സമസ്ത കേരള ജം ഇയ്യത്തുൽ ഉലമ (ഇകെ വിഭാഗം) ആരുടെയും ബി ടീമല്ലെന്ന് പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ വ്യക്തമാക്കി.. സമസ്ത സ്വതന്ത്രമായ നിലപാടും കാഴ്ചപ്പാടും വ്യക്തിത്വവുമുള്ള സംഘടനയാണ്. ഏതെങ്കിലും പാർടിയുടെ ബി ടീമല്ല- ദി ന്യൂ ഇന്ത്യൻ എക്സ്പ്രസുമായുള്ള അഭിമുഖത്തിലാണ് സമസ്ത പ്രസിഡന്റ് നിലപാട് വ്യക്തമാക്കിയത്. വീടിന് തീ പിടിക്കുമ്പോൾ അണയ്ക്കാൻ വരുന്നവർ കമ്യൂണിസ്റ്റുകാരാണോ അല്ലയോ എന്ന് ആരെങ്കിലും ചോദിക്കാറുണ്ടോ? കമ്യൂണിസ്റ്റുകാർക്ക് അവരുടേതായ പ്രത്യയശാസ്ത്രമുണ്ട്. കോൺഗ്രസിന് അവരുടെ നയവും. ബഹുസ്വര സമൂഹത്തിൽ മതവിശ്വാസികളും അല്ലാത്തവരുമുണ്ടാകും. പൊതുവിഷയങ്ങളിൽ കൈ കോർക്കാൻ മതവും വിശ്വാസവും തടസ്സമാകരുത്.
പള്ളികൾ രാഷ്ട്രീയ പ്രചാരണ വേദിയാക്കരുത് എന്നതാണ് സമസ്തയുടെ നിലപാട്. ഏക സിവിൽ കോഡ്പോലുള്ള വിഷയങ്ങളിൽ പൊതു ഐക്യം വേണം. ഏക സിവിൽ കോഡിനെതിരായ കമ്യൂണിസ്റ്റ് നിലപാടിനോട് യോജിപ്പാണ്. കമ്യൂണിസ്റ്റുകാരെ വിശ്വസിക്കാനാകില്ലെന്ന സമസ്ത മുശാവറ അംഗം ബഹാവുദ്ദീൻ നദ്വിയുടെ അഭിപ്രായം സമസ്തയുടേതല്ല. അത് വ്യക്തിപരമാണ്. കോൺഗ്രസിൻ്റെ ഒക്കച്ചങ്ങായിയായതിനാലാകാം ലീഗ് കോഴിക്കോട്ടെ ഏക സിവിൽ കോഡിനെതിരായ സെമിനാറിൽ പങ്കെടുക്കാതിരുന്നത്.
ഏകസിവിൽ കോഡ്, പൗരത്വ നിയമഭേദഗതി പ്രശ്നങ്ങളിൽ എൽഡിഎഫ് സർക്കാരിന് ഉറച്ച നിലപാടാണുള്ളത്. ഇതിനോട് സമസ്തയ്ക്ക് യോജിപ്പാണ്. സമസ്തയോട് എന്നും നല്ല ഇടപെടലും സമീപനവുമാണ് ഈ സർക്കാർ പുലർത്തിയിട്ടുള്ളത്. പറഞ്ഞ വാക്ക് പാലിക്കുന്ന മുഖ്യമന്ത്രിയാണ് പിണറായി വിജയൻ. വഖഫ്, പൗരത്വ ഭേദഗതി വിഷയങ്ങളിൽ സമസ്തയ്ക്ക് ഇക്കാര്യം ബോധ്യപ്പെട്ടിട്ടുണ്ടെന്നും ജിഫ്രി തങ്ങൾ വ്യക്തമാക്കി.