ഏക സിവിൽ കോഡ് വിഷയത്തിൽ ഏകാഭിപ്രായമുണ്ടാക്കാൻ കോൺഗ്രസ് സമിതിയെ നിയോഗിച്ചു. പി ചിദംബരത്തിൻ്റെ നേതൃത്വത്തിലാണ് ഏക സിവിൽ കോഡ് സംബന്ധിച്ച നിലപാട് രൂപീകരിക്കാനും പാർടി അധ്യക്ഷനെ ഉപദേശിക്കാനുമായി സമിതി ഉണ്ടാക്കിയത്. നിയമവിദഗ്ധരെയും സമിതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കമ്മിറ്റിയുടെ റിപ്പോർട്ട് വന്ന ശേഷമേ എഐസിസി പൊതുനിലപാട് വ്യക്തമാകൂ. മതവിഭാഗങ്ങളിൽ ഏക സിവിൽ കോഡ് എങ്ങനെ സ്വാധീനം ചെലുത്തുമെന്നും ഗ്രോത്രവിഭാഗങ്ങളെ എത്തരത്തിൽ ബാധിക്കുമെന്നും ചിദംബരം കമ്മിറ്റി പഠിക്കും.
കരട് നിയമം കാണാതെ അഭിപ്രായം പറയാനില്ലെന്ന പാർടി നിലപാടും രൂക്ഷമായ വിമർശനത്തിന് വഴിയൊരുക്കി. ലോക്സഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ബിജെപി ഉയർത്തിയ വിഷയത്തിൽ കോൺഗ്രസ് നിലപാട് പറയാത്തത് മുതിർന്ന നേതാക്കളിലും അമർഷമുണ്ടാക്കി. തുടർന്നാണ് ആഭ്യന്തര സമിതിയെ നിയോഗിച്ചത്.
നേരത്തെ ഹിമാചലിൽ മന്ത്രി വിക്രമാദിത്യ സിങ് ഏക സിവിൽ കോഡിന് പൂർണ പിന്തുണ പ്രഖ്യാപിച്ചത് വലിയ വിമർശനങ്ങൾക്ക് വഴിവച്ചിരുന്നു.