കൊച്ചി: കേന്ദ്ര സർക്കാർ സ്ഥാപനമായ ബിഎസ്എൻഎല്ലിൻ്റെ പേരിൽ വ്യാജരേഖ ചമച്ചതിന് ഓൺലൈൻ ചാനലായ മറുനാടൻ മലയാളി എഡിറ്റർ ഷാജൻ സ്കറിയക്കെതിരെ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഡൽഹി സ്വദേശി നൽകിയ പരാതിയിൽ തൃക്കാക്കര പോലീസാണ് ഷാജനെതിരെ കേസെടുത്തിരിക്കുന്നത്.
ബിഎസ്എൻഎല്ലിൻ്റെ പേരിൽ വ്യാജരേഖ ചമച്ച് മറ്റൊരു കേന്ദ്ര സർക്കാർ സ്ഥാപനമായ രജിസ്ട്രാർ ഓഫ് കമ്പനീസിനെ വഞ്ചിച്ചെന്നാണ് കേസ്. ഷാജൻ സ്കറിയ, കാക്കനാട് എൻജിഒ ക്വാർട്ടേഴ്സ് ഭാഗത്തുള്ള കേരള രജിസ്ട്രാർ ഓഫ് കമ്പനീസിൽ വ്യാജരേഖ നൽകി ടൈഡിങ് ഡിജിറ്റൽ പബ്ലിക്കേഷൻസ് എന്ന സ്ഥാപനം രജിസ്റ്റർ ചെയ്ത് ഇൻകോർപറേഷൻ സർട്ടിഫിക്കറ്റ് വാങ്ങിയതായി പരാതിയിൽ പറയുന്നു. ഇതിനായി 2018 ജൂലൈ ആറിലെ ബിഎസ്എൻഎല്ലിന്റെ ടെലിഫോൺ ബിൽ ഇയാൾ വ്യാജമായി ചമച്ചുനൽകുകയായിരുന്നു.
സിഎം പോർട്ടൽവഴി നൽകിയ പരാതിയാണ് തൃക്കാക്കര പോലീസിന് കൈമാറിയത്. കേസിൽ പോലീസ് പുതിയ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച ഷാജൻ സ്കറിയ നീണ്ട നാളുകളായി ഒളിവിലാണ്.