ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനെതിരെ പരാതിയുമായി ശോഭ സുരേന്ദ്രൻ. തുടർച്ചയായി തന്നെ അവഗണിക്കുന്നു. ജാവേദ്കർ വിളിച്ച യോഗത്തിൽ തന്നെ പങ്കെടുപ്പിച്ചില്ല. സോഷ്യൽ മീഡിയയിലൂടെ നിരന്തരം അധിക്ഷേപിക്കുന്നതായും ശോഭ നൽകിയ പരാതിയിൽ പറയുന്നു. ആർഎസ്എസ് ദേശീയ നേതൃത്വത്തിനാണ് പരാതി നൽകിയത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കേരളത്തിലെ ബിജെപിക്കുള്ളിൽ ചേരി പോര് രൂക്ഷമാണ്.
അതേസമയം ശോഭ തുടർച്ചയായി അച്ചടക്കം ലംഘിക്കുന്നുവെന്ന് കാട്ടി 6 ജില്ലാ കമ്മിറ്റികൾ ശോഭക്കെതിരെ പരാതി നൽകി. ജനങ്ങൾ ആഗ്രഹിക്കുന്നെങ്കിൽ താൻ മത്സരിക്കുമെന്ന ശോഭാ സുരേന്ദ്രൻ്റെ പ്രസ്താവനക്ക് പിന്നാലെയാണ് പാർട്ടിക്കുള്ളിലെ പ്രശ്നങ്ങൾ രൂക്ഷമായതെന്ന് സുരേന്ദ്രൻ അനുകൂലികൾ പറയുന്നു.
ശോഭ തുടർച്ചയായി അച്ചടക്കം ലംഘിക്കുന്നുവെന്നും ശോഭ സ്വയം സ്ഥാനാർത്ഥി ചമയുകയാണെന്നും പാർട്ടിയിൽ പരാതി ഉയർന്നു. ദേശീയ നേതാവ് പ്രകാശ് ജാവേദ്ക്കറെ പോലും വെല്ലുവിളിക്കുന്നതായും പരാതിയിൽ പറയുന്നു.