൽ കൂടുതൽ വോട്ട് ലഭിച്ചിട്ടില്ല. 63 ശതമാനം വോട്ട് ബിജെപിക്ക് എതിരാണ്. ആ വോട്ട് ഭിന്നിപ്പ് ആവർത്തിക്കരുത്. പട്നയിലെ ഒന്നാം യോഗത്തിൽനിന്ന് ബംഗളൂരുവിലെത്തുമ്പോൾ പ്രതിപക്ഷ കക്ഷികളുടെ എണ്ണം വർധിച്ചത് പ്രതീക്ഷ പകരുന്നു. ജെഡിഎസ് പ്രതിപക്ഷ ഐക്യത്തോടൊപ്പം ചേരുമോ എന്ന് തീരുമാനിക്കേണ്ടത് അവരാണ്.
പ്രതിപക്ഷ ഐക്യം വിപുലപ്പെട്ടതോടെ എൻഡിഎ ഭീതിയിലാണ്. എൻഡിഎയോടൊപ്പം വലിയ കക്ഷികൾ ആരുമില്ല. ഉണ്ടായിരുന്ന അകാലിദളും ശിവസേനയും അവരെ കൈവിട്ടെന്നും യെച്ചൂരി ചൂണ്ടിക്കാട്ടി.